യുനിസെഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ത്രിക സ്പര്‍ശമേകാന്‍ മുതുകാട്

0

സംസ്ഥാനത്തെ കുട്ടികള്‍ക്കായുള്ള യുനിസെഫിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക സ്പര്‍ശം. കുട്ടികളെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ മുതുകാട് ബോധവല്‍ക്കരണത്തിന്റെ മാന്ത്രികവടി ചുഴറ്റും. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന 'സെലിബ്രിറ്റി യുനിസെഫ് സപ്പോര്‍ട്ടര്‍' പദവി തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് യുനിസെഫ് ഈ പദവി നല്‍കുന്നത്.

കേരളത്തിലെ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ജോബ് സഖറിയ മുതുകാടിനെ ക്ഷണിച്ചു. ഒരു കുട്ടിയുടെ ആദ്യ 1000 ദിവസങ്ങളുടെ പ്രാധാന്യവും ആ ദിവസങ്ങളില്‍ നിര്‍ബന്ധമായും ചെയ്യേണ്ട പതിനഞ്ചോളം കാര്യങ്ങളെക്കുറിച്ചും സെലിബ്രിറ്റി യുനിസെഫ് സപ്പോര്‍ട്ടര്‍'എന്ന നിലയില്‍ മുതുകാട് ബോധവല്‍ക്കരണം നടത്തുമെന്ന് ജോബ് സഖറിയ പറഞ്ഞു. ബാലാവകാശങ്ങള്‍ ഉള്‍പ്പെടെ യുനിസെഫ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ അമ്മമാര്‍, കുട്ടികളെ പരിപാലിക്കുന്നവര്‍, യുവജനങ്ങള്‍ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് മാജിക്കിലൂടെ ഫലപ്രദമായി എത്തിക്കാന്‍ മുതുകാടിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെലിബ്രിറ്റി യുനിസെഫ് സപ്പോര്‍ട്ടര്‍' പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. കുട്ടികളുടെ അവകാശങ്ങളുടെയും അവരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളുടെയും ബോധവല്‍ക്കരണത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുതുകാടിന് സെലിബ്രിറ്റി യുനിസെഫ് സപ്പോര്‍ട്ടര്‍ പദവി നല്‍കുന്നത്. മാജിക്കിന്റെ സഹായത്തോടെ, കുട്ടികളുടെ ക്ഷേമത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ഇതോടെ അരങ്ങൊരുങ്ങുന്നു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരഭമായ തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക്ക് പ്ലാനറ്റില്‍ യുനിസെഫ് ആശയങ്ങളുടെ പ്രചാരണത്തിന് പ്രത്യേക വിഭാഗം ആരംഭിക്കും.

കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യ വിഷയങ്ങള്‍, മുലയൂട്ടല്‍, രോഗപ്രതിരോധം, ദിനചര്യകളില്‍ ശീലിക്കേണ്ട ആരോഗ്യപരമായ രീതികള്‍ എന്നിവയടക്കം യുനിസെഫ് നിര്‍ദേശിക്കുന്ന വിവിധ വിഷയങ്ങളില്‍ മുതുകാട് മാജിക്കിലൂടെ ബോധവല്‍ക്കരണം നടത്തും. ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ സഹായത്തോടെ നവ- സാമൂഹിക മാധ്യമങ്ങളടക്കം ഉപയോഗിച്ചാവും പ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവരുടെ അവകാശങ്ങളടക്കമുള്ള വിഷയങ്ങള്‍ പൊതു ശ്രദ്ധയിലും നയകര്‍ത്താക്കളിലും എത്തിക്കുക, യുനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് സമാഹരണം എന്നിവയാണ് സെലിബ്രിറ്റി യുനിസെഫ് സപ്പോര്‍ട്ടറുടെ ചുമതലകള്‍.

ഒട്ടനവധി സാഹസികമായ എസ്‌കേപ്പ്, വാനിഷിംഗ് വിഭാഗം മാജിക്കുകളിലൂടെയടക്കം ശ്രദ്ധേയനായ മുതുകാട് 1995ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. മാജിക്കിന്റെ ഓസ്‌ക്കാര്‍ എന്ന് അറിയപ്പെടുന്ന മെര്‍ലിന്‍ രാജ്യാന്തര പുരസ്‌ക്കാരം നേടിയിട്ടുണ്ട്. പ്രചോദനാത്മകം കൂടിയാണ് മുതുകാടിന്റെ പ്രസംഗവും മായാജാലവും പ്രവര്‍ത്തനങ്ങളും. വിസ്മയ ഭാരത യാത്ര, മിഷന്‍ ഇന്ത്യ, ഗാന്ധി മന്ത്ര, വിസ്മയ സ്വരാജ് യാത്ര, ലഹരിമരുന്നുകളുടെ ദോഷഫലങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയായ സ്റ്റോപ്പ് സാഡ്, ജലജന്യരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മണ്‍സൂണ്‍ മാജിക്ക്, മാജിക്കിനെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ എത്തിക്കല്‍ എന്നിങ്ങനെ സംസ്ഥാന ദേശീയ തലങ്ങളില്‍ വിവിധ സാമൂഹിക- ദേശീയോദ്ഗ്രഥന ഷോകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്തെ പൂജപ്പുരയില്‍ ആരംഭിച്ചതും മുതുകാടാണ്.

ബാല്യവും മാജിക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി പറഞ്ഞു. മാജിക്കിലൂടെ ബാലാവകാശത്തെ കുറിച്ച് എളുപ്പത്തില്‍ ബോധവല്‍ക്കരിക്കാനാവും എന്നും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ശുചിത്വം, ശുചിമുറി, ശുദ്ധജലം എന്നിവ കമ്മീഷന്‍ പരിശോധിക്കുമെന്നും അധ്യക്ഷ വ്യക്തമാക്കി. യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് സുഗത റോയി പ്രസംഗിച്ചു.കുട്ടികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായാണ് ആഗോള തലത്തില്‍ യുനിസെഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. 190 രാജ്യങ്ങളിലായി യുനിസെഫ് പ്രവര്‍ത്തിക്കുന്നു. പരിത്യജിക്കപ്പെട്ടവരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമടക്കം എല്ലാ വിഭാഗം കുട്ടികളുടെയും ക്ഷേമമാണ് യുനിസെഫിന്റെ പ്രവര്‍ത്തന ലക്ഷ്യം. ഇതിനായുള്ള പ്രായോഗിക പരിപാടികള്‍ പ്രതിബന്ധതയോടെ ശ്രദ്ധകേന്ദ്രീകരിച്ച് നടപ്പിലാക്കുന്നു.