പ്രസംഗകലയെ പ്രണയിച്ച് നിര്‍ഭയനായി പ്രജീഷ്

പ്രസംഗകലയെ പ്രണയിച്ച് നിര്‍ഭയനായി പ്രജീഷ്

Monday March 21, 2016,

5 min Read

വാക്കുകള്‍ക്ക് ആയുധത്തെക്കാള്‍ മൂര്‍ച്ചയുണ്ടെന്നു ലോകത്തെ അറിയിച്ചവരാണ് നല്ല പ്രാസംഗികര്‍. ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഇന്നും ഇതിഹാസ സമാനമായി മനുഷ്യരാശിയുടെ മുന്നില്‍ നില്‍ക്കുന്നു. പ്രസംഗം ഒരു കലയാക്കി മാറ്റിയ മുണ്ടശേരി മാഷ്, അഴിക്കോട് മാഷ് തുടങ്ങി എണ്ണം പറഞ്ഞ പ്രതിഭാധനന്‍മാര്‍ നമുക്ക് ഇന്നും പ്രചോദനമാണ്. ഈ ഗണത്തിലേക്ക് വളര്‍ന്നു വരുന്ന ഒരു പ്രസംഗികന്‍ കേരളത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് തന്റെ ഖ്യാതി ദേശത്തെയാകെ അറിയിക്കുകയാണ്. പ്രസംഗവും താര്‍ക്കിക ജ്ഞാനവും കൈമുതലാക്കിയ പ്രജീഷ് എന്ന യുവ സംരംഭകനാണ് നാളെയുടെ പ്രതീക്ഷയാകുന്നത്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യനിന്ന് പ്രജീഷ് എ പി എന്ന 25കാരനാണ് ഇന്ത്യയുടെ പ്രതീക്ഷയായി മാറുന്നത്. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ഇന്ന് നിര്‍ഭയ ഡിബേറ്റിംഗ് സംഘത്തിന്റെ ചെയര്‍മാന്‍ കൂടിയായ പ്രജീഷ് യുവ തലമുറക്ക് പ്രചോദനമായി തന്റെ ജീവിതം മാറ്റിയെടുക്കുകയാണ്.

image


പത്താം ക്ലാസ്സ് വരെ ശരാശരി വിദ്യാര്‍ഥി ആയിരുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഹയര്‍ സെക്കന്ററി കാലഘട്ടമായിരുന്നു. സ്‌കൂളിലെ സന്നദ്ധ സേനയില്‍ പ്രവര്‍ത്തിക്കുകയും നേതൃത്വത്തെക്കുറിച്ചുള്ള ക്ലാസ്സുകളില് പങ്കെടുക്കുകയും ചെയ്ത പ്രജീഷിന് സ്‌കൂള്‍ ലീഡറിന്റെ പ്രസംഗത്തില്‍ താല്പര്യം തോന്നി. ഇതേത്തുടര്‍ന്നാണ് ചെറിയ രീതിയില്‍ പ്രസംഗിച്ചു തുടങ്ങുന്നത്. പത്രവായനയും പുസ്തകവായനയും ഈ സമയത്ത് ശക്തമായി. പഠനത്തോടൊപ്പം മറ്റു പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തി. വിദ്യാലയത്തിലെ 12-ാം ക്ലാസ്സ് യാത്രയയപ്പ് ചടങ്ങിലായിരുന്നു ഒരു പ്രാസംഗികന്‍ എന്ന നിലയിലെ ആദ്യ കാല്‍വെയ്പ്. അന്ന് നടത്തിയ പ്രസംഗം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അവിടെ നിന്നും പ്രജീഷ് എന്ന പ്രതിഭയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.

