ഇഷ്ട ഭക്ഷണം തിരഞ്ഞെടുക്കാന്‍ സഹായിച്ച് കെറ്റ്ചപ്പ്‌

0

ഭക്ഷണ രംഗത്ത് അനുദിനം പുതിയ പുതിയ ആശയങ്ങളുമായി ഒട്ടേറെ സംരംഭകര്‍ കടന്നുവരുന്നുണ്ട്. പല വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്ന റസ്റ്ററന്റുകള്‍, ഇഷടപ്പെട്ട ഭക്ഷണം നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ വാതിലിനു മുന്നില്‍ എത്തിക്കുന്ന ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിന്റോയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെറ്റ്ചപ്പും.

മറ്റുള്ളവരെപ്പോലെ റസ്റ്ററന്റുകള്‍ തുടങ്ങുന്നതിനും ഭക്ഷണങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചു കൊടുക്കുന്നതിനും പുറകെ പോകാതെ പുതിയൊരാശയമാണ് കെറ്റ്ചപ്പ് സ്വീകരിച്ചത്. പലപ്പോഴും ഒരു റസ്റ്ററന്റില്‍ പോയാല്‍ മെനു കാര്‍ഡ് നോക്കി എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടതെന്ന് നമുക്കെല്ലാം സംശയം തോന്നിയിട്ടുണ്ട്. ഇനി ആ സംശയം വേണ്ട. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാന്‍ കെറ്റ്ചപ്പ് സഹായിക്കും. ഏതു സമയത്തും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനും അതെവിടെ നിന്നു കിട്ടുമെന്നും കെറ്റ്ചപ്പ് പറഞ്ഞുതരും. മൊബൈല്‍ ആപ്പിലൂടെയാണ് കെറ്റ്ചപ്പിന്റെ പ്രവര്‍ത്തനവും.

കെറ്റ്ചപ്പിന്റെ തുടക്കം

നരേന്ദ്ര കുമാറും ചിരാഗ് തനേജയും വളരെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരെയും പോലെ ഭക്ഷണപ്രിയരായിരുന്നു ഇരുവരും. ഡല്‍ഹിയിലെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന റസ്റ്ററന്റുകളില്‍ പോവുക ഇരുവരുടെയും പതിവാണ്. ആ സമയത്താണ് ചിരാഗിന് ഒരു സര്‍ജറി വേണ്ടിവന്നത്. ഇതിനുശേഷം ഭക്ഷണത്തോടുള്ള അഭിരുചി ഇരുവരും കുറച്ചു. റസ്റ്റന്റുകളില്‍ പോകുന്നത് നിര്‍ത്തി. പോയാല്‍ തന്നെ എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടതെന്ന് രണ്ടുപേര്‍ക്കും സംശയമായി.

സൊമാറ്റോ പോലുള്ളവ മികച്ച റസ്റ്ററന്റുകള്‍ ഏതാണെന്നു കാണിച്ചുകൊടുത്തു. പക്ഷേ അവിടെ എത്തിയാല്‍ എന്താണ് കഴിക്കേണ്ടതെന്ന് രണ്ടുപേര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെ നഗരത്തില്‍ എവിടെയാണ് മികച്ച ഭക്ഷണം ലഭിക്കുക എന്നതിനെക്കുറിച്ച് ബുക്ക് എഴുതാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി വിവരങ്ങള്‍ ലഭിക്കുന്നതിനായി കെറ്റ്ചപ്പ്ഗ്യാങ് എന്നൊരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കി. ജനങ്ങളോട് അവര്‍ക്ക് ഇഷ്ടപ്പെട്ട റസ്റ്ററന്റുകളെക്കുറിച്ചും അവര്‍ക്ക് അവിടെ ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചും പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ജനങ്ങള്‍ പല റസ്റ്ററന്റുകളെക്കുറിച്ചും അവിടത്തെ വിഭവങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അവരുടെ അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ചു. ഇതില്‍ നിന്നാണ് പെട്ടെന്ന് ഒരാള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്നു തിരഞ്ഞെടുത്തുകൊടുക്കാനും അതെവിടെ കിട്ടുമെന്നു പറഞ്ഞുകൊടുക്കാനും കഴിയുന്ന സംരംഭത്തെക്കുറിച്ച് ചിന്തിച്ചത്. ഇതാണ് മൊബൈല്‍ ആപ്പ് എന്ന ആശയത്തിലേക്ക് തങ്ങളെ കൊണ്ടെത്തിച്ചതെന്ന് മുപ്പതുകാരനായ ചിരാഗ് പറഞ്ഞു.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ രാഹുല്‍ മാക്കറും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു. റസ്റ്ററന്റുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ബിപിന്‍ തനേജയുടെ സഹായം കിട്ടി. മികച്ചൊരു ടെക്‌നിക്കല്‍ ടീമിനെ ആവശ്യമാണെന്നു പിന്നീട് മനസ്സിലായി. തുടര്‍ന്ന് ഐഐടി ഡല്‍ഹിയിലെ പൂര്‍വ വിദ്യാര്‍ഥിയായ അബ്ദുല്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നല്ലൊരു ടീമീനെ രൂപീകരിച്ചു. കെറ്റ്ചപ്പിന്റെ സഹസ്ഥാപകരില്‍ ഒരാളായി അബ്ദുലും പങ്കുചേര്‍ന്നു.

