കശാപ്പ് നിരോധനം സംസ്ഥാനത്തിന്റെ അധികാരത്തിലുളള കടന്നുകയറ്റം : മന്ത്രി വി.എസ്.സുനില്‍കുമാര്‍

0

ഭരണഘടന ദുരുപയോഗം ചെയ്ത് സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്ന് കയറാനുളള ശ്രമമാണ് കശാപ്പ് നിരോധന ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെ നിയമപരമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ നേരിടുമെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള ലളിതാകലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ കരകൗശല പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. 

ചിന്തകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും കൂച്ച് വിലങ്ങിടാതെ കലാകാരന്റെ സ്വാതന്ത്ര്യത്തെ തുറന്ന് വിടുന്ന നയമാണ് സാംസ്‌കാരിക മേഖലയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. സാംസ്‌കാരിക രംഗത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിലോമകരമായ ഇടപെടലുകളെ പ്രതിരോധിക്കാന്‍ കലാകരന്മാരും എഴുത്തുക്കാരുമടക്കമുളള സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ട് വരേണ്ടതുണ്ടന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭരത് മുരളി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരെ നിശബ്ദരാകാനും ഭിന്നിപ്പിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്നും അസ്ഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ ഉണര്‍വ്വ് അനിവാര്യമാണെന്നും മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു. കലാസാംസ്‌കാരിക പ്രവര്‍ത്തനം സാമൂഹ്യ പുരോഗതിക്ക് അനിവാര്യമാണെന്ന തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാറിനെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി. പി.കെ.ബിജു എം.പി വിശിഷ്ടാതിഥിയായി. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, അസി. കളക്ടര്‍ ട്രെയിനി വിനയ് ഗോയല്‍, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ കരകൗശല ചിത്രപ്രദര്‍ശനം മന്ത്രിമാരും ഉദ്യോഗസ്ഥരുടെ നടന്നു കണ്ടു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രശില്‍പശാലയ്ക്ക് ചിത്രകാരന്‍മാരായ മനോജ് ബ്രഹ്മമംഗലം, പ്രമോജ് വാസുദേവന്‍, സ്മിജ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കളിമണ്‍ ശില്പനിര്‍മ്മാണത്തിന്റെയും പേപ്പര്‍ ഒറിഗാമിയുടെയും തോല്‍പാവക്കുത്തിന്റെയും സോദാഹരണ അവതരണവും ഉണ്ടായിരുന്നു.