image


ബിരുദ പഠനത്തിനായി തിരുവനന്തപുരം മാര്‍ ഇവാനീയസ് കോളേജില്‍ ചേരുന്ന സമയത്ത് കേരള സര്‍വകലാശാലയില്‍ ഗാന്ധിയന്‍ പഠനത്തില്‍ തലവനായിരുന്ന ജെ എം റഹിം മാഷിനെ പരിചയപ്പെട്ടു. ഇത് പ്രജീഷിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ആ വര്‍ഷം നടന്ന കേരളോത്സവത്തില്‍ പ്രജീഷ് പങ്കെടുത്തു. രണ്ടാം വര്‍ഷം ആയപ്പോഴേക്കും കുട്ടികളും അധ്യാപകരും പ്രജീഷിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആ വര്‍ഷം കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഡിബേറ്റിന് രണ്ടാം സ്ഥാനം നേടി. മൂന്നാം വര്‍ഷം കൊല്ലത്ത് വച്ചു നടന്ന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു താര്‍ക്കികന്‍ എന്നതിലുപരി നല്ലൊരു സംഘാടനകനും കൂടിയാണ് ഇദ്ദേഹം. 2012 ല്‍ ഇവാനിയോസ് കോളേജില്‍ നടന്ന ഇവനോ ഫെസ്റ്റിന്റെ പ്രധാന സംഘാടകന്‍ പ്രജീഷ് ആയിരുന്നു.

image


ഒന്നാം വര്‍ഷം ആയിരുന്നപോള്‍ തന്നെ റഹിം മാഷും ആയി ചേര്‍ന്ന് പ്രായമോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ തുറന്ന ചര്‍ച്ചകളില്‍ എര്‍പ്പെടുന്നതിനായി ഗാന്ധിയന്‍ യുവജന വേദിക്ക് തുടക്കം കുറിച്ചു. പലപ്പോഴും മണിക്കൂറുകള്‍ നീണ്ടുനിന്ന ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് ഇത് നയിച്ചു. അതിലൂടെ ഒരു താര്‍ക്കികന്റെ കഴിവ് മൂര്‍ച്ചപ്പെടുകയും ചെയ്തു. കുട്ടിക്കാലം മുതലേ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ആകണം എന്ന സ്വപ്നവും ആയിട്ടാണ് പ്രജീഷ് വളര്‍ന്നത്. ഇദ്ദേഹത്തിന് ബാല്യ കാലം മുതലേ പൊതു സമൂഹവുമായി നല്ല ബന്ധമായിരുന്നു. ഒരു പൊതു പ്രവര്‍ത്തകനായ ഇളയച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പ്രജീഷ് സ്‌കൂള് കാലത്ത് പത്രം വിതരണം ചെയ്യാനും അവധി ദിവസങ്ങളില്‍ ടെക് നോപാര്‍ക്കില്‍ ചെടികള്‍ നനയ്ക്കാനും പോകുമായിരുന്നു. കുട്ടികാലം മുതല്‍ ഊര്‍ജ്ജസ്വലനായ കുട്ടിയായിരുന്നു പ്രജീഷ്. വീട്ടിലെ കിണറില്‍ മോട്ടോര്‍ ഉണ്ടായിരുന്നിട്ടും കയറും തൊട്ടിയും ഉപയോഗിച്ച് മുപ്പതോളം ബക്കറ്റ് വെള്ളം കോരി പലപ്പോഴും ടാങ്ക് നിറയ്ക്കുമായിരുന്നു. അതോടൊപ്പം സൈക്കിള്‍ ചവിട്ടലും ഇഷ്ട വിനോദം ആയിരുന്നു.

image


ബിരുദാനന്തര ബിരുദത്തിനും അതെ കലാലയത്തില്‍ തന്നെ ചേര്‍ന്ന അദ്ദേഹം തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ കലാലയ ജീവിതം തന്റേതാക്കി മാറ്റി. 2013ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ പരിപാലനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പ്രസംഗ മത്സരത്തില്‍ പ്രജീഷ് ഒന്നാം സ്ഥാനം നേടി. ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കൈയ്യില്‍ നിന്നും സമ്മാനം വാങ്ങി.

