ക്രൈം മാപ്പിംഗ് സംവിധാനവുമായി കേരള പോലീസ്‌

0

ഇനി പോലീസ് വാഹനം മാത്രം മതി ഏത് കുറ്റകൃത്യവും അപകടവും അറിയാന്‍ സാധിക്കും. അപകടങ്ങളും കുറ്റകൃത്യങ്ങളും പോലീസ് വാഹനങ്ങളില്‍ രേഖപ്പെടുത്തുന്ന ക്രൈം മാപ്പിങ് സംവിധാനം വരുന്നു. അപകടങ്ങളും കുറ്റകൃത്യങ്ങളും നടന്ന സ്ഥലത്ത് വെച്ചുതന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ട്രോണിക്കായി രേഖപ്പെടുത്തുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേയും ഒരു വാഹനത്തില്‍ ഇത് ഘടിപ്പിച്ചു കഴിഞ്ഞു. കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്തതാണ് ക്രൈം മാപ്പിങ് സംവിധാനം.

കുറ്റകൃത്യം സംഭവിച്ച സ്ഥലത്തെത്തുന്ന പോലീസ് വാഹനത്തില്‍ ക്രൈം മാപ്പിങ് മെഷീന്‍ ഉണ്ടായിരിക്കും. ഇതിലെ ബട്ടണില്‍ അമര്‍ത്തുമ്പോഴേക്കും സ്‌ക്രീനില്‍ കുറ്റകൃത്യം, അപകടം എന്നിങ്ങനെ പട്ടിക തെളിയും. കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെങ്കില്‍ അത് സെലക്ട് ചെയ്ത് വിവരങ്ങള്‍ നല്‍കിയ ശേഷം ഒകെ ക്ലിക് ചെയ്യണം. ഈ വിവരങ്ങള്‍ ജി പി ആര്‍ എസ് വഴി സെര്‍വെറില്‍ എത്തുന്നു. ഇങ്ങനെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാകും. മൂന്ന് രീതിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള മാപ്പിങ് മെഷീനിലൂടെയല്ലാതെ പോലീസിന് വേണ്ടി മാത്രം തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയും മാപ്പിങ് ചെയ്യാം. ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലൂടെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയും. മറ്റൊന്ന് പോലീസ് സ്‌റ്റേഷനുകളില്‍ ഇരുന്നുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ ക്രൈം മാപ്പിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് എവിടെയാണ് കുറ്റകൃത്യം ചെയ്തതെന്ന് രേഖപ്പെടുത്താം.

ഡിജിറ്റല്‍ സംവിധാനമായതിനാല്‍ രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാം. കൂടാതെ ഗൂഗിള്‍ മാപ്പിങ് പോലെ തന്നെ എളുപ്പമാണ് ക്രൈം മാപ്പിങും. ഓരോ പോലീസ് സ്‌റ്റേഷന്റെയും പരിധിയിലുള്ള സ്ഥലങ്ങള്‍ മാത്രമേ അതത് സ്റ്റേഷനിലെ ക്രൈമാപ്പിങില്‍ ലഭ്യമാകൂ. പോലീസ് സര്‍ക്കിള്‍ പരിധിയിലുള്ള സ്റ്റേഷനില്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്റ്റേഷനുകളേയും മാപ്പിങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പോലെ ഉയര്‍ന്ന പരിധിയിലും സാധ്യമാകും. പോലീസ് വാഹനങ്ങള്‍ ഈ ഉപകരണം വഴി പിന്തുടരാന്‍ കഴിയുമെന്ന് കെല്‍ട്രോണിലെ സീനിയര്‍ എഞ്ചിനിയര്‍ അഞ്ചു പറയുന്നു.

ഒന്നില്‍ കൂടുതല്‍ അപകടങ്ങളോ മരണങ്ങളോ പ്രത്യേക സ്ഥലങ്ങളില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അനായാസം കൃത്യമായ എണ്ണം ഇ-മാപിങിലൂടെ ലഭിക്കും. കൂടാതെ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ എവിടെയൊക്കെയാണ് ഏറ്റവും കൂടുതല്‍ അപകടം സംവഭിക്കുന്നതെന്നും മോഷണം നടക്കുന്നതെന്നും കണ്ടെത്താന്‍ സാധിക്കുമെന്ന് ക്രൈം മാപ്പിങ് ടെക്‌നിക്കല്‍ ലീഡര്‍ ബിന്‍സന്‍ പറഞ്ഞു.അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് വാഹനങ്ങളിലും ക്രൈം മാപ്പിങ് സംവിധാനം ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കെല്‍ട്രോണ്‍.