കെറ്റ്ചപ്പ് പ്രവര്‍ത്തനം തുടങ്ങുന്നു

വ്യത്യസ്ത ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിച്ചറിഞ്ഞത് കൂടുതല്‍ പ്രയോജനകരമായി. ഇതു വ്യത്യസ്ത റസ്റ്ററന്റുകളിലെ മികച്ച ഭക്ഷണം ഏതാണെന്ന് ഉപഭോക്താവിനെ അറിയിക്കാന്‍ ഗുണകരമായി. അതിനാല്‍ തന്നെ ഒരു റസ്റ്ററന്റില്‍ ആരെങ്കിലും എത്തി എന്താണ് കഴിക്കേണ്ടതെന്ന് ആപ്പിലൂടെ ചോദിച്ചാല്‍ ശരിയായ ഭക്ഷണം അവര്‍ക്ക് നിര്‍ദേശിക്കാനും സാധിച്ചു.

ഉദാഹരണത്തിന് ഇപ്പോള്‍ ഒരാള്‍ അയാള്‍ താമസിക്കുന്ന പ്രദേശത്ത് നല്ല മസാലദോശ കിട്ടുന്നതെവിടെയാണെന്നു ചോദിച്ചാല്‍ ഉടനടി അയാള്‍ക്ക് അതിനുള്ള ഉത്തരം ലഭിക്കും. അയാളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മസാലദോശ എവിടെ കിട്ടുമെന്നതിനെക്കുറിച്ചുള്ള പൂര്‍ണ വിവരം അയാള്‍ക്ക് ആപ്പിലൂടെ ലഭിക്കുമെന്നു ചിരാഗ് പറയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയും ബ്ലോഗിലൂടെയും കെറ്റ്ചപ്പ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. ഇതനുസരിച്ച് ആവശ്യമായ മാറ്റങ്ങളും വരുത്തുന്നു. ഇതു കൂടുതല്‍ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സഹായിച്ചു. മാത്രമല്ല നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഒരു വിഭവം സമൂഹ മാധ്യമങ്ങളിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പേരും നിങ്ങള്‍ക്ക് കാണാനാകും.

കെറ്റ്ചപ്പിന്റെ വളര്‍ച്ച

2015 നവംബറിലാണ് ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്. ഇതുവരെ ഗുഡ്ഗാവ് പ്രദേശത്തു മാത്രമം 1,000 ലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ തന്നെ കെറ്റ്ചപ്പ് ഐഒഎസ് ആപ്പും പുറത്തിറക്കും. ഡല്‍ഹിയില്‍ നടക്കുന്ന പലാട്ടെ ഫെസ്റ്റ് 2015, ഡല്‍ഹി കോക്ക്‌ടെയില്‍ വീക്ക് തുടങ്ങി വിവിധ ഫുഡ് ഫെസ്റ്റിവലുകളുമായും കെറ്റ്ചപ്പ് കൈകോര്‍ക്കുന്നുണ്ട്. ആപ്പിലൂടെ ഈ ഫെസ്റ്റിവലിലെ വിഭവങ്ങളെക്കുറിച്ചും വിവരം നല്‍കുന്നു. ഇതു സന്ദര്‍ശകര്‍ക്ക് കൂടുതല്‍ പ്രയോജനമേകുന്നു.

സുഹൃത്തുക്കളില്‍ നിന്നും മറ്റു ചിലരില്‍ നിന്നും കെറ്റ്ചപ്പ് നിക്ഷേപം നേടിയിട്ടുണ്ട്. മറ്റു നിക്ഷേപകരില്‍ നിന്നും നിക്ഷേപം നേടാനുള്ള ശ്രമത്തിലാണ്. മാത്രമല്ല നിലവിലെ വിഭവങ്ങള്‍ 3,000 ത്തില്‍ നിന്നും 15,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. പിന്നീടിത് ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ അമൃത്സര്‍, ലുധിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ലക്‌നൗ, ഷിംല, മനാലി തുടങ്ങി വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കെറ്റ്ചപ്പ് പ്രവര്‍ത്തനം വിപുലീകരിക്കും. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ വന്‍കിട റസ്റ്ററന്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കെറ്റ്ചപ്പ് പദ്ധതിയിടുന്നു.