പ്രോണോസ്; സ്വപ്നങ്ങളില്‍ നിന്ന് വ്യവസായ വിജയത്തിലേക്ക്

പ്രോണോസ്;  സ്വപ്നങ്ങളില്‍ നിന്ന് വ്യവസായ വിജയത്തിലേക്ക്

Friday October 30, 2015,

2 min Read

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്ന് കരുതുന്ന വീട്ടമ്മയാണ് ഓമന. വീട്ടമ്മയില്‍ നിന്ന് സ്വയംസംരഭകയായി ഇപ്പോള്‍ വിജയം വെട്ടിപ്പിടിക്കുന്ന വ്യവസായിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന കുമ്പളം സ്വദേശിനി ഓമന മുരളീധരന്‍ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാണ്. തിരിച്ചടികളില്‍ വീണു പോകുമെന്ന് കരുതുന്ന സാഹചര്യത്തില്‍ മനക്കരുത്തു കൊണ്ടും ഇച്ഛാശക്തി കൊണ്ടും ഉയര്‍ന്നു വന്ന സംരംഭകയാണ് ഓമന. ഭര്‍ത്താവിന്റെ മെറ്റല്‍ ഇന്‍ഡസ്ട്രിയില്‍ തുടങ്ങി ഭക്ഷ്യോത്പാദന മേഖലയില്‍ തന്റേതായ വിജയക്കൊടി പാറിച്ച ഓമന ഇന്ന് കേരളത്തിലെ ഏതൊരു വീട്ടമ്മക്കും മാതൃകയാണ്. സ്ഥാപനങ്ങള്‍ തുടങ്ങാനും സബ്‌സിഡി ഉള്‍പ്പടെയുള്ള സാമ്പത്തിക ആനൂകൂല്യങ്ങള്‍ നേടുവാനും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായവും ഓമനക്കുണ്ടായി.

image


വീട്ടമ്മയായ ഓമന സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹത്തിലാണ് 2001ല്‍ അമൃത മെറ്റല്‍ ഫിനിഷ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഭര്‍ത്താവായ മുരളീധരന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനാവശ്യമായ ചെറിയ മെറ്റല്‍ പാര്‍ട്ടുകള്‍ നിര്‍മ്മിച്ചു കൊണ്ടായിരുന്നു തുടക്കം. സ്ഥാപനം തുടങ്ങി പ്രതിരോധ വകുപ്പിനും സീമെന്‍സ് എന്ന മള്‍ട്ടീ നാഷണ്ല്‍ കമ്പനിക്കും വേണ്ടി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കി നല്ല നിലയില്‍ പുരോഗമിക്കവേ 2010ല്‍ ഈ മേഖലയിലുണ്ടായ മാന്ദ്യം സ്ഥാപനത്തേയും ബാധിച്ചു. 46 ലക്ഷത്തോളം വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിന്റെ വിറ്റുവരവ് ഒറ്റയിടിക്ക് 13 ലക്ഷം രൂപയായി കൂപ്പുകുത്തി. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലെത്തി. മുന്നോട്ട് പോകാന്‍ എന്തു ചെയ്യണമെന്നറിയായ നില്‍ക്കുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മാനേജര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. തീര്‍ത്തും അവിചാരിതമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് അവിടെ നടന്ന ഒരു സെമിനാറാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഓമന സാക്ഷ്യപ്പെടുത്തുന്നു. 

image


എറണാകുളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട് സന്ദര്‍ശിച്ച് സംരഭകര്‍ക്കായി അവര്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഇന്‍സ്റ്റിറ്റൂട്ടിന്റെ ഫിഷ്‌കുറേ എന്ന ഉത്പന്നം മനസില്‍ കൊണ്ടു. ഈ ഉത്പന്നം മറ്റൊരു രീതിയില്‍ പുറത്തിറക്കാന്‍ തീരുമാനിച്ച ഓമന, ചാരിസ് ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. 

