സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'വിഭ'യുടെ സയന്‍സ് പോര്‍ട്ടല്‍

0


2000 സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൃഹത്തായ പ്രായോഗിക ശാസ്ത്ര ക്ലാസ് നടത്തി ഈയിടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന്‍ ഭാരതി (വിഭ) സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നവീനാശയങ്ങള്‍ക്ക് വെളിച്ചമേകാന്‍ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ തുടങ്ങുന്നു.

കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെയും മാനവ ശേഷി മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പോര്‍ട്ടല്‍ തുടങ്ങുന്നതെന്നും ഉടന്‍തന്നെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും വിജ്ഞാന്‍ ഭാരതി ജനറല്‍ സെക്രട്ടറിയും മലയാളിയുമായ എ ജയകുമാര്‍ അറിയിച്ചു. ഈയിടെ സമാപിച്ച ഇന്ത്യ ഇന്റര്‍ നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി 2000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ ഏഴിന് ഡല്‍ഹി ഐഐടിയില്‍ നടത്തിയ ശാസ്ത്രപരീക്ഷണമാണ് വിജ്ഞാന്‍ ഭാരതിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുത്തത്.

രാജ്യത്തെങ്ങുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങളിലെ പുത്തന്‍ ആശയങ്ങള്‍ പോര്‍ട്ടലില്‍ അവതരിപ്പിക്കാം. പ്രോജക്ടുകള്‍ അതത് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരാണ് തിരഞ്ഞെടുക്കേണ്ടത്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രാലയവും വിഭയും സാങ്കേതിക വിവര, പ്രവചന, നിര്‍ണയ കൗണ്‍സിലും (ടിഫാക്) ചേര്‍ന്ന് നടത്തിയ ശാസ്ത്ര ക്ലാസില്‍ പങ്കെടുത്ത രണ്ടായിരം വിദ്യാര്‍ത്ഥികളെയും പോര്‍ട്ടലിലെ ആദ്യ അംഗങ്ങളാക്കുമെന്ന് ജയകുമാര്‍ അറിയിച്ചു. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പ്രവേശനം നല്‍കാനാവും.

കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സ്പയര്‍, ഐറിസ് തുടങ്ങിയ ശാസ്ത്ര പരിപാടികളിലൂടെ എത്തിയ വിദ്യാര്‍ത്ഥികള്‍ ഐഐഎസ്എഫില്‍ പങ്കെടുത്തിരുന്നു. ഇനി ഇത്തരം നവീന പരീക്ഷണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് പോര്‍ട്ടലിലെത്താനാവുമെന്നും ഇവ ചര്‍ച്ചയ്ക്ക് വിധേയമാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഗിന്നസ് ആദരം ശാസ്ത്രത്തോടുള്ള അഭിനിവേശം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുപതിനായിരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഏഴു മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇതിലും വലിയ ശാസ്ത്ര പരീക്ഷണപരിപാടി സംഘടിപ്പിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നടന്നതുപോലെയുള്ള പരിപാടി എല്ലാ സംസ്ഥാനങ്ങളിലും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

40 സ്‌കൂളുകളിലെ ഒമ്പതു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഓരോ സ്‌കൂളില്‍നിന്ന് 50 വീതം എന്ന കണക്കില്‍ തിരഞ്ഞെടുത്താണ് 65 മിനിറ്റ് നീണ്ട പരീക്ഷണം ഡല്‍ഹിയില്‍ നടത്തിയത്. കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം സീനിയര്‍ അധ്യാപകനായ പ്രൊഫ.കെ ഗിരീഷ് കുമാറാണ് ഈ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതും ഇത് പ്രാവര്‍ത്തികമാക്കിയതും.

അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റ് നഗരത്തിലെ ഒഡിസി വേദിയില്‍ ഈ വര്‍ഷം ഫെബ്രുവരി 24ന് നടത്തിയ പരീക്ഷണ ക്ലാസാണ് ഇതിനുമുമ്പത്തെ റെക്കോഡ്.