ആവേശമുയര്‍ത്തി കേരള സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ലോകശ്രദ്ധയിലേക്ക്

1

കേരളത്തിലെ കലാലയങ്ങളില്‍ സൗഹൃദങ്ങളിലൂടെ രൂപം കൊള്ളുന്ന ആശയങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് പ്രഫൗണ്ടിസ് പോലെയുള്ള കമ്പനികളുടെ വിജയം കാണിച്ചുതരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ മാര്‍ഇവാനിയോസ് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ സമ്മിറ്റില്‍ (IEDC- Summit 2006) സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണ് ഇങ്ങനെയുള്ള പല കമ്പനികള്‍ക്കും പറയാനുള്ളതെന്നും, വിദ്യാര്‍ത്ഥികളെയും അവര്‍ മുന്നോട്ടു കൊണ്ടുവരുന്ന ആശയങ്ങളെയും ഏതൊരളവുവരെയും പ്രോത്സാഹിപ്പിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ കഴിയാത്തതിനാല്‍ ഉച്ചയ്ക്ക് തന്നെ എന്‍ജീനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവേദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 147 ഇന്നവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ (ഐ.ഇ.ഡി.സി. - കഋഉഇ) നിന്നുമുള്ള 1500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേളയില്‍ വിദ്യാര്‍ത്ഥികളുടെ മികച്ച പദ്ധതികള്‍ക്കുള്ള അവാര്‍ഡുകള്‍ കേരള ടെക്‌നോളജി യൂണിവഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കുഞ്ചറിയ പി ഐസക്ക് വിതരണം ചെയ്തു. രാവിലെ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിദ്ധ്യാര്‍ത്ഥികളുടെ സാങ്കേതിക പദ്ധതികളുടെ പ്രദര്‍ശനത്തില്‍ വയനാട് മേപ്പാടി ഗവണ്‍മെന്റ പോളിടെക്‌നിക്ക് കോളെജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബ്ലൂഡ്രോപ്പ് വെര്‍ച്ച്വല്‍ റിയാലിറ്റി ക്യുമുലേറ്റര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാഞ്ഞിരപ്പളളി അമല്‍ ജ്യോതി കോളെജിന്റെ പ്രൊജക്ട് കേരവീണ രണ്ടാം സ്ഥാനം നേടി. ഗവണ്‍മെന്റ് പോളിടെക്‌നിക് കോതമംഗലം, അമല്‍ ജ്യോതി തുടങ്ങിയവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

ഏറ്റവും മികച്ച ആശയങ്ങളുടെ അവതരണത്തിന് കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജിലെ ആന്‍ മേരി വില്‍സന്‍ അവതരിപ്പിച്ച 'സൈബോഡോക്ക'് അര്‍ഹമായി. കൊച്ചിന്‍ കോളെജ് ഓഫ് എന്‍ജിനീയറിംഗിലെ അജിത്ത് നായര്‍ അവതരിപ്പിച്ച 'ടാന്‍ഡം' രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ വിവിധ എന്‍ജീനിയറിംഗ്, പോളിടെക്‌നിക്, മാനേജ്‌മെന്റ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലായി പ്രവര്‍ത്തിച്ചുവരുന്ന ഐ.ഇ.ഡി.സി. കേന്ദ്രങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ സാങ്കേതിക ആശയങ്ങളുടെ അവതരണവും, മോഡലുകളുടെ പ്രദര്‍ശനവുമാണ് ഐ.ഇ.ഡി.സി. സമ്മിറ്റ് - 2016 ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക ആശയങ്ങള്‍ പ്രോത്സാഹിപ്പിച്ച് വ്യവസായിക പദ്ധതിയിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐ.ഇ.ഡി.സി. കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ലക്ഷം രൂപ വീതം ധനസഹായം ഈ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. സംരംഭക സ്വഭാവം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുതന്നെ രൂപപ്പെടുവാനാവശ്യമായ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും, സ്റ്റാര്‍ട്ട് അപ്മിഷന്‍ ഈ കാര്യത്തില്‍ നല്‍കുന്ന സേവനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹം ഉപയോഗപ്പെടുത്തണമെന്നും സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് കേന്ദ്രങ്ങളുള്ള കോളേജുകളില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി തുടങ്ങാന്‍ പദ്ധതിയിട്ടതായി എസ്.വി.കെ. ചെയര്‍മാന്‍ സജ്ജയ് വിജയകുമാര്‍ അറിയിച്ചു. സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ ഭാഗമാക്കി ധനസഹായം ലഭ്യമാക്കാനും മികച്ച പ്രവര്‍ത്തനത്തിനുള്ള പരിശീലനം നല്‍കുകയുമാണ് ലക്ഷ്യം.

തൈറോകെയര്‍ സി.ഇ.ഒ. ഡോ. എ. വേലുമണി, ജാഗ്രിതി യാത്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് കുമാര്‍, സരള്‍ ഡിസൈന്‍സ് സി.ഇ.ഒ. സുഹാനി മോഹന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവേദിച്ചു. 'ഞാന്‍ എന്തുകൊണ്ട് സംരംഭകനാകണം', 'എങ്ങനെ സംരംഭകനാകാന്‍ കഴിയും?' എന്ന വിഷയം ആധാരമാക്കി സംഘടിപ്പിച്ച രണ്ടു പാനല്‍ ചര്‍ച്ചകള്‍ക്ക് തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി. ബാലഗോപാല്‍, ഡെലിവറി ഡോട്ട് കോം സഹസ്ഥാപകന്‍ അഫ്‌സല്‍ സാലു, ഐ.ബി.എസ്. ഗ്രൂപ്പ് സ്ഥാപകന്‍ വി.കെ. മാത്യൂസ്, എന്‍ഫിന്‍ ടെക്‌നോളജി സി.ഇ.ഒ. അയ്യപ്പന്‍ അശോകന്‍, സീഫണ്ട് ഡയറക്ടര്‍ അശോക് ജി., സേസ്റ്റി ബീന്‍സ് ടെക്‌നോളജീസ് സ്ഥാപകന്‍ ലെവീഷ് പരാട്ട്, റസനോവ ടെക്‌നോളജീസ് സി.ഇ.ഒ. ജിജോ പോള്‍, കെ.എസ്.ഐ.ഡി.സി. ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.