സമാന്തര സിനിമാ സംവിധായകര്‍ക്ക് ഇത് അനുയോജ്യ കാലം: ബൗദ്ധായന്‍ മുഖര്‍ജി

സമാന്തര സിനിമാ സംവിധായകര്‍ക്ക് ഇത് അനുയോജ്യ കാലം: ബൗദ്ധായന്‍ മുഖര്‍ജി

Monday December 07, 2015,

1 min Read

പാര്‍ശ്വവല്‍കൃത ജീവിതങ്ങളേയും കാലിക പ്രസക്ത വിഷയങ്ങളേയും ജനമധ്യത്തില്‍ എത്തിക്കുന്നതിന് സമാന്തര സിനിമാ സംവിധായകര്‍ക്ക് അനുയോജ്യമായി ലഭിച്ച സമയമാണിതെന്ന് മറാത്തി സംവിധായകന്‍ ബൗദ്ധായന്‍ മുഖര്‍ജി.

കണ്ണില്‍ പൊടിയിടുന്ന ചിത്രങ്ങള്‍ ആവശ്യമില്ല. സിനിമ വിനോദോപാധി മാത്രമല്ല. പ്രേക്ഷകനെ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി. മുതല്‍ മുടക്കുന്ന കാശെങ്കിലും തിരികെ കിട്ടുന്ന തരത്തിലുള്ള വ്യത്യസ്ത വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ദ വയലിന്‍ പ്ലെയര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ബൗദ്ധായന്‍ പറഞ്ഞു. മറാത്തി സിനിമകളുടെ പ്രദര്‍ശനത്തിന് അവിടുത്തെ സര്‍ക്കാര്‍ ആഴ്ചയില്‍ ചില ദിവസങ്ങള്‍ നീക്കിവച്ചിട്ടുണ്ട്. തദ്ദേശീയ ഭാഷാ ചിത്രങ്ങളുടെ പരിപോഷണത്തിന് ഇത്തരം നടപടികള്‍ ഉതകുമെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് അനുകരിക്കാമെന്നും ബൗദ്ധായന്‍ വ്യക്തമാക്കി.

image


പാക്കിസ്ഥാന്‍ സിനിമകള്‍ക്ക് പ്രചോദനം ബോളിവുഡ് സിനിമകളാണെന്നും അവിടെ സമാന്തര സിനിമാമേഖലയിലേക്ക് യുവതലമുറ കടന്നു വരുന്നുണ്ടെന്നും പാക്കിസ്ഥാന്‍ ചിത്രം മൂറിന്റെ സംവിധായകന്‍ ജംഷദ് റാസാ മെഹമൂദ് പറഞ്ഞു. സൈന്യത്തേയും ഇന്ത്യാ പാക് യുദ്ധത്തെയും പരാമര്‍ശിക്കാതിരുന്നാല്‍ അവിടുത്തെ സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് പ്രശ്‌നമാകില്ല. പാക്കിസ്ഥാനെ എതിര്‍ക്കുന്ന ഇന്ത്യാക്കാരുണ്ടെങ്കിലും അവരെ സ്‌നേഹിക്കുന്നവരും ഇന്നാട്ടിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

image


പാക്കിസ്ഥാനിലെ റെയില്‍വേ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന മാഫിയകളുടെ നിഗൂഡനീക്കത്തിനെതിരെയുള്ള സ്റ്റേഷന്‍മാസ്റ്ററുടെ പ്രതികരണമാണ് തന്റെ ചിത്രം മൂര്‍ എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ റിലീസിലൂടെ സമാന്തര ചിത്രങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കെ എം കമല്‍ അഭിപ്രായപ്പെട്ടു.

    Share on
    close