സ്‌കൂളുകളുടെ ഉന്നമനത്തിനായി 'വര്‍ത്തന'

0

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്വകാര്യ സ്‌കൂളുകളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് 'വര്‍ത്തന'. ബാംഗ്ലൂര്‍ ആസ്ഥാനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ വര്‍ത്തനയുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട,് എസ്സന്‍ഷ്യല്‍ ക്യാപിറ്റല്‍ കണ്‍സോര്‍ഷ്യത്തില്‍ ( ഇ സി സി) നിന്നുമാണ് ലഭിച്ചത്. രണ്ട് മില്ല്യണ്‍ ഡോളറാണ് ഇതിനായി ലഭിച്ചത്. ഇടപാടുകള്‍ സാധ്യമാക്കിയിരുന്നത് നേത്രി പ്രൈവറ്റ് ഫൗണ്ടേഷനായിരുന്നു. ഗ്ലോബല്‍ സോഷ്യല്‍ ഫിനാന്‍സ് ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു നേത്രി ഫൗണ്ടേഷന്‍.

ധാരാളം സ്‌കൂളുകള്‍ക്ക് ഈ ഫണ്ട് വായ്പയായി നല്‍കി. വളര്‍ച്ചക്കനുസരിച്ച് ഫണ്ടിംഗ് ഉറവിടങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്‌കൂളുകളുടെ എണ്ണവും വര്‍ധിച്ചുവന്നു. ദീര്‍ഘകാല ഫണ്ട് ലഭിക്കുന്ന വിധത്തില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കാനും വര്‍ത്തനയുടെ സി ഇ ഒ സ്റ്റീവ് ഹാര്‍ഡ് ഗ്രേവ് തീരുമാനിച്ചു.

2013 ജനുവരിയിലാണ് വര്‍ത്തന ആരംഭിച്ചത്. ആ സമയത്ത് 30 ലോണുകള്‍ മാത്രമാണ് നല്‍കാന്‍ കഴിഞ്ഞിരുന്നത്. ആരംഭിച്ച സമയത്ത് പത്ത് അംഗങ്ങള്‍ മാത്രമായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 20 നഗരങ്ങളിലായി 800 സ്‌കൂളുകള്‍ക്ക് ലോണുകള്‍ കൊടുത്തു കഴിഞ്ഞു. 65 കോടി രൂപയാണ് ലോണായി നല്‍കിയിട്ടുള്ളത്. നിലവില്‍ 100 അംഗങ്ങളാണ് സംരംഭത്തിലുള്ളത്. വിദ്യാഭ്യാസ മേഖലക്ക് പുറമെ മറ്റ് രംഗങ്ങളിലും വികസനം വളര്‍ത്താന്‍ അവര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്. ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി സ്‌കൂളുകള്‍ക്ക് മികച്ച രീതീയില്‍ ലോണ്‍ അനുവദിക്കാന്‍ സാധിച്ചു. സാമ്പത്തിക സഹായം ആവശ്യമുള്ള ശരിയായ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്.

കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച സ്‌കൂള്‍ ആയിരിക്കണം. നടപടിക്രമങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. ലോണ്‍ തിരിച്ചടക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ നോക്കിയാണ് ലോണ്‍ അനുവദിക്കുക. പുതിയതായി ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് ലോണ്‍ അനുവദിക്കാറില്ല. നിരവധി ഇടങ്ങളില്‍ ബ്രാഞ്ചുള്ള പല സ്‌കൂളുകളും അവരുടെ ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാറുണ്ട്. അത്തരക്കാര്‍ക്കും ലോണ്‍ കൊടുക്കാറില്ല.

സ്‌കൂളിനെക്കുറിച്ചുള്ള അഭിപ്രായവും അന്വേഷിക്കാറുണ്ട്. വളരെ മികച്ചരീതിയില്‍ മുന്നോട്ട് പോകുന്ന സ്‌കൂളുകളാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് ലോണ്‍ നല്‍കുക.

സ്‌കൂളിലെ തന്നെ വിവിധ സജ്ജീകരണങ്ങള്‍ക്കായാണ് ലോണ്‍ നല്‍കുക, കുട്ടികള്‍ക്കായി കമ്പ്യൂട്ടര്‍ ലബോറട്ടറി സജ്ജീകരിക്കുക, അടിസ്ഥാനപരമായ ഉപകരണങ്ങളായ മേശ, കസേര, ഡസ്‌ക് എന്നിവ വാങ്ങുന്നതിന്, പഠനോപകരണങ്ങള്‍ വാങ്ങുന്നതിന്, പുതുക്കിപ്പണിയല്‍ എന്നിവക്കാണ് ലോണ്‍ ലഭിക്കുക, രണ്ട് തരം ലോണുകളാണ് നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ 50 ലക്ഷം വരെ. മൂന്ന് വര്‍ഷത്തേക്ക് അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. കൂടുതലായും ചെറിയ പദ്ധതികളായ ഉപകരണങ്ങള്‍ വാങ്ങുന്നതിനോ പെണ്‍കുട്ടികള്‍ക്ക് വിശ്രമ മുറി കെട്ടുന്നതിനോ ഒക്കെയാണ് ലോണ്‍ ആവശ്യമായി വരുക. പുതുക്കി പണിയുന്നതിനും മറ്റും വലിയ തുക ലോണെടുക്കുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പമാണ് പദ്ധതിക്കായി ഇന്ത്യ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇതിന്റെ ഉടമസ്ഥരായ സ്റ്റീവും ബ്രജേഷും പറയുന്നു. കുറഞ്ഞ വരുമാനക്കാരാണ് നമ്മുടെ ജനസംഖ്യയുടെ വലിലയ പങ്കും. 400 മില്ല്യണ്‍ കുട്ടികളാണ് ഇതില്‍ ഉള്‍പ്പെടുക. അത്തരക്കാര്‍ക്ക് അവരുടെ പിടിയിലൊതുങ്ങുന്ന സ്വകാര്യ സ്‌കൂളുകള്‍ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.

സ്‌കൂളുകളില്‍ മറ്റ് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുകയാണ് വര്‍ത്തനയുടെ അടുത്ത ലക്ഷ്യം. ഇതിലൂടെ സ്‌കൂളുകള്‍ക്ക് തന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനം സ്വരൂപിക്കാനാകും.