ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയമിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടര്‍ ഡോ. എം ബീന, പത്തനംതിട്ട കളക്ടര് ആര്‍ ഗിരിജ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും.
ഫെബ്രുവരി 15നാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആംരംഭിക്കുന്ന ഈ വിമാനത്താവളം എരുമേലിയില്‍ നിര്‍മിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റ്, ളാഹയിലെ എസ്‌റ്റേറ്റ്, ചെങ്ങറ ഉള്‍പ്പെട്ട കുമ്പഴ എസ്‌റ്റേറ്റ് എന്നിവയാണ് സര്‍ക്കാര്‍ പരിഗണയിലുള്ളത്. ചെറുവള്ളി എസ്‌റ്റേറ്റ് ബിഷപ്പ് കെ പി യോഹന്നാന്റെയും ളാഹയും കുമ്പഴയും ഹാരിസണ് മലയാളം പ്ലാന്റേഷന്റെയും കൈവശമാണ്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ആറന്മുളയില്‍ വിമാനത്താവളം പണിയാനാകില്ലെന്ന് ഉറപ്പായതോടെയാണ് പദ്ധതിക്കായി മറ്റിടങ്ങള്‍ പരിഗണിച്ച് തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനപ്പെടത്തക്ക വിധമാണ് പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ഫെബ്രുവരി 15നാണ് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗത മാര്‍ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗമോ, എം സി റോഡ് എന്‍ എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗം. അങ്കമാലിശബരി റെയില്‍പാത നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. അതു കൊണ്ടു തന്നെ ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ തീരുമാനം തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
Related Stories
Stories by TEAM YS MALAYALAM