നെയ്യാറില്‍നിന്ന് ജലം: സാധ്യത പരിശോധിച്ചശേഷം തീരുമാനം

നെയ്യാറില്‍നിന്ന് ജലം: സാധ്യത പരിശോധിച്ചശേഷം തീരുമാനം

Saturday April 29, 2017,

2 min Read

തലസ്ഥാനനഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നെയ്യാറില്‍ നിന്ന് ജലമെത്തിക്കുന്ന കാര്യത്തില്‍ സാങ്കേതിക ഉപദേശവും പ്രായോഗികതയും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. നെയ്യാര്‍ ഡാമില്‍ നിന്നുള്ള വെള്ളം അരുവിക്കരയിലെ റിസര്‍വോയറില്‍ എത്തിക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ നെയ്യാര്‍, കാപ്പുകാട് റിസര്‍വോയറുകള്‍ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

image


പേപ്പാറ, നെയ്യാര്‍ ഡാമുകളിലെ ക്യാച്ച്‌മെന്റ് ഏരിയയില്‍ വെളളം ലഭിക്കുംവിധം വേനല്‍മഴ പെയ്തിട്ടില്ല എന്നതാണ് പ്രശ്‌നം. നഗരത്തിലേക്കുള്ള പ്രധാന സ്രോതസായ പേപ്പാറയില്‍ മെയ് പകുതിവരെ നഗരത്തില്‍ വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളു. മെയ് പകുതിക്കുശേഷം നഗരത്തില്‍ വെള്ളമെത്തിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. നെയ്യാര്‍ഡാമിലും മുന്‍വര്‍ഷങ്ങളെക്കാള്‍ വളരെകുറവാണെങ്കിലും 13 മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളം ഇപ്പോഴുണ്ട്. നെയ്യാര്‍ഡാമിന്റെ റിസര്‍വോയറായ കാപ്പുകാട് നിന്ന്, വെള്ളം ശുദ്ധീകരിക്കുന്ന അരുവിക്കരയിലെ റിസര്‍വോയര്‍ വരെ പ്രത്യേക ചാലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. അതിന് വനം വകുപ്പിന്റെ അനുമതിയടക്കം ആവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. സാധ്യതകളുടെ പ്രായോഗികത പരിശോധിച്ചിട്ടായിരിക്കും നടപ്പാക്കുക. ഇത് സംബന്ധിച്ച് അന്തിമതീരുമാനത്തില്‍ എത്താനുള്ള വ്യക്തത ആയിട്ടില്ല.

 പ്രത്യേകമായ പ്ലാറ്റ്‌ഫോം നിര്‍മിച്ച് ഫ്‌ളോട്ടിംഗ് പമ്പ് വെച്ച് കാപ്പുകാട് നിന്ന് പമ്പുചെയ്യാനാകുമോ എന്നതാണ് പരിഗണനയിലുള്ള ഒരു സാധ്യത. അതേസമയം, നെയ്യാര്‍ ഡാമിന്റെ ഇടതുകര, വലതുകര കനാലുകള്‍ വഴി പ്രാദേശികമായി നടത്തുന്ന ജലവിതരണം മുടക്കമില്ലാതെയാകും നഗരത്തിലേക്കുള്ള ജലം എത്തിക്കാന്‍ ശ്രമിക്കുക. നിലവില്‍ നെയ്യാറില്‍ നിന്ന് ലഭ്യമാകുന്ന വെള്ളം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാവും എന്നാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. ബാഷ്പീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍മൂലം ഇപ്പോള്‍ ലഭ്യമാകുന്ന ജലനിരപ്പ് ഒരുമാസം കഴിയുമ്പോള്‍ റിസര്‍വോയറില്‍ ഉണ്ടാകുമോ എന്നതും ആശങ്കയുളവാക്കുന്നുണ്ട്. കാപ്പുകാടില്‍ നിന്ന് ഒന്നരകിലോമീറ്ററോളം വെള്ളം പമ്പ് ചെയ്തു ഏഴര കിലോമീറ്റര്‍ തോട്ടിലൂടെ ഒഴുക്കി അണിയിലക്കടവ് മേഖലയില്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇത് തോടുകള്‍ വഴി വേണമോ, പൈപ്പുകള്‍ സ്ഥാപിക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങള്‍ സാങ്കേതിക വൈദഗ്ധ്യമുള്ള എഞ്ചിനീയര്‍മാര്‍ അടക്കമുള്ളവരുടെ സഹായത്തോടെ പഠനം നടത്താന്‍ നിര്‍ദേശം നല്‍കും. തോടുകളിലൂടെ വെള്ളം ഒഴുക്കിയാല്‍ സ്വീപ്പേജിലൂടെയുള്ള ചോര്‍ച്ചാനഷ്ടം അടക്കമുള്ള കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടിവരും. 

അന്തിമതീരുമാനം സാങ്കേതികമായ ഉപദേശങ്ങള്‍ ലഭിച്ചശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ നെയ്യാര്‍ ഡാമിലെത്തിയ മന്ത്രി, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി നെയ്യാറിലെ ജലനിരപ്പും വിതരണസാധ്യതകളും ചര്‍ച്ചചെയ്തു. തുടര്‍ന്ന് കാപ്പുകാട്ടെ റിസര്‍വോയര്‍, സമീപത്തെ ജലമൊഴുക്കാന്‍ പരിഗണിക്കുന്ന തോടുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ മന്ത്രിയും സംഘവും സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അതോറിറ്റി എം.ഡി: എ. ഷൈനാമോള്‍, ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ (സൗത്ത്) ജി. ശ്രീകുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ലീന, ജലസേചന വകുപ്പ് പ്രോജക്ട്-രണ്ട് ചീഫ് എഞ്ചിനീയര്‍ സി.എ. ജോഷി, കേരള ഇറിഗേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഉദയകുമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.