ലാറ്റിനമേരിക്കന്‍ സിനിമയില്‍ ഇന്ത്യന്‍ സ്വാധീനമേറെ: പെറു സംവിധായകന്‍ ഡാനിയല്‍ മോള്‍റോ

0

പുത്തന്‍തലമുറ ലാറ്റിനമേരിക്കന്‍ സിനിമകളിലെ ഇന്ത്യന്‍ സ്വാധീനം മാറ്റി നിറുത്താനാവില്ലെന്ന് പ്രശസ്ത പെറുവിയന്‍ സംവിധായകന്‍ ഡാനിയല്‍ മോള്‍റോ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെറുവിലെ ഏതു കുഗ്രാമത്തില്‍ പോയാലും ബോളിവുഡ് സിനിമകളോ ഗാനങ്ങളോ ഉണ്ട്. പഴയ ആചാരങ്ങളും ആധുനികതയും തമ്മിലുളള സംഘര്‍ഷം ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അതു തന്നെയാണ് വീഡിയോഫീലിയ എന്ന തന്റെ ചിത്രത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശം പെറുവിനെ സ്പാനിഷ് സ്വാധീന പ്രദേശമാക്കിയെങ്കിലും സ്വന്തം സംസ്‌കാരവും ഭാഷയും തങ്ങള്‍ കൈവിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയെന്നതാണ് സംവിധായകര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇങ്ങനെ എടുത്ത സിനിമ ഹോളിവുഡിന്റെ ഇഷ്ടത്തിനനുസരിച്ച് കാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഡാനിയേല്‍മോള്‍റോ പറഞ്ഞു. പെറുവിയന്‍ സിനിമകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുളളത് ഇന്ത്യന്‍ ദക്ഷിണേഷ്യന്‍ സിനിമകളാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

ഫ്രഞ്ച് സംവിധായകന്‍ ലോറന്റ് ലാവ്രി, കുര്‍ദിഷ് സംവിധായകന്‍ സഖ്വാന്‍ ഇദ്രിസ്, പെറുവിയന്‍ സംവിധായകന്‍ ഡാനിയല്‍മോള്‍റോ, ഇറാനിയന്‍ സംവിധായകന്‍ ഹാദി മൊഹാഗെ എന്നിവരാണ്മീറ്റ് ദ ഡയറക്‌ടേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തത്. വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്ന സിനിമകള്‍ ചെയ്യുന്നതിന് ധൈര്യം ആവശ്യമാണെന്ന് നാലു സംവിധായകരും പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം റിയലിസ്റ്റിക് ആയ സിനിമകള്‍ എടുക്കുന്നതിന് പണവും ആവശ്യമുണ്ട്.

ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പാണ് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ക്ക് പണം നല്‍കുന്നത്. വാണിജ്യ സിനിമകളുടെ ടിക്കറ്റില്‍നിന്ന് പണമുണ്ടാക്കിയാണ് ഇവര്‍ ഇതിന് ഫണ്ടു ചെയ്യുന്നതെന്നും ലോറന്റ് ലാവ്രി ചൂണ്ടിക്കാട്ടി. സ്വന്തം ഇഷ്ടത്തിന് സിനിമ ചെയ്യണമെങ്കില്‍ പണവും സ്വയംമുടക്കണമെന്നതാണ് തന്റെ നയമെന്ന് ഹാദി മൊഹാഗെ പറഞ്ഞത് സദസില്‍ചിരി പടര്‍ത്തി.

പണം മുടക്കാന്‍ ആളില്ലാത്ത് പ്രശ്‌നം കേരളത്തിലുംരൂക്ഷമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ് നാഥ്ചൂണ്ടിക്കാട്ടി. ദേശീയ അവാര്‍ഡ് നേടിയ താന്‍ എന്തു കൊണ്ട് പിന്നീട ്‌സിനിമ ചെയ്തില്ലെന്ന് ശ്യാം ബെനെഗല്‍ ചോദിച്ചതും അദ്ദേഹം മീറ്റ് ദ ഡയറക്ടേഴ്‌സിനു തൊട്ടു മുമ്പു നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ചൂണ്ടിക്കാട്ടി. കെ.ആര്‍ മോഹനനെപ്പോലെ മികച്ച സംവിധായകന്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നിര്‍മ്മാതാവില്ലാത്തതിനാല്‍ സിനിമ ചെയ്യാതിരിക്കുന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഈ പ്രതിസന്ധി സിനിമയിലൂടെ മറികടക്കാമെന്നു വച്ചാല്‍ അതിനും ഫണ്ട് വേണമെന്നത് ഒരു വൈരുദ്ധ്യമായി ബാക്കിയാവുന്നുവെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചലച്ചിത്രമേളയുടെ ആതിഥ്യവും കേരളത്തിലെ സിനിമാപ്രേമികള്‍ പാശ്ചാത്യസിനിമകളോട് കാണിക്കുന്ന ആവേശവും തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് എല്ലാ സംവിധായകരും പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഈ മാതൃക അനുകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.