image


തന്റെ ജീവിതത്തിലെ ആദ്യത്തെ സംസ്ഥാന അവാര്‍ഡ്, തുടര്‍ന്ന് ഗാന്ധിയന് യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ ഉണരുക ഇന്ത്യ എന്ന പരിപാടി നടത്തി വന്‍വിജയമായി. ഈ കാലഘട്ടതാണ് രാഹുല്‍ ഈശ്വറുമായി നല്ലൊരു ബന്ധം ഉണ്ടാകുന്നത്.

image


പല തരത്തില്‍ തന്റെ കഴിവുകളെ മിനുസപ്പെടുത്തിയെടുക്കാന്‍ രാഹുലുമായുള്ള ബന്ധത്തിന് കഴിഞ്ഞു. തന്റെ മത്സരങ്ങള്‍ക്ക് വിധി കര്‍ത്താവായിരുന്ന രാഹുലിന്റെ ഒപ്പം ഇന്ന് പല വേദികളിലും വിധികര്‍ത്താവാകാന്‍ പ്രജീഷിന് കഴിഞ്ഞു. ഈ സമയത്ത് തന്നെയാണ് തന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും അറിയിക്കുന്നത്. തന്റെ കോളേജില്‍ ഉള്ള ഒരു സുഹൃത്തിനെ ചര്‍ച്ചകള്‍ക്ക് പങ്കാളിയായി കിട്ടി. ആ കൂട്ടുകെട്ടില്‍ പല വിജയങ്ങളും സ്വന്തമാക്കി അതില്‍ പ്രധാനമായ ഒന്നായിരുന്നു അലിഗഡ് സര്‍വകലാശാല നടത്തിയ ചര്‍ച്ചയിലെ മൂന്നാം സ്ഥാനം.

image


വ്യക്തിപരമായി പ്രജീഷ് ഈ കാലഘട്ടത്തില്‍ ഒരു പ്രധാന നേട്ടം കൊയ്തു സേവാഗ്രാം മഹാരാഷ്ട്രയില്‍ വച്ചു നടത്തിയ ഗാന്ധി ക്വിസില്‍ ഒന്നാം സ്ഥാനം നേടാനായി. അതോടൊപ്പം സെഞ്ച്വറിമാന്‍ എന്ന വിളിപ്പേരിനും അര്‍ഹനായി കാരണം ഗാന്ധി ക്വിസില്‍ 100 പോയിന്റ് നേടുന്ന ആദ്യ വ്യക്തി ആയിരുന്നു ഇദ്ദേഹം.

image


സാധാരണ വ്യക്തികളുടെ ജീവിതത്തില്‍ കഴിവുകള്‍ കലാലയ ജീവിതത്തിനപ്പുരം പോകുക വിരളമാണ്. ഇതറിയാമായിരുന്ന പ്രജീഷ് പ്രസംഗവും ചര്‍ച്ചകളും അവസാനിക്കാതെ മുന്നോട്ട് കൊണ്ട് പോകാനായി ഒരു വഴി തിരക്കി. അതിന്റെ ഫലമാണ് 'നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റി'. ആരെയും പേടിക്കാതെ, ആരുടേയും പക്ഷം ചേരാതെ, ഒരു പാര്‍ട്ടിയേയും കൂട്ടുപിടിക്കാതെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വേദി അതാണ് നിര്‍ഭയ.2014 മാര്‍ച്ച് 30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില് ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു പരിപാടി നടത്തിക്കൊണ്ടാണ് നിര്‍ഭയ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഏപ്രില്‍ മാസത്തില് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍ഭയയുടെ ലോഗോ പ്രകാശനം ചെയ്തു.