image


ഫിഷ്‌കുറെയുടെ മാതൃകയില്‍ ചെമ്മീന്‍ ചേരുവകളുള്‍പ്പെടുന്ന പ്രോണോസ് എന്ന ഉത്പ്പന്നം അങ്ങനെയാണ് പിറന്നത്. താന്‍ മുമ്പ് മെറ്റല്‍ ഇന്‍ഡസ്ട്രിക്കു വേണ്ടി ലോണെടുത്തിരുന്ന കാനറാ ബാങ്കില്‍ പുതിയ ലോണിനായി സമീപിപ്പിച്ചപ്പോള്‍ ബാങ്കധികൃതര്‍ സംശയത്തോടെയാണ് ഓമനയെ വീക്ഷിച്ചത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു ഓമനയുടെ തീരുമാനം.

image


2012ലെ മികച്ച സ്ത്രീ സംരഭകക്കുള്ള സംസ്ഥാന അവാര്‍ഡ് ഓമനക്ക് ലഭിച്ചപ്പോള്‍ ആലപ്പുഴ ജില്ലാ വ്യവസായ വികസന കേന്ദ്രത്തിലേയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഉദ്യോഗസ്ഥരും പിന്തുണയുമായെത്തി. ലക്ഷ്യബോധമുള്ള സ്വയംസംരഭകയായ ഓമനക്ക് ലോണ്‍ അനുവദിക്കാമെന്ന ശിപാര്‍ശ ജില്ലാ വ്യവസായ കേന്ദ്രം ബാങ്കിന് നല്‍കിയപ്പോള്‍ ലോണ്‍ അനുവദിക്കപ്പെട്ടു. 

image


ലോണ്‍ ലഭിച്ച തൊട്ടടുത്ത വര്‍ഷം 2013ല്‍ മികച്ച സ്ത്രീ സംരഭകക്കുള്ള കാനറാ ബാങ്കിന്റെ ദേശീയ പുരസ്‌കാരവും ഓമനയെത്തേടിയെത്തി. പാക്കറ്റിലാക്കി നല്‍കുന്ന ചെറുകടികളുടെ കൂട്ടത്തില്‍ ചെമ്മീനിന്റെ രുചിയില്‍ പ്രോണോസ് എന്ന നോണ്‍ വെജ് ഉത്പ്പന്നം പുറത്തിറക്കിയാണ് വിപണിയില്‍ തന്റെ ഓമന മുരളീധരന്‍ തന്റെ വ്യത്യസ്തമായ വരവറിയിച്ചത്. ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കുന്ന സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. 

image


സ്ഥാപനം നിലനില്‍ക്കുന്ന അരൂരിന് സമീപപ്രദേശത്തുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് പരിശീലനം നല്‍കി അവരെയാണ് തന്റെ ഉത്പാദനയൂണിറ്റില്‍ തൊഴിലാളികളായി നിയമിച്ചിട്ടുള്ളത്. തുടക്കത്തില്‍ ഇത്തരത്തില്‍ 10 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. അജിനോമോട്ടോയും കൊളസ്‌ട്രോളും ഒഴിവാക്കി പ്രോട്ടീന്‍ സമൃദ്ധമായ ഉത്പ്പന്നമാണ് പ്രോണോസിനെ വ്യത്യസ്തമാക്കുന്നത്. വ്യത്യസ്തമായ രുചി കാരണം ഇതിനകം പ്രോണോസിനെ ഉപഭോക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം പുറത്തിറക്കിയ പ്രോണോസ് എന്ന പാക്കറ്റ് സ്‌നാക് പ്രതിമാസം ഒന്നര ലക്ഷത്തിലേറെ രൂപയുടെ ബിസിനസിലേക്ക് എത്തിക്കഴിഞ്ഞു. നിലവില്‍ എറണാകുളം തൃശൂര്‍ മേഖലയില്‍ സ്വന്തം വാഹനത്തിലാണ് പ്രോണോസ് വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ബിസിനസ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഓമന.