സംസ്ഥാനത്തെ രണ്ടാമന്‍ ; നേട്ടത്തില്‍ അഭിമാനിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്തെ രണ്ടാമന്‍ ; നേട്ടത്തില്‍ അഭിമാനിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

Saturday April 29, 2017,

2 min Read

വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. 30,000 രൂപയുടെ വ്യത്യാസത്തിലാണ് കാസര്‍ഗോഡ് ജില്ല ഒന്നാമതെത്തിയത്. 85.10 ശതമാനം തുക ചെലഴിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ചരിത്രനേട്ടത്തിലെത്തിയത്. സംസ്ഥാനത്ത് മുന്‍നിരയില്‍ ജില്ലാ പഞ്ചായത്തിനെ എത്തിക്കുന്നതിന് സഹകരിച്ച ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നന്ദി അറിയിച്ചു. ഭരണചുമതലയില്‍പ്പെട്ട സംയുക്ത പദ്ധതികള്‍ ഏറ്റെടുത്തതാണ് നേട്ടത്തിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.അനില്‍കുമാര്‍ പറഞ്ഞു.

image


 ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്ന് മാലിന്യനിര്‍മാര്‍ജനം, പാലിയേറ്റീവ് പരിചരണം തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കി. പാലിയേറ്റീവ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 80 ലക്ഷം രൂപയാണ് നല്‍കിയത്. മാലിന്യ നിര്‍മാര്‍ജന സംയുക്ത പദ്ധതികള്‍ക്കായി 27 ലക്ഷം രൂപ ചെലവഴിച്ചു. കുടിവെള്ള പദ്ധതികള്‍ക്കായി നാലുകോടി രൂപയും വൈദ്യുതീകരണ പദ്ധതികള്‍ക്കായി 87 ലക്ഷം രൂപയും വിനിയോഗിച്ചു. എസ്.സി വിഭാഗത്തിന് കുടിവെള്ള പദ്ധതികള്‍ക്കായി 93 ലക്ഷം രൂപ വേറെയും ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനില്‍പ്പെട്ട ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വരാച്ചാല്‍ പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഈ പദ്ധതിയുടെ പ്രവര്‍ത്തനം തുടരുന്നു. റോഡു വികസനത്തിനായി 16.14 കോടി രൂപയാണ് ചെലവഴിച്ചത്. ഐ.എ.വൈ പദ്ധതിയില്‍ 6.80 കോടി രൂപ വിനിയോഗിച്ചു. നെല്‍കൃഷി പദ്ധതിക്കായി 1.33 കോടി രൂപയും ഇടവിള കൃഷിക്കായി 30 ലക്ഷം രൂപയും ഉപയോഗിച്ചു. എസ്.സി വിഭാഗത്തിന് കാര്‍ഷിക പദ്ധതികള്‍ക്കായി 70 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. എസ്.സി വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്ക് ആയൂര്‍വേദ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ ചെലവഴിച്ചു. എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. മണ്ണുസംരക്ഷണവുമായി ബന്ധപ്പെട്ട് എസ്.സി വിഭാഗത്തില്‍ 1.04 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. കോഴഞ്ചേരി ആശുപത്രിക്ക് 15 ലക്ഷം രൂപ ചെലവഴിച്ച് ആംബുലന്‍സ്, ജില്ലാ ആയൂര്‍വേദ ആശുപത്രി, കോഴഞ്ചേരി ആശുപത്രി എന്നിവയ്ക്ക് 80 ലക്ഷം ചെലവഴിച്ച് ലിഫ്റ്റ്, കോന്നി ഗ്രാമ പഞ്ചായത്തിന് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ, കോട്ടാങ്ങല്‍ പഞ്ചായത്തിന് വഴിയോര വിശ്രമ കേന്ദ്രത്തിന് 25 ലക്ഷം, കോയിപ്രം ഗ്രാമ പഞ്ചായത്തിന് ശ്മശാന നിര്‍മാണത്തിനായി 40 ലക്ഷം രൂപ, റോഡ് വികസനം കൂടാതെ മെയിന്റനന്‍സ് ഗ്രാന്റില്‍ 4.21 കോടി രൂപ എന്നിങ്ങനെ ചെലവാക്കി. ആകെ പദ്ധതി തുകയായ 23879.28 ലക്ഷം രൂപയില്‍ 17335.52 ലക്ഷമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പദ്ധതികള്‍ സമബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞതാണ് രണ്ടാം സ്ഥാനത്തെത്താന്‍ ജില്ലയെ സഹായിച്ചതില്‍ ഒരു പ്രധാന ഘടകമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു.