പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപത്മാകാനൊരുങ്ങി തലസ്ഥാന നഗരം

0

ജൈവപച്ചക്കറി ഉല്പാദനത്തില്‍ നഗരത്തെ സ്വയംപര്യാപ്തമാക്കുന്നതിന് ബൃഹത് പദ്ധതിയുമായെത്തുകയാണ് തിരുവനന്തപുരം നഗരസഭ. പരീക്ഷണാടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ കൃഷി ആരംഭിച്ചു. അംബാനഗറിലാണ് കൂടുതല്‍ ഗ്രോ ബാഗുകള്‍ സ്ഥാപിച്ചത്. ഇതിന്റെ വിളവെടുപ്പും ആരംഭിച്ചു. ഗ്രോബാഗ് കൃഷിയും തരിശ്‌നില കൃഷിയുമാണ് പ്രോത്സാഹിപ്പിക്കുക. നഗരത്തില്‍ പതിനായിരം യൂനിറ്റ് ഗ്രോബാഗുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 11 കൃഷി ഭവനുകളിലൂടെയാണ് പദ്ധതി ഗുണഭോക്താക്കളിലെത്തുക. മണ്ണ്, വളം, ബാഗ് എന്നിവയുടെ ഗുണനിലവാരം നിരീക്ഷിക്കാനും പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ മുതല്‍ മുടക്കില്‍ പതിനൊന്ന് കൃഷിഭവനുകളിലൂടെ പദ്ധതിയുടെ പ്രയോജനം ഗുണഭോക്താക്കളിലേക്കെത്തും. മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. നടപ്പിലാകാത്ത വിവിധ പദ്ധതികളുടെ തുകയാണ് ജൈവപച്ചക്കറി കൃഷിക്കായി മുടക്കുന്നത്.

നഗരത്തിന് ആവശ്യമായ പച്ചക്കറിയുടെ ഇരുപത് ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പദ്ധതിയുമായി ജനങ്ങള്‍ സഹകരിച്ചാല്‍ അമ്പത് ശതമാനം പച്ചക്കറി ഉത്പാദിപ്പിക്കാനാകുമെന്ന് വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വഞ്ചിയൂര്‍ വാര്‍ഡില്‍ ഇതുവരെ 250 വീടുകളില്‍ ഗ്രോബാഗ് എത്തിച്ചു നല്‍കി. ചിലയിടങ്ങളില്‍ വിളവെടുപ്പും നടന്നു. ഒരു വീട്ടില്‍ 25 ഗ്രോബാഗുകളാണ് നല്‍കുന്നത്. 1800 രൂപയാണ് വിലയെങ്കിലും 500 രൂപ മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതി. ബാക്കി തുക സബ്‌സിഡിയാണ്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കുടപ്പനക്കുന്ന് കൃഷി ഓഫീസുകളിലെ കര്‍മസേനയുടെ നേതൃത്വത്തിലാണ് ഗ്രോബാഗുകളില്‍ മണ്ണും വളവും നിറച്ച് കൃഷിക്ക് അനുയോജ്യമായി തയ്യാറാക്കുന്നത്. നഗരത്തിലെ വീടുകളില്‍ പതിനായിരം യൂനിറ്റ് ഗ്രോബാഗുകളാണ് പദ്ധതി പ്രകാരം സ്ഥാപിക്കുന്നത്. ഒരു വീട്ടില്‍ 25 ഗ്രോ ബാഗുകളടങ്ങിയ ഒരു യൂനിറ്റാണ് സ്ഥാപിക്കുന്നത്. 75 ശതമാനം സബ്‌സിഡി ലഭിക്കും. 500 രൂപക്ക് മണ്ണും വളവും നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറി വിത്ത്, തൈ എന്നിവയും ലഭിക്കും. വാഹനത്തില്‍ കൃഷിഭവനുകളില്‍ നിന്നും വീടുകളിലേക്ക് സൗജന്യമായി ഗ്രോ ബാഗുകളെത്തിക്കും.കൃഷിയുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റി കൃഷികള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

ഒരു സെന്റ് മുതല്‍ ഒമ്പത് സെന്റ് വരെയുള്ളവര്‍ക്കും പത്ത് സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ വസ്തു ഉള്ളവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം. ഒരു സെന്റില്‍ നടത്തുന്ന കൃഷിക്ക് വിത്ത് സൗജന്യമായാണ് ലഭിക്കുന്നത്. വളം 70 ശതമാനം സബ്‌സിഡിയിലും ജൈവകീടനാശിനി അമ്പത് ശതമാനം സബ്‌സിഡിയിലും ലഭിക്കും. കൂടാതെ കൂലി ചെലവായി 40 രൂപയും അതാത് കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. ഇതിനായി 63 രൂപയാണ് ഒരു വ്യക്തിക്ക് ചെലവാകുന്നത്. ഒരാള്‍ക്ക് പരമാവധി ഒമ്പത് സെന്റില്‍ കൃഷി ചെയ്യാം. കൂടാതെ പത്ത് സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ള കൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനും സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്ത് യൂനിറ് അഥവാ ഒരു ഏക്കര്‍ വരെ ഈ പദ്ധതി പ്രകാരം കൃഷി ചെയ്യാം. കര്‍ഷകരുടെ ഗ്രൂപ്പുകള്‍, വനിതാപുരുഷ സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ, ജനശ്രീ എന്നിവയിലൂടെ സംഘങ്ങളായും തരിശ്‌നില കൃഷി നടത്താം.