ഗ്രേവാട്ടറുമായി അരുണ്‍ ദുബെ; ഇനി മാലിന്യത്തോട് ഗുഡ്‌ബൈ

0

നഗരത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന സാമൂഹിക പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചാല്‍ മാലിന്യ സംസ്‌കരണവും ശുദ്ധജല ലഭ്യതയുമെന്നതായിരിക്കും മിക്കവരുടെയും മറുപടി. എന്നാല്‍ മലിനജലത്തെ തന്നെ സംസ്‌കരിച്ച് ശുദ്ധമായ കുടിവെള്ളമാക്കിയാലോ? രണ്ട് പ്രശ്‌നങ്ങള്‍ക്കും ഏറെക്കുറെ പരിഹാരമായേക്കും. ഇത്തരം സാഹചര്യത്തിലാണ് നാം ഗ്രേവാട്ടര്‍ എന്ന സംഘടനയെയും അതിന്റെ അമരക്കാരനായ അരുണ്‍ ദുബേ—യേയും പരിചയപ്പെടേണ്ടത്. മലിനജലത്തില്‍നിന്ന് ശുദ്ധമായ കുടിവെള്ളം സംസ്‌കരിച്ചെടുക്കുന്ന ഇദ്ദേഹത്തിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇതിനോടകംതന്ന ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

റൂര്‍ക്കി ഐ ഐ ടിയില്‍നിന്നും ഗ്രാജ്വേഷനും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നും എം ബി എയും കരസ്ഥമാക്കിയശേഷമാണ് സ്ഥിരതയുള്ള ഏതെങ്കിലും ബിസിനസിലേക്ക് കടക്കണമെന്ന് അരുണ്‍ തീര്‍ച്ചപ്പെടുത്തിയത്. അതുവരെയുണ്ടായിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജോലിയും സോളാര്‍ കമ്പനിയുമായുണ്ടായിരുന്ന ഇടപാടും അവസാനിപ്പിച്ച് തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തിരിച്ചു. ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും അത്യന്താപേക്ഷിതമായത് എന്താണെന്നായിരുന്നു പിന്നീടുള്ള ചിന്ത. ഇതില്‍നിന്നാണ് നഗരവല്‍കരണത്തിന്റെ ഫലമായുണ്ടാകുന്ന മലിനജല സംസ്‌കരണവും കുടിവെള്ള ദൗര്‍ലഭ്യവുമാണ് സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് കണ്ടെത്തിയത്.

ഏറ്റവും കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം ജനങ്ങളില്‍ എത്തിക്കണമെന്ന് അരുണിന് നിര്‍ബന്ധമായിരുന്നു. ഇതിന്റെ തുടര്‍ച്ചായി ഗ്രേവാട്ടര്‍ എന്ന സ്ഥാപനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലും മറ്റ് നിരവധി സ്ഥാനങ്ങളിലും അരുണ്‍ സ്ഥാപനത്തിന്റെ തലപ്പത്തുണ്ട്. അരുണിന് പുറമെ സുനില്‍ ട്യൂപ്, രാജേഷ് നായര്‍. സച്ചിന്‍ പര്‍ദേശി എന്നിങ്ങനെ വിദഗ്ധരുടെ ഒരു നിരതന്നെ സ്ഥാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂര്‍ണമായി ആട്ടോമറ്റിക്കായി പ്രവര്‍ത്തിക്കുക, ചുരുങ്ങിയ ചെവലവില്‍ സേവനം ജനങ്ങളിലെത്തിക്കുക, ജലം പുനരുപയോഗിക്കാന്‍ കഴിയുക തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആരുടെയും ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകത. എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകാനും മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദവും ഉണ്ടാകില്ല. സ്ഥാപിക്കാന്‍ അധികസ്ഥലവും വേണ്ടിവരില്ല. മലിനജലത്തിന്റെ അളവ് എത്രയായാലും അതിനനസുരിച്ച് മനുഷ്യസഹായം ആവശ്യമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന അവകാശവും ഇതിന് മാത്രമാണ്. ശുദ്ധമായ വെള്ളം കിട്ടാത്ത സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍തന്നെ പ്ലാന്റ് സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യാനാകും.

ഇന്ത്യയില്‍ നേറ്റല്‍ എന്ന സ്ഥാപനം വഴിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഈ വര്‍ഷമാണ് നേറ്റല്‍, ഗ്രേവാട്ടറുമായി പാര്‍ട്ണന്‍ഷിപ്പില്‍ ഏര്‍പ്പെട്ടത്. നേറ്റലിന്റെ സഹായത്തോടെ ഉല്‍പന്നങ്ങള്‍ വേറെ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ കഴിയുമെന്നതും ഇന്ത്യയില്‍ ഗ്രേവാട്ടറിന്റെ പ്രചാരം വര്‍ധിപ്പിക്കാനാകുമെന്നതും നേട്ടങ്ങളാണ്. നിലവില്‍ ഡെല്‍, ക്ലബ് മഹീന്ദ്ര, ബി പി സി എല്‍, വാധ്വാ ബില്‍ഡേഴ്‌സ് എന്നീ പ്രമുഖ കമ്പനികള്‍ ഗ്രേവാട്ടറിന്റെ പ്രമുഖ ഉപഭോക്താക്കളാണ്