കാട്ടുതീ നിയന്ത്രണം കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

കാട്ടുതീ നിയന്ത്രണം കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

Wednesday March 01, 2017,

1 min Read

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വേനല്‍ കഠിനമാകുന്തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനം മന്ത്രിയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

image


ഏകദേശം 1717 ഹെക്ടര്‍ വനഭൂമിയാണ് ഇതുവരെ കത്തി നശിച്ചതെന്നും കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാട്ടുതീ തടയുന്നതിനു വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും എന്‍.ജി.ഒ. കളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും നടത്തണം. മെയ് അവസാനം വരെ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കണം. വനപ്രദേശത്തും വിനോദ സഞ്ചാര മേഖലകളിലും പുകവലി കര്‍ശനമായി നിരോധിക്കണം. കാട്ടുതീ തടയുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനം വകുപ്പ് മന്ത്രി കെ.രാജു, ഫോറസ്റ്റ് ഫോഴ്‌സ് തലവന്‍ ഡോ. എസ്.സി. ജോഷി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരായ പി.കെ. കേശവന്‍, കെ.ജെ. വറുഗീസ്, അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

    Share on
    close