കൗമാര കലോല്‍സവത്തിലേക്ക് കണ്ണുംനട്ട് തലസ്ഥാനം

0


തലസ്ഥാനത്തിന് കലയുടെ നിറക്കൂട്ട് ചാര്‍ത്താന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വരുന്നു. ഇതിനുള്ള ഒരുക്കങ്ങളൊക്കെ തലസ്ഥാനത്ത് പൂര്‍ത്തിയായി വരികയാണ്. 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനാണ് തിരിതെളിയുന്നത്. ജനുവരി 19 മുതല്‍ 25 വരെയാണ് കലോത്സവം നടക്കുന്നത്. ആദ്യം 17 മുതല്‍ 23 വരെ നടത്താനാണ് തീരുമാനിച്ചതെങ്കിലും പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തിന്റെ ലഭ്യത പ്രശ്‌നമാണ് 19 ലേക്ക് മാറ്റാന്‍ കാരണം. കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മെട്രോയുടെ നിര്‍മാണം നടക്കുന്നതിനാല്‍ വേദി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ശശികല രൂപ കല്‍പ്പന ചെയ്ത കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കഴിഞ്ഞു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു.

വേദികള്‍ സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. പുത്തരിക്കണ്ടം മൈതാനമായിരിക്കും സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി. സാംസ്‌കാരിക പരിപാടികള്‍ക്ക് ഉള്‍പ്പെടെ 18 വേദികളാണ് കലോത്സവത്തിനായി ഒരുക്കുന്നത്. പൂജപ്പുര മൈതാനമായിരിക്കും രണ്ടാമത്തെ വേദി. തൈക്കാട് പോലീസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണ പന്തല്‍ ഒരുക്കുക. 2010ല്‍ തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവം നടന്നപ്പോള്‍ ഭക്ഷണ പന്തല്‍ ഒരുക്കിയ സെന്‍ട്രല്‍ സ്‌റ്റേഡിയം ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് കാരണം കലോത്സവത്തിന് ലഭിക്കില്ല.

തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആയിരിക്കും സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുക. മത്സരാര്‍ത്ഥികളുടെ റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ ഇവിടെയായിരിക്കും നടക്കുക. മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തൈക്കാട് മോഡല്‍ എല്‍ പി എസ്, എസ് എം വി ഹയര്‍സെക്കന്ററി സ്‌കൂള്‍, മണക്കാട് ജി എച്ച് എസ് എസ്, വി ജെ ടി ഹാള്‍, കിഴക്കേകോട്ട കാര്‍ത്തിക തിരുനാള്‍ ഹാള്‍, പ്രിയദര്‍ശിനി ഹാള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, സെനറ്റ് ഹാള്‍, വഴുതയ്ക്കാട് ടാഗോര്‍ തിയേറ്റര്‍, സംഗീത കോളജ്, അധ്യാപക ഭവന്‍, വഴുതക്കാട് കാര്‍മല്‍ സ്‌കൂള്‍, ഹോളി എയ്ഞ്ചല്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, നിശാഗന്ധി ഓഡിറ്റോറിയം, സെന്റ് ജോസഫ്‌സ് എച്ച് എസ് എസ്, ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയം, ഗാന്ധിപാര്‍ക്ക് എന്നിവയാണ് വേദികളാക്കാന്‍ ധാരണയായത്. ഇതില്‍ ഗാന്ധിപാര്‍ക്കില്‍ സാംസ്‌കാരിക പരിപാടികളായിരിക്കും നടക്കുക. മറ്റൊരു വേദിയില്‍ കലോത്സവത്തിന്റെ 'ഭാഗമായുള്ള എക്‌സിബിഷനും നടക്കും. നഗരത്തിലെ സ്‌കൂളുകളിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുക. ഏതായാലും യുവതയുടെ ഉത്സവത്തിന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് തലസ്ഥാനവാസികള്‍.