കുട്ടികളുടെ മനസറിഞ്ഞ് 'ടോയ് ബാങ്ക്'

1

കുട്ടിക്കാലത്ത് തനിക്കാവശ്യമില്ലാത്ത കളിപ്പാട്ടങ്ങളെല്ലാം മാതാപിതാക്കള്‍ എന്താണ് ചെയ്തത് എന്നതായിരുന്നു വിദ്യുന്‍ ഗോയലിന്റെ സംശയം. ഒരു ഏഴ് വയസുകാരന്റെ കുഞ്ഞുനാവില്‍നിന്നുയര്‍ന്ന വലിയ സംശയത്തിന് അച്ഛന്‍ നല്‍കിയ മറുപടി, ബാക്കിയുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കി എന്നായിരുന്നു. വിദ്യുന് ഇന്ന് 28 വയസാണ് പ്രായം. ടോയ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് വിദ്യുന്‍.

എന്താണ് ടോയ് ബാങ്ക് എന്നല്ലേ? ഏഴ് വയസില്‍ വിദ്യുന്റെ കുഞ്ഞ് ഹൃദയത്തില്‍ പതിഞ്ഞ പിതാവിന്റെ വാക്കുകള്‍ക്കുള്ള മറുപടിയാണ് ടോയ് ബാങ്ക്. അച്ഛന്‍ പഠിപ്പിച്ചതുപോലെ കളിപ്പാട്ടങ്ങള്‍ ധാരാളമുള്ളവരില്‍നിന്ന് അവ ശേഖരിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സംഭാവന ചെയ്യുകയാണ് ടോയ് ബാങ്ക് ചെയ്യുന്നത്.

ഏഴാം വയസില്‍ തന്റെ അയല്‍വക്കത്തുള്ള വീടുകളിലെ കുഞ്ഞുങ്ങളുടെ മുഖത്തുണ്ടായ പുഞ്ചിരി ഇപ്പോഴും തന്റെ മനസില്‍ മായാതെ അവശേഷിക്കുന്നുണ്ടെന്ന് വിദ്യുന്‍ പറയുന്നു. മറ്റുള്ളവര്‍ക്കും കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്ത് കൂടുതല്‍ മുഖങ്ങളിലേക്ക് ചിരി പടര്‍ത്തുന്നതിനെക്കുറിച്ച് അച്ഛന്‍ തന്നെ പഠിപ്പിച്ചു. ഇതില്‍നിന്നാണ് ടോയ് ബാങ്ക് എന്ന ആശയം ഉടലെടുത്തത്.

18 വയസ് മുതലാണ് താന്‍ ടോയ് ബാങ്കിനു വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചത്. പാര്‍ട് ടൈം ആയാണ് അന്ന് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഇന്ന് വിദ്യുന്‍ ഗോയലിന് ഇന്ന് ഇതൊരു മുഴുവന്‍ സമയ ജോലിയാണ്. തങ്ങളുടെ ലക്ഷ്യം വിദ്യുന്‍ തുറന്ന് കാട്ടുന്നു റീസൈക്കിള്‍ ടോയ്‌സ് റീസൈക്കിള്‍ സ്‌മൈല്‍സ്. തങ്ങളുടെ അടുത്തുള്ള മറ്റ് കുട്ടികള്‍ക്ക് കൂടി കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ടോയ് ബാങ്ക് ചെയ്യുന്നത്.

ഒരു വിനോദത്തിന് വേണ്ടി മാത്രമല്ല കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നത്. കുട്ടികള്‍ക്ക് പരസ്പരം സഹായിക്കാനുള്ള ശീലം ഉണ്ടാകാനും അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് സഹായിക്കും.സമൂഹത്തില്‍ മികച്ച പൗരന്മാരായി സാമൂഹ്യബോധത്തോടെ വളര്‍ന്നു വരാന്‍ അവര്‍ക്ക് സാധിക്കും. ഈ മേഖലയിലെ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് മനസിക വികസനത്തിന്റെ എല്ലാ തലങ്ങളിലും ഇത് അങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസിലാക്കാനായിട്ടുണ്ട്.

മോട്ടാര്‍ വാഹനങ്ങള്‍ പോലുള്ള കളിപ്പാട്ടങ്ങള്‍ പരിശീലിക്കുന്നത് കുട്ടികള്‍ക്ക് അവ പോകുന്നതിനൊപ്പം നടന്നെത്തുന്നതിനും ഇഴയുന്നതിനും ഓടുന്നതിനും ചാടുന്നതിനും എല്ലാം പ്രേരിപ്പിക്കും. ഓര്‍മശക്തിക്കും ശ്രദ്ധയുണ്ടാക്കിയെടുക്കുന്നതിനുമെല്ലാം ഇത് ഉപകരിക്കും. കളികളിലൂടെ കുട്ടികള്‍ക്ക് ഭയം ഇല്ലാതാക്കാനും സാധിക്കും. അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധം ഉണ്ടാക്കുന്നതിനും ഇത് നല്ല മാര്‍ഗമാണ്.

പരസ്പരം സഹായിക്കാനുള്ള പ്രവണത കുട്ടികളിലുണ്ടാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണ് കളിപ്പാട്ടങ്ങള്‍ പരസ്പരം കൈമാറുകയെന്നത്. മറ്റുളളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അവരെ സംസാരിക്കാന്‍ അനുവദിക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.