image


ഒരു കാലത്ത് കേരളത്തില്‍ നിറഞ്ഞു നിന്ന വൈകുന്നേര ചര്‍ച്ചകള്‍ ഇന്ന് അന്യമാണ്. അവിടെയാണ് ഈ യുവ സംരംഭകന്റെ ആശയങ്ങളുടെ പ്രസക്തി. ഏകദേശം 300 വര്‍ഷം പഴക്കമുള്ള ' ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ സൊസൈറ്റി' യെപ്പോലെ ഒരു സംഘടന അതാണ് ലക്ഷ്യം.ആരംഭിച്ച വര്‍ഷം തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ ഒരേ വേദിയില്‍ അണി നിരത്തിക്കൊണ്ട് 'വാഗ്മി' എന്ന പേരില് ഒരു പ്രസംഗ പഠന കളരി നടത്തി. ഈ പ്രസംഗ കളരിയില് പങ്കെടുത്ത സിദ്ധാര്‍ഥ് ഇന്ന് സംസഥാന യുവജനോത്സവ വേദിയിലെ സമ്മാന ജേതാവാണ്. അതിനോട് ചേരന്‍ന്ന് 'ജ്വാല' എന്ന പേരില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമിനാര്‍ നടത്തി. പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിത്തീര്‍ന്ന സെമിനാറില്‍ ഇന്ത്യയിലെ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കാളികളായി. കേരളത്തിലെ എല്ലാ കലാലയങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 'യുവാഗ്‌നി' എന്ന പേരില്‍ ഒരു ഇന്റര്‍ കോളേജ് ഫെസ്റ്റ് നടത്തി. സംഘടന മികവിന്റെ ഒരു നല്ല ഉദാഹരണം ആയി അത് മാറി.

image


നിര്‍ഭയയുടെ പ്രഥമ യുവജന പുരസ്‌കാരം 'മുരുകന്‍ തെരുവോരത്തിന്' സമ്മാനിച്ചു. ഇതിന്റെ ആശയങ്ങള മനസിലാക്കി ഇന്ന് കേരളത്തിന്റെ പല ഭാഗത്തും ചെറിയ ചെറിയ ചര്‍ച്ചാ വേദികളും പ്രവര്‍ത്തിക്കുന്നു. സജീവമായ ഇടപെടല്‍ കൊണ്ട് വളരെപ്പെട്ടന്നു തന്നെ നിര്‍ഭയ ഒരു വിപ്ലവം ആയി മാറിയിരിക്കുകയാണ്. നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അഭിമാനത്തോടെയാണ് പ്രജീഷ് ഇന്ന് നോക്കിക്കാണുന്നത്.

image


പ്രജീഷിന്റെയും നിര്‍ഭയയുടെയും തലവര മാറ്റിയത് 2016ല്‍ ന്യൂ ഡല്‍ഹി യില്‍ നെഹ്‌റു യുവകേന്ദ്ര നടത്തിയ പ്രസംഗ മത്സരം ആയിരുന്നു. 'രാഷ്ട്ര നിര്‍മാണവും രാജ്യ സ്‌നേഹവും' എന്ന വിഷയത്തില്‍ നടന്ന ദേശീയതല മത്സരത്തില് രണ്ടാം സ്ഥാനം സ്വന്തമാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം, നാട്ടുകാരുടെ ആദരം. എന്നിങ്ങനെ ഇദ്ദേഹത്തെ തേടി വരാത്ത ബഹുമതികള്‍ ചുരുക്കം. ഇതോടൊപ്പം സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന ഒരു യുവ സംരംഭകനും പ്രാസംഗികനുമൊക്കെയായി മാറി. പ്രജീഷിന്റെ പേരില് 15 പെര്‍സോണ പട്ടങ്ങള്‍, അഞ്ചു മികച്ച മാനേജര്‍ പട്ടങ്ങള് , മൂന്ന് സര്‍വകലാശാല താര്‍ക്കിക പട്ടങ്ങള്‍ എന്നിവ ഇന്ന് നിലവിലുണ്ട്. 

