മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ മാതൃകയായി ചന്ദ കൊച്ചാര്‍

0

ഫോര്‍ബ്‌സ് ഏഷ്യാസ് പവര്‍ ബിസിനസ്സ് വുമണ്‍-2016 ലിസ്റ്റില്‍ ഇടംനേടിയതോടെ ഐ സി ഐ സി ഐ ബാങ്കിന്റെ മേനജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കൊച്ചാര്‍ ബിസിനസ്സില്‍ തനിക്കുള്ള പ്രാവീണ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. തന്റെ മകള്‍ക്ക് ചന്ദ എഴുതിയ ഒരു കത്ത് വയറലാകുകയും എല്ലാ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും മാതൃകയായിരിക്കുകയുമാണ്. മകളുടെ കരീറിനെക്കുറിച്ച് ബോധവതിയായ ഒരമ്മ അവളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഏതുരീതിയിലുള്ള ഒരു മകളായി അവള്‍ വളരണമെന്നുമുള്ള സ്വപ്‌നമാണ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തന്റെ മാതാപിതാക്കള്‍ മൂന്നു മക്കളെയും ഒരുപോലെയാണ് വളര്‍ത്തിയതെന്ന് ചന്ദ കത്തില്‍ പറയുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. കരീര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലോ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. അതുകൊണ്ടുമാത്രമാണ് ഒരു സംരംഭത്തിന്റെ തലപ്പത്തിരിക്കാന്‍ തനിക്കിന്ന് സാധിച്ചത്. തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്യാന്‍ സാധിച്ചതാണ് ഇന്നത്തെ വിജയത്തിന് പിന്നില്‍.

മക്കള്‍ ആണായാലും പെണ്ണായാലും ഒരുപോലെ കാണാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരെ ഒരേ രീതിയില്‍ പരിശീലിപ്പിക്കണം, പഠിപ്പിക്കണം, അവസരങ്ങള്‍ നല്‍കണം. ശരിയായ ലോകം എന്താണെന്ന് അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടി പ്രശ്‌നങ്ങള്‍ നേരിടാനുള്ള കരുത്ത് നല്‍കണം. മുഴുവന്‍ സമയവും ജോലിക്കായി നീക്കിവെക്കേണ്ടിവരുന്ന മാതാപിതാക്കള്‍ ജോലിത്തിരക്ക് കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ക്രമീകരിക്കണം.

ചന്ദയുടെ മകള്‍ യു എസില്‍ പഠിക്കുന്ന സമയത്ത് അമ്മക്കയച്ച മെയിലില്‍ പറഞ്ഞിരുന്നത് ഇപ്രകാരമാണ്. അമ്മ സ്വന്തം കരീര്‍ കെട്ടിപ്പെടുക്കുകയല്ല, മറിച്ച് കരീര്‍ മികച്ചതാക്കുന്നതെങ്ങനെയെന്ന് ഞങ്ങള്‍ക്ക് കാട്ടിത്തരികയാണ് അമ്മ. വീട്ടില്‍ ഞങ്ങളുടെ അമ്മ മാത്രമാണ്, എന്നാല്‍ പുറത്ത് വിവിധ സ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ആളാണ്. ഇതേ രീതിയില്‍ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും മെയിലില്‍ പറഞ്ഞിരുന്നു.

ബന്ധങ്ങള്‍ എപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. അവ നശിക്കാതെ നോക്കണം. ബന്ധങ്ങള്‍ എന്നത് രണ്ട് വശങ്ങളിലേക്ക് വഴിയുള്ള ഒരു തെരുവാണ്. നമുക്ക് ഒരാളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം അവരും തിരിച്ച് പ്രതീക്ഷിക്കും.