ഡെല്‍ഹിയില്‍ 20 കളക്ഷന്‍ സെന്ററുകളാണ് ഇതിനോടകം ടോയ് ബാങ്കിനുള്ളത്. വീടുകളിലും ഓഫീസുകളിലുമായാണ് കളക്ഷന്‍ സെന്ററുകള്‍. വോളന്റിയേഴ്‌സ് മിക്കവരും അവരുടെ വീടുകളില്‍തന്നെ കളക്ഷന്‍ സെന്ററുകള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. സ്‌കൂളുകളില്‍നിന്നും കളിപ്പാട്ടങ്ങള്‍ ശേഖരിക്കാറുണ്ട്. ടോയ് ബാങ്കില്‍നിന്നുള്ള ഒരു കോര്‍ഡിനേറ്റര്‍ സ്‌കൂളുകളിലെത്തി തങ്ങള്‍ക്ക് ആവശ്യമുള്ള കളിപ്പാട്ടങ്ങളെക്കുറിച്ച് കുട്ടികളോട് പറയും. സ്‌കൂളില്‍ തന്നെയുള്ള ആരെങ്കിലും കുട്ടികളില്‍നിന്ന് ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങി സൂക്ഷിക്കും.

ഓരോ കളിപ്പാട്ടങ്ങളിലും എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധിച്ച ശേഷം ഉണ്ടെങ്കില്‍ അവ ശരിയാക്കിയ ശേഷമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഓരോ കളിപ്പാട്ടങ്ങളും പൂര്‍ണമായും ശരിയാക്കി കഴിഞ്ഞാല്‍ അവ വീണ്ടും പാക്ക് ചെയ്യും. ഈ കളിപ്പാട്ടങ്ങള്‍ ഏതെങ്കിലും കുട്ടികള്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ടോയ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകയോ ചെയ്യും. ലൈബ്രറിയില്‍നിന്ന് നമ്മള്‍ ബുക്കുകള്‍ എടുക്കാറുള്ളതുപോലെ കളിപ്പാട്ടങ്ങളും എടുക്കാവുന്നതാണ്. കളിച്ചശേഷം സമയം കഴിയുമ്പോള്‍ ലൈബ്രറിയില്‍ തിരിച്ചേല്‍പിച്ചാല്‍ മതിയാകും. ഇത് മറ്റ് കുട്ടികള്‍ക്കും ഇതുപോലെ കടമെടുക്കാനാകും.

കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുക തുടക്കത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ചേരികളിലും കോളനികളിലുമുള്ള കുട്ടികള്‍ക്കാണ് ആദ്യം ഇവ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മാത്രമല്ല ഡല്‍ഹയിലെ അനാഥാലയങ്ങളിലും അഭയ കേന്ദ്രങ്ങളിലുമെല്ലാം വിതരണം ചെയ്തു.

എന്നാല്‍ ഇതുകൊണ്ട് മതിയാകില്ലെന്നും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന നിരവധി പേരുണ്ടെന്നും ഇവരിലേക്ക് കൂടി സേവനം എത്തിക്കണമെന്നും വിദ്യുന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് തങ്ങള്‍ക്ക് വോളന്റിയേഴ്‌സ് ഇല്ലാത്തതിനാല്‍ മറ്റിടങ്ങളിലേക്ക് സേവനം എത്തിക്കാനാകില്ലെന്നതായിരുന്നു പിന്നീട് നേരിട്ട വെല്ലുവിളി. എന്നാല്‍ ടീച്ച് ഫോര്‍ ഇന്ത്യ, സമാജ് പ്രഗതി സഹ്വോഗ്, സ്വബല്‍മ്ബാം, എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. അവര്‍ ഡല്‍ഹിയില്‍നിന്നും കളിപ്പാട്ടങ്ങള്‍ ട്രയിന്‍ വഴി അടുത്തുള്ള റയില്‍വേ സ്റ്റേഷനുകളിലെത്തിച്ചു. അവിടെനിന്നും വോളന്റിയര്‍മാര്‍ ഇവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയി.

വലിയ മൂലധനമോ ജിവനക്കാരോ ഒന്നും ഇല്ലാതെയാണ് ടോയ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യം തുടങ്ങിയത്. മാത്രമല്ല ഇതിനുവേണ്ടി തങ്ങള്‍ ഇതുവരെ ഫണ്ട് ശേഖരണം നടത്തിയിട്ടില്ല. സ്ഥിരമായി ആരെയും ജോലിയില്‍ നിയമിച്ചിട്ടുമില്ല. തങ്ങളുടെ വോളന്റിയേഴ്‌സില്‍ സ്‌കൂള്‍ കുട്ടികളും ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉള്‍പ്പെടെയുണ്ട്. വര്‍ഷത്തില്‍ 48000 കുട്ടികളെയാണ് തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നത്.

രാജ്യത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് ഇപ്പോള്‍ തങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി കൂടുതല്‍ ഏജന്‍സികളുടെ സഹായം തേടാനാണ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ സ്ഥലങ്ങളില്‍ ഇതിനായി സെന്ററുകള്‍ തുടങ്ങാനും ആലോചനയുണ്ട്. എന്നാല്‍ ഇന്ത്യയിലുടനീളം ഇത്തരത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്നത് ലളിതമല്ല. സാധനങ്ങള്‍ കൊണ്ട് പോകുന്നതിനുള്ള ചിലവുള്‍പ്പെടെ പരിഹരിക്കേണ്ടതുണ്ട്. ഫണ്ട് ശേഖരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടോ എന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരന്തരം ലഭിക്കുന്ന ഫോണ്‍ കോളുകളില്‍നിന്ന് സേവനത്തിന്റെ വ്യാപ്തി മനസിലാക്കാനാകുന്നുണ്ട്. അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെ ഇവിടെയെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ വാക്കുകളിലൂടെ തങ്ങള്‍ സന്തോഷം അനുഭവിച്ചറിയുന്നു. ഇതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് വിദ്യുന്‍ ഗോയല്‍ പറയുന്നു.