വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സമാനതകളില്ലാത്തത്: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

0

രാജ്യത്തെ സമാനതകളില്ലാത്ത സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായ പദ്ധതിയെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ബാങ്ക് വായ്പ കൂടിയേ തീരൂ. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാലും തൊഴില്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ വായ്പാ കുടിശ്ശിക പെരുകി വായ്പയെടുക്കുന്നവര്‍ ദുരിതത്തിലാവുന്ന അവസ്ഥയാണുള്ളത്. 

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഈ പദ്ധതിയുടെ പരിധിയില്‍ വരും. എന്നാല്‍ സംസ്ഥാനത്തിനുപുറത്തുനിന്നു വായ്പയെടുത്തവരും, എന്‍ആര്‍ഐ, മാനേജ്‌മെന്റ് ക്വാട്ടകളില്‍ പ്രവേശനം ലഭിച്ചവരും, വിദേശത്തു പഠനം നടത്താന്‍ വായ്പയെടുത്തവരും പദ്ധതിയുടെ പരിധിയില്‍ വരില്ല. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള കുടുംബ വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപ വരെയാണ്. വായ്പയെടുത്തയാള്‍ മരണപ്പെടുകയോ സ്ഥിരമായ അംഗഭംഗം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വരുമാനപരിധി ഒമ്പതുലക്ഷം രൂപ വരെയായിരിക്കും. പദ്ധതി പ്രകാരം, 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷം രൂപ വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ അടയ്ക്കും. നാലുലക്ഷത്തിനുമുകളില്‍ ഒമ്പതു ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശികത്തുകയുടെ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ വിഹിതമായി ലഭിക്കുക. പഠന കാലയളവിലോ, വായ്പാ കാലയളവിലോ മരണപ്പെടുകയോ, അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യമുണ്ടാവുകയോ ചെയ്താല്‍ അവരുടെ മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ അടയ്ക്കും. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷം തൊണ്ണൂറു ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും സര്‍ക്കാര്‍ വിഹിതമായി നല്‍കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവായ്പയെടുത്ത് തിരിച്ചടയ്യകാകന്‍ ശേഷിയില്ലാതെ കടക്കെണിയിലായിപ്പോയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടയ്ക്കാന്‍ പദ്ധതിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, കുടുംബക്ഷേമ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതി മാതൃകയായിരിക്കുമെന്നും സഹായ പദ്ധതി എന്നതിനപ്പുറം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുള്ള സവിശേഷമായ ഇടപെടല്‍ കൂടിയാണിതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളായ അച്ചു സി.ജി, അജിതകുമാരി എം.എസ്, സല്‍മാന്‍ഖാന്‍ ആര്‍., രജികൃഷ്ണ, സുമി പി.എസിന്റെ രക്ഷകര്‍ത്താവ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. അപേക്ഷകളുടെ ആദ്യ ഓണ്‍ലൈന്‍ സമര്‍പ്പണം അച്ചു, രാജി എന്നീ അപേക്ഷകര്‍ നിര്‍വഹിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ എം.എ വിദ്യാ മോഹന്‍, എസ്.എല്‍.ബി.സി കണ്‍വീനര്‍ ജി.കെ. മായ പി. ഗോപകുമാര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.