ഇന്ത്യന്‍ ഡോക്ടര്‍മാന്‍ നിര്‍ദേശിക്കുന്ന 80 ശതമാനം മരുന്നുകളും നിരോധിക്കപ്പെട്ടവ

0


ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന 80 ശതമാനം മരുന്നുകളും നിരോധിക്കപ്പെട്ടവയാണെന്ന് പഠനം. ഇമെഡിനെക്‌സസ് നടത്തിയ സര്‍വേയിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 344 മരുന്നുസംയുക്തങ്ങളുടെ പട്ടികയില്‍ നിന്നുള്ളവയാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കഴിക്കാന്‍ നിര്‍ദേശിക്കുന്നവെയെന്നു കണ്ടെത്തിയത്.

4,892 ഡോക്ടര്‍മാരില്‍ നിന്നും സര്‍വേയ്ക്കായി അഭിപ്രായങ്ങള്‍ ശേഖരിച്ചു. ഇവരില്‍ 40 ശതമാനം പേരും മരുന്നുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ചില്ല. ഇവയില്‍ ചിലതെങ്കിലും നിരോധനപ്പട്ടികയില്‍ നിന്നും ഒഴിവാക്കാമായിരുന്നുവെന്നാണ് 75 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടത്. വളരെ കുറച്ചുപേര്‍ ഇപ്പോള്‍ ഇതു നിരോധിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് പറഞ്ഞത്. മരന്നുസംയുക്തങ്ങളുടെ വിലക്ക് ആരോഗ്യമേഖലയില്‍ ഉണ്ടാക്കിയ പ്രതിഫലനത്തെക്കുറിച്ചറിയാനാണ് ആരോഗ്യസ്ഥാപനമായ ഇമെഡിനെക്‌സസ് സര്‍വേ നടത്തിയത്. മാര്‍ച്ച് 15, 16 തീയതികളിലായിട്ടായിരുന്നു സര്‍വേ.

മരന്നുസംയുക്തങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മരുന്നുവില്‍പ്പനക്കാരുടെയും രസതന്ത്രശാസ്ത്രജ്ഞരുടെയും സംഘടന ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

ജലദോഷവുമായി പോകുന്ന ഒരാള്‍ക്ക് എന്തുകൊണ്ടാണ് പനിക്കുള്ള മരുന്നുസംയുക്തം നല്‍കുന്നത്. പനി വരുന്നതു പ്രതിരോധിക്കാനയാണ് ഇവ നല്‍കുന്നതെന്നു മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവരാണെന്നും ദ് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നുനിര്‍മാതാക്കളെയും ഡോക്ടര്‍മാരെയുമാണ് ഇത്തരത്തിലുള്ള നിരോധനം പ്രധാനമായും ബാധിക്കുക. അതോടൊപ്പം അനാവശ്യമായ മരുന്നുകള്‍ ജനങ്ങള്‍ക്ക് നിര്‍ദേശിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ക്കാണെന്ന വസ്തുത തള്ളിക്കളയാനാകില്ല.

നിരോധനം നേരിട്ടു ബാധിക്കുന്ന ഡോക്ടര്‍മാരുടെ മനോവികാരം മനസ്സിലാക്കാന്‍ ഈ സര്‍വേയിലൂടെ കഴിഞ്ഞതായാണ് ഇമെഡിനെക്‌സസ് സ്ഥാപനം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചപ്പോള്‍ 401 ശതമാനം പേര്‍ ഇതനാവശ്യമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. നിരോധനം മാത്രമല്ലാതെ സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ജനങ്ങളെയും ഡോക്ടര്‍മാരെയും ബോധ്യപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ. രാജ്യാന്തര തലത്തിലുണ്ടാകുന്ന ചികില്‍സാ മാറ്റങ്ങളെക്കുറിച്ച് ഡോക്ടര്‍മാരെ അറിയിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇമെഡിനെക്‌സസിന്റെ സഹസ്ഥാപകരായ അമിത് ശര്‍മയും നിലേഷ് അഗര്‍വാളും പറഞ്ഞു.