പത്ത് രൂപക്ക് ഒരു ബ്രാന്‍ഡൊരുക്കി രമേശ്

0


പീം പീം പീം എന്ന ഹോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ രമേശ് പുറത്തെത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലാകും. ഒരു മിനിറ്റിനകം തന്നെ കഴുകി വൃത്തിയാക്കിയ കോഫി കപ്പുമായി പര്‍പ്പിള്‍മാംഗോ സ്ഥാപനത്തിലെ മുഴുവന്‍ ജോലിക്കാരും ഗേറ്റിനു പുറത്തെത്തും. രണ്ടു പ്ലാസ്റ്റിക് കുട്ടകളിലായി കൊണ്ടുവന്ന പാലടങ്ങിയ വലിയ ഫ്‌ലാസ്‌ക് രമേശ് പുറത്തെടുക്കും. പിന്നെ ചൂടുവെള്ളവും. കപ്പുകളില്‍ നിറയെ ഇവ രണ്ടും ഒഴിച്ച് കൂട്ടിക്കലര്‍ത്തി നല്ല ഉഗ്രന്‍ ചായയോ കാപ്പിയോ രമേശ് ഉണ്ടാക്കിത്തരും.

രമേശിന്റേതായ തനതു ശൈലിയിലാണ് ഇവ ഉണ്ടാക്കുക. മറ്റുള്ളവരില്‍ നിന്നും രമേശിനെ വ്യത്യസ്തനാക്കുന്നതും ഇതാണ്.

*ആരുടെയെങ്കിലും ചായ അല്‍പ്പം സ്‌ട്രോങ് ആയാല്‍ കുറച്ച് പാല്‍ കൂടി അതില്‍ ഒഴിച്ച് പരുവത്തിനാക്കി കൊടുക്കും

* തുളസിയുടെ തളിരിട്ടാണ് ലമണ്‍ ചായ ഉണ്ടാക്കുന്നത്

* കാപ്പിയുടെ മധുരം ശരിയായ അളവിലായിരിക്കും. ഒരിക്കലും കൂടുകയോ കുറയുകയോ ഇല്ല

ഒരു കപ്പിന് 10 രൂപയാണ് വില. രമേശിന്റെ ഈ ചെറിയ ബിസിനസ് ഉപഭോക്താക്കള്‍ക്ക് വലിയ അളവില്‍ സംതൃപ്തി നല്‍കുന്നുണ്ട്. രമേശില്‍ നിന്നും ഞങ്ങള്‍ പഠിച്ച ഏതാനും കാര്യങ്ങളാണ് ഇനി ഇവിടെ പറയുന്നത്.

1. നിങ്ങളുടെ ഉപഭോക്താവിനെ മനസ്സിലാക്കുക

രമേശിന് ഓരോരുത്തരുടെയും രുചി നന്നായിട്ടറിയാം. ഓരോരുത്തര്‍ക്കും മധുരം എത്രയാ വേണ്ടതെന്നും നന്നായിട്ടറിയാം. ഓരോരുത്തരും തന്നില്‍ നിന്നും ആഗ്രഹിക്കുന്നതെന്താണോ അതവര്‍ക്ക് രമേശ് നല്‍കുന്നു.

2. ബന്ധങ്ങള്‍ നിലനിര്‍ത്തുക

ഓരോരുത്തരുമായും ആത്മാര്‍ഥമായ ബന്ധമാണ് രമേശിനുള്ളത്. ഒരു ദിവസം ഒരാളെ കണ്ടില്ലെങ്കില്‍ അയാളെക്കുറിച്ച് തിരക്കും. അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളിലെ സുരക്ഷാ ജീവനക്കാരും രമേശ് നല്ല ബന്ധത്തിലാണ്. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണെന്നും അവയെ മുന്നോട്ടുകൊണ്ടുപോകേണ്ടത് വ്യത്യസ്തമായിട്ടാണെന്നും രമേശിന് അറിയാം

3. സമയമാണ് പണം

ഓരോ സ്ഥലത്തും 10 മിനിറ്റിലധികം രമേശ് ചെലവഴിക്കാറില്ല. കാരണം രമേശിന്റെ ലോകത്തില്‍ സമയമാണ് പണം. ഓരോ ഫ്‌ലാസ്‌ക്കിനും വ്യത്യസ്ത നിറമാണ്. അതിനാല്‍ തന്നെ ഓരോ ഫ്‌ലാസ്‌ക്കും തുറക്കാതെ തന്നെ അതിനകത്ത് എന്താണെന്നു രമേശിനു കൃത്യമായി അറിയാം. ഒരിടത്തുനിന്നും ഒരു സമയം 200 രൂപയുടെ വരുമാനം രമേശ് നേടുന്നുണ്ട്.

4. ഭാവിപ്രവചനം

ഒരു ദിവസം നല്ല മഴയായിരുന്നു. ചൂടുള്ള ഒരു കപ്പ് കാപ്പി കിട്ടാന്‍ ഞങ്ങളെല്ലാവരും കൊതിക്കുന്നുണ്ടായിരുന്നു. ഈ മഴയത്തു രമേശ് എത്തില്ലായെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മറ്റെല്ലാ ദിവസത്തെപ്പോലെ അന്നും കൃത്യസമയത്ത് രമേശ് എത്തി.

5. ബ്രാന്‍ഡിന്റെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക

സമീപത്തെ മറ്റുള്ള കച്ചവടക്കാരെക്കാള്‍ ഞങ്ങള്‍ക്കിഷ്ടം രമേശിനെയാണ്. കാരണം ഞങ്ങളുടെ വാതില്‍ക്കല്‍ രമേശ് ഓരോ ദിവസവും എത്തുന്നത് ഞങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്.

വളരെ ആയാസരഹിതവും ലാഭകരവുമായ ജോലിയാണ് രമേശ് ചെയ്യുന്നത്. ഒരൊറ്റ രാത്രികൊണ്ട് വലുതാക്കിയെടുത്തതല്ല രമേശ് തന്റെ ബിസിനസ്. ഓരോ ദിവസം കുറച്ചു കുറച്ചായി വളര്‍ത്തിയെടുത്തതാണ്. രമേശില്‍ നിന്നും ലഭിക്കുന്ന പ്രചോദനത്തിന് ഞങ്ങളോരുരുത്തരും അയാളോട് കടപ്പെട്ടിരിക്കുന്നു.