ജോലി ചെയ്യുകയും ഭാവി കൂടുതല്‍ സുരക്ഷിതമാക്കുകയും വേണം. എന്നാല്‍ നാം കഷ്ടപ്പെടുന്നത് നമ്മുടെ മക്കള്‍ക്ക് വേണ്ടിയാണെന്നുള്ള ചിന്തയാണ് പ്രധാനമായും വേണ്ടത്. അവരോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാതെ സമ്പാദ്യം മാത്രം ഉയര്‍ത്തിയതുകൊണ്ട് കാര്യമില്ല. മക്കളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും ആദരവും വിലമതിക്കാനാകാത്തതാണ്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങള്‍ നേരിടാനും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അന്നത്തെ സാഹചര്യം തരണം ചെയ്യാന്‍ കഴിഞ്ഞത് ചന്ദ ഓര്‍ക്കുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍്ന്ന് 2008ല്‍ ഐ സി ഐ സി ഐ ബാങ്കിന്റെ നില നില്‍പ്പ് തന്നെ അവതാളത്തിലായി. ഈ സമയത്ത് മകന്റെ സ്‌ക്വാഷ് ടൂര്‍ണമെന്റിന് പോകേണ്ടിയിരുന്നു. എങ്ങനെയെന്ന് ചിന്തിച്ചെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് വളരെ അനകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമായി. ടൂര്‍ണമെന്റിലെ ചന്ദയുടെ സാന്നിധ്യം കണ്ട പല കസ്റ്റമേഴ്‌സിനും ബാങ്കിനോടുള്ള വിശ്വാസം കൂട്ടി. മകന്റെ ടൂര്‍ണമെന്റിന് പിന്തുണയുമായി ചന്ദ എത്തിയതോടെ ബാങ്ക് സുരക്ഷിതമാണെന്നും പണത്തെക്കുറിച്ചാലോചിച്ച് ആശങ്ക വേണ്ടേന്നുമായിരുന്നു ടൂര്‍ണമെന്റിനെത്തിയ പല മാതാപിതാക്കളും പറഞ്ഞത്.

ചന്ദയുടെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ മരിച്ചതിനാല്‍ മക്കളെ വളര്‍ത്താനും ഉയര്‍ന്ന നിലയിലെത്തിക്കാനും അമ്മ വളരെ ബുദ്ധിമുട്ടി. പിന്നീട് ചന്ദയും വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയതിലൂടെയാണ് കമ്പനിയുടെ വളര്‍ച്ച ആരംഭിച്ചത്. നിങ്ങളും ആവശ്യമായ സമയത്ത് കരീറില്‍ ശ്രദ്ധിക്കുകയും മികച്ച വിജയം നേടുകും ചെയ്യുമെന്ന് ചന്ദക്ക് ആത്മവിശ്വാസമുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ ഒരേ വേവ്‌ലെംഗ്തിലുള്ള ഒരു പങ്കാളിയെ കണ്ടെത്തുക വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യമാണ്. കരീറിലായാലും വ്യക്തിപരമായ കാര്യങ്ങളിലായാലും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏറ്റവും പ്രധാനം.

പലപ്പോഴും ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള ധൈര്യം കാണിക്കണം. ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പുവരുത്തുകയും ഒരിക്കല്‍ ചെയ്യുന്ന കാര്യത്തില്‍ നിന്നും വ്യതിചലിക്കാതിരിക്കുകയും വേണം. നീതിയും സത്യസന്ധതയും മറന്ന് പ്രവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ചുറ്റിനുമുള്ളവരുടെ വികാരങ്ങള്‍കൂടി മനസിലാക്കിവേണം തീരുമാനങ്ങളെടുക്കാന്‍. ആകാശത്തില്‍ ലക്ഷ്യം വെക്കുകയും വളരെ പതുക്കെ ഒരോ ചുവടുവെപ്പും ആസ്വദ്യകരവുമാക്കി മുന്നോട്ട് പോകുകയും വേണം. സ്ത്രീകളുടെ യാത്രയില്‍ വിമര്‍ശനങ്ങള്‍ ധാരാളം ഉണ്ടാകുമെങ്കിലും സ്വന്തമായി തന്നെ വിമര്‍ശിച്ച് നല്ലതേത് ചീത്തയേതെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടാക്കണമെന്നും ചന്ദ പറയുന്നു.