സ്വര്‍ണത്തിളക്കമുള്ള കണ്ടക്ടര്‍

സ്വര്‍ണത്തിളക്കമുള്ള കണ്ടക്ടര്‍

Thursday November 26, 2015,

1 min Read

ഈ കണ്ടക്ടറുടെ മണിബാഗില്‍ കിലുങ്ങുന്നത് ചില്ലറയല്ല സ്വര്‍ണങ്ങളാണ്. വെറുതെ കിട്ടിയ സ്വര്‍ണമല്ല, പൊരുതി നേടിയ പൊന്ന്. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സങ്‌ലി യൂനിറ്റിലെ കണ്ടക്ടര്‍ അബാസാഹിബ് ഗൈക്‌വാഡ് ആണ് ഈ സ്വര്‍ണത്തിളക്കമുള്ള കണ്ടക്ടര്‍. അഡ്‌ലെയ്ഡില്‍ നടന്ന ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഗെയിംസാണ് അബാസാഹിബിന് സ്വര്‍ണം സമ്മാനിച്ചത്. മൂന്നു വ്യത്യസ്ഥ ഇനങ്ങളിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ജാവെലിന്‍, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലാണ് അബാസാഹിബ് സ്വര്‍ണമണിഞ്ഞത്. പരിശീലകന്റെ സഹായമില്ലാതെയാണ് അദ്ദേഹം സ്വര്‍ണം കൊയ്തത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഗെയിംസില്‍ മറ്റു രാജ്യങ്ങളിലെ മികച്ച താരങ്ങളോട് കടുത്ത മല്‍സരം നടത്തിയാണ് അബാസാഹിബ് സ്വര്‍ണനേട്ടം കൈവരിച്ചത്.

image


പ്രതിസന്ധികളോട് പൊരുതിയാണ് അബാസാഹിബ് സ്‌പോര്‍ട്‌സില്‍ പിടിച്ചു നില്‍ക്കുന്നത്. കണ്ടക്ടര്‍ ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുകയും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുകയും വേണം. മാസ്റ്റര്‍ ഗെയിംസില്‍ സെലക്ഷന്‍ കിട്ടിയിട്ടും പങ്കെടുക്കാന്‍ പണമില്ലാതെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അറിയാവുന്ന സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരുമാണ് യാത്രാചെലവിനുള്ള പണം സംഘടിപ്പിച്ചത്. മുംബൈയില്‍ നടന്ന സെലക്ഷന്‍ മല്‍സരത്തില്‍ വിജയച്ചതോടെയാണ് ഓസ്‌ട്രേലിയയിലേക്ക് വഴിയൊരുങ്ങിയത്. പണം സ്വരൂപിക്കുക എന്നത് വെല്ലുവിളിയായപ്പോള്‍, രണ്ടരലക്ഷം രൂപയുമായി സുഹൃത്തുക്കള്‍ എത്തി. അവരാണ് തന്റെ ഈ സ്വര്‍ണത്തിന് കാരണമെന്നും അബാസാഹിബ് പറയുന്നു. പണം വില്ലനായിട്ടും അദ്ദേഹം കഴിവുതെളിയിച്ചതിലുള്ള ആഹ്ലാദമാണ് ഭാര്യ സുരേഖ ഗൈക്‌വാഡ് പങ്കുവയ്ക്കുന്നത്. പരിശീലകനില്ലെങ്കിലും ഇനിയും അദ്ദേഹം സ്‌പോര്‍ട്‌സില്‍ മുന്നേറുമെന്നും അതിന് താന്‍ എന്നും കൂടെയുണ്ടാകുമെന്നും അവര്‍ പറയുന്നു.