കണ്‍സ്യൂമര്‍ഫെഡിന് 64.78 കോടി പ്രവര്‍ത്തനലാഭം: സഹകരണ മന്ത്രി  

0

കണ്‍സ്യൂമര്‍ഫെഡ് 250 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കും കണ്‍സ്യൂമര്‍ഫെഡ് 2016-17 സാമ്പത്തികവര്‍ഷത്തില്‍ 64.78 കോടി രൂപ പ്രവര്‍ത്തനലാഭവും 59.78 കോടി അറ്റലാഭവും നേടിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് കണ്‍സ്യൂമര്‍ഫെഡ് കൈവരിച്ച അഭൂതപൂര്‍വമായ നേട്ടമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിച്ച പുതിയ ഭരണസമിതിക്ക് സംസ്ഥാന സഹകരണബാങ്കില്‍നിന്നും കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയ 238 കോടിയുടെ വായ്പ മുഴുവനായി അടച്ചുതീര്‍ക്കുന്നതിനായി.

 നിഷ്‌ക്രിയ ആസ്തിയായി കരുതിയിരുന്ന ഈ വായ്പ അടച്ചുതീര്‍ക്കാനായത് വലിയ നേട്ടമാണ്. കൂടാതെ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ല സഹകരണബാങ്കുകളിലെ വായ്പകള്‍ 64 കോടിയോളം തിരിച്ചടക്കാന്‍ സാധിച്ചു. സ്ഥിരനിക്ഷേപങ്ങളുടെ പലിശയിനത്തില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് 41.17 കോടിയും 248 ലേറെ വരുന്ന വിതരണക്കാര്‍ക്ക് 54 കോടിയും കൊടുത്തുതീര്‍ക്കാനും സാധിച്ചു. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവുചുരുക്കിയും ഭരണത്തിലെ ധൂര്‍ത്തും അധികചെലവും ഒഴിവാക്കിയും കേന്ദ്രീകൃത പര്‍ച്ചേസും ഇ-ടെന്‍ഡറും നടപ്പാക്കിയും മറ്റുമാണ് സ്ഥാപനത്തെ ലാഭത്തിലേക്ക് നയിച്ചത്.

 കൂടാതെ വിവിധ മദ്യകമ്പനികളില്‍നിന്നും 2016 ജൂലൈക്കുശേഷം ഇന്‍സെന്റീവ് എന്ന നിലയില്‍ 1.67 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് വിഭാഗങ്ങളില്‍ ത്രിവേണി, നീതി, ശുശ്രൂഷ ലാബ് ഒഴികെയുള്ളവ ബിസിനസ് വര്‍ധിപ്പിച്ച് വരുമാന വര്‍ധന നേടി വരുന്ന അധ്യയനവര്‍ഷം സംസ്ഥാനത്ത് 250 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ നിയോജകമണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു മാര്‍ക്കറ്റെങ്കിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും വിപണി വിലയേക്കാള്‍ കുറഞ്ഞത് 20 ശതമാനം കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്ന തരത്തില്‍ ആരംഭിക്കും. ഓഫീസ്, സ്റ്റേഷനറി സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭിക്കുന്നതിന് 24 ഇ-ത്രിവേണികള്‍കൂടി പുതുതായി ആരംഭിക്കും. തിരഞ്ഞെടുത്ത ത്രിവേണികളില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് 2000 നീതി ഔട്ട്‌ലെറ്റുകളും 1500 നീതി മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം.മെഹബൂബ്, അംഗങ്ങളായ കെ.വി.കൃഷ്ണന്‍, പി.എം.ഇസ്മയില്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.രാമനുണ്ണി എന്നിവരും പങ്കെടുത്തു.