കരുണയുടെ കാവലാളായി ഇ ദാന്‍

0

ആഹാരം പാഴാക്കുന്ന ഒരാള്‍ക്ക് പട്ടിണിമൂലം മറ്റൊരാള്‍ മരിച്ചു എന്ന വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും. ഉപയോഗിക്കാത്ത ആഹാരവും വസ്ത്രങ്ങളും നമ്മുടെ കയ്യിലുള്ളപ്പോള്‍ അത് ആര്‍ക്ക് കൊടുക്കണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. എന്നാല്‍ അടുത്ത വീട്ടില്‍ മക്കളുടെ വിശപ്പിന് എന്ത് കൊടുക്കും എന്ന് ആലോചിക്കുന്നവരും തണുപ്പിലും ഇടാന്‍ വസ്ത്രങ്ങള്‍ ഇല്ലാത്തവരും ഉണ്ടാകും. ആഹാരം ലഭിക്കാതെയും തണുപ്പ് സഹിക്കാനാകാതെയും ഈ കുടുംബം മരണപ്പെട്ടാല്‍ നമ്മള്‍ നഷ്ടപ്പെടുത്തിയ ആഹാരത്തേയും വസ്ത്രത്തേയും ഓര്‍ത്ത് നാം വിലപിക്കും. എന്നാലിനി ആരില്‍ നിന്നും ഇത്തരം വിലാപങ്ങള്‍ ഉയരരുത് എന്ന ദൃഢ നിശ്ചത്തോടെയാണ് സോഷ്യല്‍ മീഡിയ സംരംഭമായ ഇ-ദാന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉപയോഗപ്രദവും എന്നാല്‍ പഴയതാണെന്ന കാരണത്താല്‍ നാം ഉപയോഗിക്കാത്തതുമായ എന്തെല്ലാം സാധനങ്ങള്‍ നമ്മുടെ വീട്ടിലുണ്ടോ അവയെല്ലാം ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തുകയായിരുന്നു ഇ-ദാന്‍ എന്ന സോഷ്യല്‍ മീഡിയ ടീമിന്റെ ലക്ഷ്യം.

പലപ്പോഴും ഉപയോഗപ്രദമായ പല സാധനങ്ങളും നമ്മള്‍ വീടിനു പുറകില്‍ കൂട്ടിയിടാറുണ്ട്. ഇവ ആവശ്യമുള്ളവര്‍ക്ക് കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരെ എങ്ങനെ കണ്ടെത്തും എന്നറിയാതെ ആ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരെ കണ്ടെത്താനായി ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാണ് ഇ-ദാന്‍ രൂപം കൊണ്ടത്. എന്‍ ജി ഒകളും വ്യക്തികളുമായി ബന്ധപ്പെട്ട് ഇത്തരം സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിക്കാന്‍ ഇ-ദാന്‍ ശ്രമിച്ചു. ദീക്ഷ കോത്ത്വാള്‍വാല, കോസല്‍ മല്ലാദി, മായങ്ക് ജയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇ-ദാന് തുടക്കം കുറിച്ചത്. ലതിക പത്തേല, സിദ്ധാര്‍ഥ് പാദ്കര്‍ എന്നിവരടങ്ങുന്ന സോഷ്യല്‍ മീഡിയ ടീമും ഇവര്‍ ആരംഭിച്ചു. രാജ്യം മുഴുവനുമുള്ള എന്‍ ജി ഒയുമായി സഹകരിച്ചാണ് ഇ-ദാന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 13 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനം നടത്തിയത്. 1000ത്തോളം സംഭാവനകളാണ് ഇതില്‍ നിന്നും ലഭിച്ചത്. ടെലിവിഷന്‍, ഫ്രിഡ്്ജ്, തുണിത്തരങ്ങള്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ലഭിച്ചു.

ഒരു വ്യക്തിക്ക് സംഭാവന നല്‍കുക എന്നത് വളറെ എളുപ്പമുള്ള ഒരു രീതിയാക്കിമാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. ഇ-ദാന്‍ വെബ്‌സൈറ്റില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയല്‍ സംഭാവന നല്‍കാന്‍ വളരെ എളുപ്പം. അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം ഉചിതമായ എന്‍ ജി ഒ തിരഞ്ഞെടുത്ത് അപേക്ഷ നല്‍കാം. എന്‍ ജി ഒ അപേക്ഷ സ്വീകരിച്ചശേഷം ആ വ്യക്തിയെ ഫോണില്‍ ബന്ധപ്പെടുകയും സംഭാവന സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. പിന്നീട് സൗകര്യപ്രദമായ രീതിയില്‍ സംഭാവന കൈമാറാനാകും.

ഇന്ത്യയില്‍ ഏകദേശം 3.3 മില്ല്യണ്‍ എന്‍ ജി ഒകളാണ് ഉള്ളത്. ഒരു എന്‍ ജി ഒയില്‍ 400 പേര്‍വീതം ഉണ്ട്. അനധികൃത എന്‍ ജി ഒകളും ധാരാളം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയില്‍ ശരിയായവ കണ്ടുപിടിക്കേണ്ടത് ഇ-ദാന്റെ ചുമതലയായി മാറി. സംഭാവനകള്‍ നല്‍കുന്ന ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശരിയായവ കണ്ടുപിടിക്കുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ ഇ-ദാന്‍ ഏറ്റെടുത്തു. അന്വേഷണങ്ങള്‍ നടത്തി ശരിയായി പ്രവര്‍ത്തിക്കുന്നവ മാത്രം കണ്ടെത്തി തങ്ങളുടെ സംരംഭവുമായി കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

ശരിയായ വ്യക്തിക്ക് ശരിയായ സഹായം എത്തിക്കുന്ന കാര്യത്തില്‍ ഇ-ദാന്‍ മാതൃകയായി മാറി. അര്‍ത്ഥവത്തായ സഹായ ഹസ്തങ്ങള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് തിരിച്ചറിഞ്ഞു. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ കൈവിരല്‍ത്തുമ്പില്‍ തന്നെ എല്ലാ എത്തിക്കുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.

മനസിന് തൃപ്തി നല്‍കുന്ന ഒരു സംരഭമായി ഇതിനെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇ-ദാന് നേതൃത്വം നല്‍കുന്ന മായങ്ക് പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിക്കുക എന്നതാണ് ജീവിതത്തില്‍ പ്രധാനം. ഈ സംരംഭത്തിലൂടെ ലഭിക്കുന്ന തൃപ്തി മറ്റൊന്നിലൂടേയും ലഭിക്കില്ല.

ഇ-ദാന്‍ അടുത്തിടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് സംരംഭമായ മെഗാമെനു ഡോട്ട് ഇന്നുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളെ എന്‍ ജി ഒകളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഹോട്ടലുകളില്‍ മിച്ചം വരുന്ന ആഹാരമടക്കം അനാഥാലയങ്ങളിലും മറ്റ് ആഹാരം ലഭിക്കാത്ത പാവപ്പെട്ടവര്‍ക്കും എത്തിക്കാന്‍ കഴിയും. രാജ്യത്ത് വിശപ്പുകൊണ്ട് ഒരു കണ്ണുകളും നനയരുത് എന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.