അപകടരഹിതമായി ദീപാവലി ആഘോഷിച്ച് ഐ എം എ  

0

രാജ്യത്തെ തന്നെ നടുക്കിയ പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം, ശിവകാശിയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ അപകടരഹിതമായ ആഘോഷം എന്ന സന്ദേശമുയര്‍ത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കുറി ഐ എം എ സുരക്ഷിത ദീപാവലി ആഘോഷിച്ചത്. ദീപാവലി പോലുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കണ്ണിനും കാതിനും ഉള്‍പ്പടെയുള്ള അപകടങ്ങള്‍ ഉണ്ടായി നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നത്. ശബ്ദമലിനീകരണം അന്തരീക്ഷമലിനീകരണം എന്നിവ കുറച്ച് അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ ഇത്തരം ആഘോഷങ്ങള്‍ സുരക്ഷിതമായി ആഘോഷിക്കാം എന്ന ആശയം ജനങ്ങളിലത്തെിക്കുക എന്ന് ഉദ്ദേശ്യത്തിലാണ് ഐ എം എ സുരക്ഷിത ദീപാവലിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്.

നേരത്തേ ഇതിന് മുന്നോടിയായി മ്യൂസിയം റേഡിയോ പാര്‍ക്കില്‍ നടക്കുന്ന 'സ്വദേശി സ്വച്ഛ് സുരക്ഷിത് ദീപാവലി' എന്ന പരിപാടിയില്‍ മേയര്‍ വി.കെ.പ്രശാന്ത്, ഒ.രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യഅതിഥികയി പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിനോടൊപ്പം ഐ.എം.എ ഇന്‍ഷ്യേറ്റീവ് ഫോര്‍ സെയ്ഫ് സൗണ്ട്, സ്വസ്തി ഫൗണ്ടേഷന്‍, യങ് ഇന്ത്യന്‍സ് ( കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രിയുടെ യുവജന വിഭാഗം), ഐ എം എ നമ്മുടെ ആരോഗ്യം മാസിക എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എം.എ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൃത്തം, മാജിക് അക്കാഡമിയുടെ മാജിക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.

ശബ്ദവും അന്തരീക്ഷ മലിനീകരണവും കുറച്ച് എങ്ങനെ ദീപാവലി ആഘോഷിക്കാമെന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ.എം.എ തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ആര്‍.സി.ശ്രീകുമാര്‍, സെക്രട്ടറി ഡോ.ജി.എസ്സ്. വിജയകൃഷ്ണന്‍ ഐ.എം.എ മുന്‍സംസ്ഥാന പ്രസിഡണ്ട് ഡോ.ശ്രീജിത്.എന്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ഐ എം എ നമ്മുടെ ആരോഗ്യം മാസികയുടെ എഡിറ്റര്‍ ഡോ പ്രശാന്ത്, സ്വസ്തി കണ്‍വീനര്‍ എബി ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.