പ്രഥമ എന്‍.വി.കൃഷ്ണവാരിയര്‍ അനുസ്മരണപ്രഭാഷണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

0

മാധ്യമരംഗത്തെ മഹാരഥിയും സാഹിത്യ - വിദ്യാഭ്യാസ - സാംസ്‌കാരികമേഖലകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച വ്യക്തിത്വവുമായ എന്‍.വി. കൃഷ്ണവാരിയരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് (മെയ് 30) വിനോദസഞ്ചാര - സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.30ന് മാസ്‌കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതിയുമായ വേണു രാജാമണി അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിക്കും. 'ഡച്ച് സ്വാധീനം കേരളത്തില്‍' എന്ന വിഷയത്തിലുളള സെമിനാറില്‍ വിനോദസഞ്ചാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു മോഡറേറ്ററായിരിക്കും. ഡച്ച് ഇന്‍ കേരള ഡോട്ട് കോം എഡിറ്റര്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്.കെ. പ്രദീപ് പിള്ള, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സി. റഹിം എന്നിവര്‍ പങ്കെടുക്കും. അക്കാദമി ഭരണസമിതിയംഗം എസ്. ബിജു സ്വാഗതവും സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറയും. തിരുവനന്തപുരം പ്രസ് ക്ലബ്, ഡച്ച് ഇന്‍ കേരള ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.