എന്റോള്‍മെന്റ് ത്വരിതഗതിയില്‍; GST രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് അവസാനിക്കും.

എന്റോള്‍മെന്റ് ത്വരിതഗതിയില്‍; GST രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് അവസാനിക്കും.

Thursday March 30, 2017,

1 min Read

സംസ്ഥാനത്തെ വ്യാപാരികളുടെ GST രജിസ്‌ട്രേഷന്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം മാര്‍ച്ച് 31 വരെ മാത്രമേ വ്യാപാരികള്‍ക്ക് GST ശൃംഖലയിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വ്യാപാരികള്‍ക്ക് വാണിജ്യനികുതി വകുപ്പ് പ്രത്യേക അഭിനന്ദനം അറിയിച്ചു.

image


ഇതോടൊപ്പം തന്നെ, ഇനിയും എന്‍ട്രോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ എത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചു. വ്യാപാരികള്‍, അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങള്‍ GST ശൃംഖലയില്‍ അപ്ലോഡ് ചെയ്ത് എന്‍ട്രോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം, GST നടപ്പിലാക്കുന്ന ദിവസങ്ങളില്‍ തന്നെ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് ഒരു പക്ഷേ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. അവസാന നിമിഷം വരെ കാത്തിരിക്കാതെ മാര്‍ച്ച് 31 നകം തന്നെ സംസ്ഥാനത്തെ എല്ലാ വ്യാപാരികളും GST എന്‍ട്രോള്‍മെന്റ് പൂര്‍ത്തിയാക്കണമെന്നും വാണിജ്യനികുതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് GST സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും GST സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്.

ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റില്‍ (www.keralataxes.gov.in) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കെവാറ്റിസി (KVATIS) ലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ കെവാറ്റിസില്‍ GST എന്റോള്‍മെന്റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കുന്നു. തുടര്‍ന്ന് www.gst.gov.in എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. GST പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ഐഡിയും പാസ്‌വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ്‌ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരെഞ്ഞെടുത്ത് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണ്. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്‌കാന്‍ ചെയ്ത് GST ഓണ്‍ലെന്‍ സംവിധാനത്തില്‍ നല്‍കേണ്ടത് അനിവാര്യമാണ്.

വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാവിധ സംശയനിവാരണവും ഹെല്‍പ്പ് ഡെസ്‌ക് മുഖേന നിര്‍വഹിക്കാവുന്നതാണ്.