മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാക്കി വെഹിക്കിള്‍ എസ് ടി ഡോട്ട് കോം

0


മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വെഹിക്കിള്‍എസ്ടി.കോം തുടക്കമിട്ടു. വെഹിക്കിള്‍എസ്ടി സ്മാര്‍ട്ട് ഓട്ടോ എന്നു പേരിട്ടിരിക്കുന്ന സേവനം തിരുവനന്തപുരം പേട്ട ജനമൈത്രി ഓട്ടോസ്റ്റാന്‍ഡില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു. അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോറിക്ഷകളാണ് ഈ ആപ്ലിക്കേഷനിലൂടെ സവാരിക്ക് ലഭ്യമാകുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ കൈവശമില്ലാത്തവര്‍ക്കും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എസ്എംഎസ് അലര്‍ട്ട് നല്‍കി ഓട്ടോറിക്ഷകളെ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കഴിഞ്ഞാല്‍ രാത്രിയിലും മറ്റും യാത്ര ചെയ്യേണ്ടിവരുന്ന വനിതായാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ഒരു ലക്ഷത്തില്‍പരം ഓട്ടോറിക്ഷകളെ ഈ സോഫ്റ്റ്‌വെയര്‍ വഴി മോണിട്ടര്‍ ചെയ്യാനായാല്‍ അതൊരു വന്‍ നേട്ടമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോര്‍ട്ടലിന്റെ ലോഞ്ചിംഗ് ഐടി മിഷന്‍ ഡയറക്ടര്‍ കെ.മുഹമ്മദ് വൈ.സഫറുള്ള നിര്‍വ്വഹിച്ചു. നൂതനമായ ഈ പദ്ധതിയിലൂടെ ഓട്ടോറിക്ഷകളില്‍ സുരക്ഷിതയാത്ര ഉറപ്പാക്കാനാകുന്നതിനൊപ്പം അക്ഷയ സംരംഭകര്‍ക്ക് അധികവരുമാനം കണ്ടെത്താനും കഴിയുമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള പറഞ്ഞു. സ്മാര്‍ട്ട് ഓട്ടോ സംരംഭത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജനമൈത്രി ഓട്ടോറിക്ഷകളുടെ സാമൂഹ്യസേവനത്തെ ആദരിക്കുന്നതിന് വെഹിക്കിള്‍എസ്ടി നല്‍കുന്ന പുരസ്‌കാരം അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എം.ഷാജി വിതരണം ചെയ്തു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എം.ഷാജി, ജനമൈത്രി സിആര്‍ഒയും പേട്ട എസ്‌ഐയുമായ എഫ്. അജിത് കുമാര്‍, അക്ഷയ നെറ്റ്‌വര്‍ക്കിംഗ് മാനേജര്‍ പി.പി.ജയകുമാര്‍, പേട്ട കൗണ്‍സിലര്‍ ഡി.അനില്‍കുമാര്‍, സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ആന്റണി ഡിക്‌സണ്‍, അക്ഷയ ജില്ലാ കോഓര്‍ഡിനേറ്റര്‍ റജു ലാല്‍ ടോം, വെഹിക്കിള്‍എസ്ടി സിഇഒ ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

വെഹിക്കിള്‍എസ്ടി.കോം എന്ന വെബ്‌സൈറ്റും ഇവരുടെ മൊബൈല്‍ ആപ്ലിക്കേഷനും വഴിയാണ് ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാകുക. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ടാബ്‌ലെറ്റുകള്‍ ഈ ഓട്ടോറിക്ഷകളിലുണ്ടാകും. യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ പോകുന്ന വഴി മനസ്സിലാക്കാന്‍ ഇതിലെ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാം. ഒപ്പം യാത്രക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്ന് വെഹിക്കിള്‍എസ്ടി സിഇഒ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു. ബംഗളുരുവില്‍ പരീക്ഷിച്ച് വിജയിച്ച സമ്പ്രദായമാണ് ഇവര്‍ തിരുവനന്തപുരത്തും തുടങ്ങുന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോറിക്ഷകള്‍ മാത്രമാണ് ഈ സേവനത്തിലൂടെ യാത്രക്കായി ലഭ്യമാക്കുക.

ഓട്ടോറിക്ഷയ്‌ക്കൊപ്പം ടാക്‌സി കാര്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങിയ വാഹനങ്ങളും വിമാന ടിക്കറ്റ് ബുക്കിംഗ്, ക്രെയ്ന്‍, ബുള്‍ഡോസര്‍, റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് പോലുള്ള അത്യാവശ്യ സേവനങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയോ, വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്ടെത്താന്‍ സാധിക്കും. ഈ സൗകര്യത്തില്‍ സേവനം നല്‍കാന്‍ താല്‍പര്യമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും ഡ്രൈവറുടെ മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

അടുത്ത ആറുമാസത്തിനുള്ളില്‍ ആയിരം ഓട്ടോറിക്ഷകളെ ഈ ഇടത്തില്‍ കൊണ്ടുവരികയാണ് വെഹിക്കിള്‍എസ്ടിയുടെ ലക്ഷ്യം. തുടക്കമെന്ന നിലയില്‍ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്കു വരുന്ന രോഗികള്‍ക്കായി സൗജന്യ സവാരി ലഭ്യമാക്കുമെന്ന് ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു.

അനുബന്ധ സ്‌റ്റോറികള്‍

1. ഇങ്ങള് പെരുത്ത് സംഭവമാ...കലക്ടര്‍ ബ്രോയുടെ ബിരിയാണി വാഗ്ദാനം ഉഷാര്‍: 14 ഏക്കര്‍ ചിറ സൂപ്പര്‍

2.ക്രൈം മാപ്പിംഗ് സംവിധാനവുമായി കേരള പോലീസ്‌

3. സഹായ ഹസ്തവുമായി 'ഹെല്‍പ്പിംഗ് ഫേസ്‌ലെസ്'

4. കുടിവെള്ളത്തിനും ശുചിത്വത്തിനുമായി മൊബൈല്‍ സാങ്കേതിക വിദ്യ

5. നാനോ സാറ്റലൈറ്റുമായി തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