image


തന്റെ ജീവിതത്തില് എല്ലാ നേട്ടങ്ങള്‍ക്കും പിന്നില് അമ്മയാണ് എന്ന് പ്രജീഷ് അഭിമാനത്തോടെ പറയുന്നു. ജീവിതത്തില്‍ തന്റേതായ കാഴ്ച്ചപ്പാടുകള്‍ ഉള്ള പ്രജീഷ് പറയുന്നത് ഇങ്ങനെയാണ് 'വലിയ സ്വപ്നങ്ങള്‍ കാണുക', നമ്മള്‍ ആയിരിക്കുന്ന സുരക്ഷിത മേഖലകളില്‍ നിന്നും പുറത്ത് വരിക, ജീവിതത്തില് റിസ്‌ക് എടുക്കുക, സ്വന്തം കുറവുകളോട് പോരാടി വിജയിക്കുക, ഉറങ്ങാന്‍ മരണ ശേഷം വളരെ അധികം സമയം ഉണ്ട് , ജീവിതം ഒന്നേ ഒള്ളു അത് നന്നായി ജീവിച്ച് തീര്കണം. 'Think global; Act local'ഈ ചിന്തയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാകുന്നത്.

image


ഗാന്ധിയന്‍ സോഷ്യലിസം വളരെയധികം പിന്തുടരുന്ന പ്രജീഷ് , ജയപ്രകാശ് നാരായണന്റെ ക്ഷേമ രാഷ്ട്രം എന്ന ആശയവും സ്വപ്നം കാണുന്നു. പൌലോ കൊയിലോയുടെ 'അല്കമിസ്റ്റ് 'ല്‍ പറയുന്നത് പോലെ പ്രകൃതിയോടു ചോദിച്ചാല്‍ എന്തും ലഭിക്കുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.നിര്‍ഭയ ഒരു സ്റ്റാര്‍ട്ട് അപ്പ് ആയി ആരംഭിച്ച് വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കാനായി ' നിര്‍ഭയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ' എന്ന ഗവേഷണ സ്ഥാപനം തുടങ്ങുക എന്നതാണ് ലക്ഷ്യം. Etnrepreneur എന്നതില്‍ നിന്നും മാറി Edupreneur എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇന്ന് ഇവാന്‍സ് ബിസിനസ് സ്‌കൂളിന്റെ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

image


നിര്‍ഭയ പ്രസംഗവും ചര്‍ച്ചയും മാത്രമല്ല ചെയ്യുന്നത് സമൂഹത്തിനായി നന്മയുടെ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. ബോധവത്കരണ ക്ലാസുകള്‍, രക്തദാന ക്യാമ്പുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, വൃദ്ധ സദന സന്ദര്‍ശനങ്ങള്‍ എന്നിവ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.പ്രജീഷിന്റെ ആശയത്തിന് ലഭിച്ച അംഗീകാരമാണ് കേരളം മുഴുവനും ഉള്ള ചര്‍ച്ചാ വേദികള്‍ ഇന്ന് സ്വീകരിച്ചിരിക്കുന്ന 'പഞ്ചതന്ത്ര ' (panchatatnra) എന്ന ആശയം. വാദം, വാക്യം, വചനം, വേഗം, വിവേകം എന്നീ അഞ്ചു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പഞ്ചതന്ത്ര ആശയം പ്രജീഷ് തന്നെ തയ്യാറാക്കിയ ഒന്നാണ്.ഇന്നത്തെ screen age യുഗത്തില്‍ വേദി അറിഞ്ഞു സംസാരിക്കുന്നതിലൂടെയും കുറഞ്ഞ സമയത്ത് നിലവാരമുള്ള സന്ദേശം കൈമാറുകയും ചെയ്യുന്നതിലൂടെയും യുവ തലമുറയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും എന്നതാണ് നിര്‍ഭയയിലൂടെ പ്രജീഷ് തെളിയിച്ചു കാണിക്കുന്നത്.

image


ഇന്ന് എന്‍.സി.സി കളിലും, നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പുകളിലും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍കും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയാണ് ഇദേഹം. പല വിധ പ്രവര്‍ത്തനങ്ങളിലൂടെ വിജയത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്ന പ്രജീഷ് കേരളത്തിലെ യുവ തലമുറക്ക് മാതൃകയാക്കാവുന്ന ഒരു യുവ സംരംഭകനാണ് എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു.