മേളയില്‍ മത്സര വിഭാഗം ചിത്രങ്ങള്‍ക്ക് വരവേല്പ്

0

തിരുവനന്തപുരം: പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തിരക്കാഴ്ചകള്‍ സമ്മാനിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെ പ്രേക്ഷകര്‍ അത് നെഞ്ചിലേറ്റി. മേളയുടെ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ മത്സരവിഭാഗം ചിത്രങ്ങളാണ് ഭൂരിഭാഗം ആസ്വാദകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ജംഷദ് മുഹമ്മദ് റാസയുടെ ഉറുദു ചിത്രം മൂര്‍ സമ്മിശ്ര പ്രതികരണം നേടി.

ആര്‍ ജയരാജിന്റെ ഒറ്റാല്‍, കസാക്കിസ്ഥാന്‍ സിനിമ ബോപെം, സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചായം പൂശിയ വീട്, ബൗദ്ധായന്‍ മുഖര്‍ജിയുടെ ദ വയലിന്‍ പ്ലെയര്‍ എന്നിവയാണ് മത്സരവിഭാഗത്തില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്.സാഹിത്യ ഇതിഹാസം ആന്റന്‍ ചെക്കോവിന്റെ പ്രശസ്ത രചന വാന്‍കയെ ആസ്പദമാക്കിയെടുത്ത ഒറ്റാല്‍ കാണാന്‍ പ്രേക്ഷകര്‍ തിക്കിതിരക്കിയെത്തി. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ബാലവേലയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം ചെറുമകനും മുത്തഛനും തമ്മിലുള്ള നിഷ്‌കളങ്കമായ ബന്ധം വരച്ചുകാട്ടുന്നു. അമ്മയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്ന മകന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ മാനസിക സംഘര്‍ഷമാണ് ബോപെം.

നല്ലൊരു ഭാവി മുന്നില്‍ കണ്ടുകൊണ്ട് അപരിചിതന്റെ പിന്നാലെ പോകുന്ന വയലിനിസ്റ്റിനെ പ്രമേയമാക്കിയ ചിത്രമാണ് ദ വയലിന്‍ പ്ലെയര്‍. അദ്ദേഹത്തിന്റെ ഉള്ളിലെ ഒളിച്ചോട്ടക്കാരനെ സസൂക്ഷ്മമായി ചിത്രത്തില്‍ അനാവരണം ചെയ്തിരിക്കുന്നു. റാവുല്‍ പെക്കിന്റ എ മര്‍ഡര്‍ ഇന്‍ പാക്കോട്ടും ശ്രീജിത് മുഖര്‍ജിയുടെ രാജ് കഹാനിയും ശ്രീ വിശാഖിലാണ് പ്രദര്‍ശിപ്പിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഗതകാല പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തെ ഹെയ്ത്തിയില്‍ നിന്നുള്ള എ മര്‍ഡര്‍ ഇന്‍ പാക്കോട്ട് പങ്കുവയ്ക്കുമ്പോള്‍ അധികാരികളുടെ ഇടപടലിനെതിരെ ശബ്ദമുയര്‍ത്തുന്ന വേശ്യാലയത്തിലെ അന്തേവാസികളെയാണ് രാജ് കഹാനി ഇതിവൃത്തമാക്കിയിരിക്കുന്നത്.

നഗ്‌നരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് നിഷധിക്കപ്പെട്ട ചിത്രമായ ചായം പൂശിയ വീടിന്റെ പ്രഥമ പ്രദര്‍ശനമായിരുന്നു മേളയില്‍. മനുഷ്യരുടെ പുറം കാട്ടലുകളും ആന്തരിക മനോഭാവവും തമ്മിലുള്ള അഭേദ്യബന്ധത്തെയാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.