അമൂല്യവസ്തുക്കളുടെ കാവലാളായി സി എസ് ജോസ്    

0

വഞ്ചിയൂര്‍ മള്ളൂര്‍ റോഡ് പവിഴശേരി വീട്ടില്‍ സി എസ് ജോസിന്റെ വീട് ഇന്ന് അമൂല്യ വസ്തുക്കളുടെ കലവറയാണ്. അന്യംനിന്നു പോകുന്ന പഴയ വസ്തുക്കളില്‍നിന്ന് അമൂല്യമായവ കണ്ടെത്തി അവയെ നെഞ്ചോട് ചേര്‍ക്കുകയാണ് 41കാരനായ ജോസ്. പുതിയത് കിട്ടുമ്പോള്‍ പഴയത് വലിച്ചെറിയുന്ന മലയാളികള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമാണ് ഈ ചെറുപ്പക്കാരന്റേത്. ഇന്ന് ജോസിന്റെ ശേഖരത്തിലുള്ളത് ആയിരത്തോളം അമൂല്യ വസ്തുക്കളാണ്.

പാഴ് വസ്തുക്കളോടുള്ള ജോസിന്റെ സ്‌നേഹത്തിന് 25 വര്‍ഷത്തോളം പഴക്കമുണ്ട്. ഷര്‍ട്ടുകളുടെ ബട്ടണ്‍സ് മുതല്‍ മാര്‍ക്കോണിന്റെ റേഡിയോയും പഴയകാല ക്യാമറ സ്റ്റാന്‍ഡും വരെ ജോസിന്റെ ശേഖത്തിലുണ്ട്. പഴയ സ്റ്റാമ്പുകളോടും നാണയങ്ങളോടും തോന്നിയ അടുപ്പം ക്രമേണെ അന്യംനിന്ന് പോകുന്ന മറ്റ് വസ്തുക്കളിലേക്കും എത്തുകയായിരുന്നു.

ജോസിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഒരു വസ്തു ഇല്ലാതാകുമ്പോള്‍ മലയാളത്തില്‍നിന്ന് ഒരു വാക്ക് കൂടി നഷ്ടപ്പെടുകയാണ്. പഴയ തലമുറ ഉപയോഗിച്ചിരുന്ന ഉരലിന്റെ സ്ഥാനം ഇന്ന് മിക്‌സി കയ്യടക്കി. ഉരല്‍ എന്ന വാക്ക് കൂടി ഇതോടെ മലയാളത്തിന് നഷ്ടമാകുകയാണ്. ഇതിനെതിരെ ഒരു ചെറുത്തു നില്‍പ്പ് കൂടിയാകുകയാണ് ജോസിന്റെ ശേഖരം. പുരാതന വസ്തുക്കളെ കണ്ടെത്തി ശേഖരിക്കുക മാത്രമല്ല അവയെക്കുറിച്ച് പഠനം നടത്തി പുതുതലമുറക്ക് അവയെക്കുറിച്ച് അറിവ് പകര്‍ന്ന് നല്‍കുകയെന്ന വലിയ കാര്യം കൂടി ജോസ് ചെയ്യുന്നുണ്ട്.

ഒരേസമയം 40 ഉണ്ണിയപ്പം ഉണ്ടാക്കാന്‍ കഴിയുന്ന പാത്രം, ഏഴ് കിലോ ഭാരമുള്ള കിണ്ടി എന്നിവ ശേഖരത്തിലുള്‍പ്പെടുന്നു. 90 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കിണ്ടി. 105 വര്‍ഷം പഴക്കമുള്ള മാര്‍ക്കോണി റേഡിയോ ഉള്‍പ്പെടെ മുപ്പതോളം റേഡിയോകള്‍ കൂട്ടത്തിലുണ്ട്. കേരളത്തിലെ ഒരു ചെട്ടിയാര്‍ കുടുംബം സമ്മാനിച്ച അസാമാന്യ വലിപ്പമുള്ള ഗ്രാമഫോണ്‍, ഇരുപതോളം ചെറിയ ഗ്രാമഫോണുകള്‍, വെങ്കലത്തില്‍ തീര്‍ത്ത ഉപകരണങ്ങള്‍, പഴയ കാല തട്ടം, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന മുപ്പതോളം പ്രമാണങ്ങള്‍, ഇരുന്നൂറോളം വാച്ചുകള്‍, പഴയകാല തയ്യല്‍ മെഷീന്‍, വിവിധ കമ്പനികളുടെ പല തരത്തിലുള്ള ടൈപ്പ് റൈറ്ററുകള്‍, ടൈംപീസുകള്‍, റാന്തലുകള്‍, രാജാക്കന്മാര്‍ വിനോദത്തിന് ഉപയോഗിച്ചിരുന്ന ബാറ്റുകള്‍ ഇങ്ങനെ ആയിരത്തിലധികം സാധനങ്ങളാണ് ജോസിന്റെ ശേഖരത്തിലുള്ളത്.

പഴയ തലമുറ ഉപയോഗിച്ചിരുന്ന അമൂല്യ വസ്തുക്കളെപ്പറ്റി പുതു തലമുറയ്ക്ക് അറിവ് പകരും വിധം ക്ലാസുകള്‍ സംഘടിപ്പിക്കാനും ജോസിന് താല്‍പര്യമുണ്ട്. കൈവശമുള്ള അമൂല്യ വസ്തുക്കള്‍ഡ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ അമൂല്യമായി സൂക്ഷിക്കും എന്നുറപ്പുള്ളവര്‍ക്ക് മാത്രമേ ജോസ് ഇതെല്ലാം കൈമാറുകയുള്ളു. വഞ്ചിയൂരിലെ പവിഴശേരി വീട്ടില്‍ ജോസിന് എല്ലാ പിന്തുണയുമേകി ഭാര്യ ജോളിയും മകന്‍ ആല്‍വിനും ഒപ്പമുണ്ട്.