കാത്തിരുന്ന കാത്ത്‌ലാബ് മെഡിക്കല്‍ കോളജില്‍

കാത്തിരുന്ന കാത്ത്‌ലാബ് മെഡിക്കല്‍ കോളജില്‍

Tuesday December 15, 2015,

1 min Read

മെഡിക്കല്‍ കോളജില്‍ പുതിയ കാത്ത്‌ലാബ് (ക്യാതറൈസേഷന്‍ ലാബ്) പ്രവര്‍ത്തസജ്ജമാകുന്നു. പുതിയ കാത്ത് ലാബ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്‍ഡിയോളജി വിഭാഗത്തിലുള്ള പഴയ കാത്ത് ലാബിന്റെ സ്ഥാനത്താണ് പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നത്. 28ാം തീയതിയോടുകൂടി ഈ പഴയ കാത്ത് ലാബ് ഇവിടെനിന്നും നീക്കം ചെയ്യും. ഉടന്‍തന്നെ പുതിയ കാത്ത് ലാബ് മെഷീന്‍ വയ്ക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഈ ലാബിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പുതിയ മെഷീന്‍ സ്ഥാപിക്കും. പരമാവധി മൂന്നു മാസത്തിനുള്ളില്‍ പുതിയ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും.

image


തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കെ എം എസ് സി എല്‍ വഴി ഒന്നിച്ചാണ് കാത്ത് ലാബ് മെഷീന്‍ വാങ്ങുന്നത്.

ഈ കാത്ത് ലാബുകൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടുകൂടി ഇപ്പോഴുള്ള ഒന്നോ രണ്ടോ മാസത്തെ കാലതാമസം ഒഴിവാക്കാനാകും. ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, പേസ്‌മേക്കര്‍, കാലിലെ രക്ത ധമനികളുടെ തടസം നീക്കുക, നെഞ്ചിടിപ്പിലെ വ്യതിയാനങ്ങള്‍ നേരെയാക്കുക തുടങ്ങിയ ചികിത്സകള്‍ക്കാണ് കാത്ത് ലാബ് ഉപയോഗിക്കുന്നത്. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതും ഈ കാത്ത് ലാബിലാണ്.

image


ആന്‍ജിയോപ്ലാസ്റ്റി ചികിത്സക്ക് ബി പി എല്‍ വിഭാഗത്തിന് 10,000 രൂപയും എ പി എല്‍ വിഭാഗത്തിന് 20,000 രൂപയുമാണ് ഈടാക്കുന്നത്. ആന്‍ജിയോഗ്രാമിന് ബി പി എല്‍ വിഭാഗത്തിന് 4,000 രൂപയും എ പി എല്‍. വിഭാഗത്തിന് 5,000 രൂപയുമാണുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ഇത്തരം ചികിത്സകള്‍ക്ക് ലക്ഷങ്ങള്‍ ചെലവു വരുമ്പോഴാണ് മെഡിക്കല്‍ കോളജില്‍ കുറഞ്ഞ ചെലവില്‍ ഇത്തരം മികച്ച ചികിത്സ ലഭ്യമാക്കുന്നത്.