അക്ഷരയാത്രയുടെ ഉദ്ഘാടനം ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വ്വഹിക്കും  

0

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന അക്ഷരയാത്രയുടെ കഴക്കൂട്ടം ജ്യോതിനിലയം എച്ച് എസ് എസിലെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വ്വഹിക്കും. ഇന്നു( 30-11-2016 ബുധനാഴ്ച ) രാവിലെ 10.30നു സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരിക്കും. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അര്‍ച്ചനപോള്‍, ലിയോണി പോള്‍, മാനേജര്‍ സിസ്റ്റര്‍ ഗ്രേഷി ജോസ്, സെയിന്റ് സേവ്യേഴ്സ് കോളേജ് അധ്യാപിക ഡോ. മേരി സൂസന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍ ഹരി, ഇന്ദു ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരയാത്ര കേരളത്തിലെ വിവിധ സ്കൂളുകളില്‍ നടത്തിവരുന്നത്. ഗുരുപൂജ, സാഹിത്യമത്സരങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍, ബാലസാഹിത്യ പുസ്തകപ്രദര്‍ശനം എന്നിവ അക്ഷരയാത്രയില്‍ ഉണ്ടാകും. മുന്നൂറോളം ബാലസാഹിത്യപുസ്തകങ്ങള്‍ പകുതിവിലയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.