കര്‍ഷക സേവനത്തിനായി സഞ്ചരിക്കുന്ന ടെലിവെറ്ററിനറി യുനിറ്റ്

0


മനുഷ്യര്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ രോഗങ്ങള്‍ ബാധിക്കുകയോ ചെയ്താല്‍ ആശുപത്രിയില പോകുക സാധാരണമാണ്. എന്നാല്‍ നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കാണ് ഇത് സംഭവിക്കുന്നതെങ്കിലോ? ചെറിയ മൃഗങ്ങളാണെങ്കില്‍ ഒരു വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എന്നാല്‍ വീട്ടില്‍െ വളര്‍ത്തുന്ന പശുവിനോ എരുമക്കോ പോത്തിനോ ഒക്കെയാണ് അസുഖം ബാധിക്കുന്നതെങ്കിലോ? ഒരു വെറ്ററിനറി ഡോക്ടറെ വീട്ടിലേക്ക് വരുത്തും. ആശുപത്രിയില്‍ കൊണ്ട് പോകേണ്ട അവസ്ഥയാണെങ്കില്‍ ഒരു വാഹനത്തില്‍ കയറ്റി കൊണ്ടുപോകും. എന്നാല്‍ മൃഗങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ? പേടിക്കണ്ട, അതിനും മാര്‍ഗമുണ്ട്. മൃഗങ്ങളെ സുഗമമായി വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാം.

കര്‍ഷക സേവനത്തിന് അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ടെലിവെറ്ററിനറി യൂനിറ്റാണ് മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് മൃഗസംരക്ഷണത്തിന് അത്യാധുനിക രീതിയിലുള്ള ആംബലുലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ശീതികരിച്ച ഈ വാഹനത്തില്‍ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി സൗകര്യമുള്ള എക്‌സ്‌റേ സംവിധാനം, അള്‍ട്രാസൗണ്ട് സ്‌കാനര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ സംയോജിപ്പിച്ച ടെലിമെഡിസിന്‍ സൗകര്യം, തളര്‍ച്ച ബാധിച്ച പശുക്കളെ ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാമുണ്ട്.

വിദൂര സ്ഥലങ്ങളില്‍ വിദഗ്‌ധോപദേശം വേണ്ടിവരുന്ന ചികിത്സാഘട്ടങ്ങളില്‍ വാഹനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടെലിമെഡിസിന്‍ സങ്കേതങ്ങളിലൂടെ മൃഗത്തിന്റെ എക്‌സ്‌റേ, സ്‌കാനിംഗ് ചിത്രം എന്നിവ ത്രി ജി സംവിധാനത്തില്‍ ബേസ് സ്റ്റേഷനിലെ വിദഗ്ധരുടെ വിലയിരുത്തലിന് വിധേയമാക്കും. ഇത്തരത്തില്‍ വിദഗ്ധ ചികിത്സ നിശ്ചയിക്കുന്നതിനും കൂടാതെ വെബ് ക്യാമറകളുടെ സഹായത്താല്‍ മറ്റ് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് മികച്ച സേവനം ലഭ്യമാക്കാനും സാധിക്കും. ശസ്ത്രക്രിയ ഉപകരണങ്ങള്‍, ലബോറട്ടറി പരിശോധനകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്.

അപ്രതീക്ഷിതമായി തളര്‍ച്ച ബാധിച്ച ഉരുക്കളെ ഉയര്‍ത്തി ചികിത്സ തുടരുന്നതിന് സി-ഡാക് രൂപകല്‍പന ചെയ്ത അനിമല്‍ ലിഫ്റ്റിംഗ് ഉപകരണവും വാഹനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ വീട്ടുപടിക്കല്‍ മികച്ച സേവനം ലഭ്യമാക്കുവാന്‍ ലക്ഷ്യമിടുന്ന ഈ പ്രോജക്ട് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 99.7 ലക്ഷം രൂപ ചെലവ് ചെയ്ത് സി-ഡാക്ക് മുഖേനെയാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. വാഹനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഒരു ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ആറ് മാസത്തിന് ശേഷം സംസ്ഥനത്ത് വ്യാപകമാക്കും.

ഇടുങ്ങിയ റോഡുകളുള്ള ഉള്‍ഗ്രാമങ്ങളിലേക്ക് വരെ കടന്നെത്താന്‍ ഈ വാഹനത്തിനാകും എന്നതാണ് പ്രത്യേകത. രോഗം ബാധിച്ച മൃഗങ്ങള്‍ക്ക് വേണ്ടി ഇലക്ട്രോണിക് മെഡിക്കല്‍ റിക്കോര്‍ഡ്( ഇ എം ആര്‍) മൊബൈല്‍ യൂനിറ്റില്‍ തയ്യാറാക്കും. ഇത് ത്രി ജി സംവിധാനം വഴി വെറ്ററിനറി ആശുപത്രിയിലേക്ക് അയക്കപ്പെടും. ത്രിജി കണക്ഷന്‍ കിട്ടാത്ത സ്ഥലങ്ങളില്‍ ഇ എം ആറിന്റെ ഡുവല്‍ സ്റ്റോറേഡ് പ്രയോജനപ്പെടും.

വെറ്ററിനറി ആശുപത്രിയിലേക്ക് റിപ്പോര്‍ട്ട് അയക്കുന്നത് മൃഗങ്ങളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുണം ചെയ്യും. മാത്രമല്ല ഇ എം ആറില്‍ ഉണ്ടാകുന്ന വ്യത്യാസം മൊബൈല്‍ യൂണിറ്റിലെ സെര്‍വറിലും അതോടൊപ്പം ആശുപത്രിയിലെ സെര്‍വറിലും നിരീക്ഷിക്കപ്പെടും. മൊബൈല്‍ യൂനിറ്റിലുള്ള ഡോക്ടര്‍ക്ക് ആവശ്യമെങ്കില്‍ മറ്റ് ഡോക്ടര്‍മാരുടെ സഹായം തേടുന്നതിനും അവരുമായി സംസാരിക്കുന്നതിനുമുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും വാഹനത്തിലുണ്ട്.

അതത് സ്ഥലങ്ങളിലെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കേബിളും വാഹനത്തില്‍ തയ്യാറക്കിയിട്ടുണ്ട്. വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വാഹനത്തിലുള്ള ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഒരു ഡോക്ടറും ഒരു ടെക്‌നീഷ്യനും ഡ്രൈവറുമാകും വാഹനത്തിലുണ്ടായിരിക്കുക. എയര്‍ കണ്ടീഷന്‍ ചെയ്തതാണ് മൊബൈല്‍ യൂനിറ്റ്.