യാത്രാവേളകള്‍ ആന്ദകരമാക്കാന്‍ അവസരമൊരുക്കി ഫ്രോപ്‌കോണ്‍

യാത്രാവേളകള്‍ ആന്ദകരമാക്കാന്‍ അവസരമൊരുക്കി ഫ്രോപ്‌കോണ്‍

Tuesday December 22, 2015,

2 min Read


മുംബൈയില്‍ നിന്നും ബംഗലൂരുവിലേക്കുള്ള ഒരു ബസ് യാത്രയാണ് കാര്‍ത്തിക് പോഡറിന്റെയും കാര്‍ത്തിക് ബല്‍സാലിന്റെയും ജീവിതത്തെ മാറ്റിമറിച്ചത്. 18 മണിക്കൂര്‍ നീണ്ടു നിന്ന യാത്രയ്ക്കിടയില്‍ ബസിനുള്ളില്‍ അഞ്ചോ ആറോ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. യാത്രക്കാരില്‍ ഒട്ടുമിക്ക പേര്‍ക്കും ഈ സിനിമകള്‍ ഒന്നുംതന്നെ ഇഷ്ടമുള്ളവയായിരുന്നില്ല. പക്ഷേ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍ എല്ലാവരും അവ കണ്ടു. ഈ സമയത്താണ് കാര്‍ത്തിക് പോഡറിന്റെയും കാര്‍ത്തിക് ബന്‍സാലിന്റെയും മനസ്സില്‍ പുതിയൊരു ആശയം ഉദിച്ചത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ ഉള്ളതുപോലെ ഇഷ്ടമുള്ള വിനോദപരിപാടികള്‍ തിരഞ്ഞെടുത്തു കാണാനുള്ള സംവിധാനം എന്തുകൊണ്ട് ബസുകളിലും ആയിക്കൂട. അവിടെ നിന്നാണ് ഫ്രോപ്‌കോണ്‍ എന്ന കമ്പനിക്ക് തുടക്കമാകുന്നത്.

image


എന്‍ജിനീയറിങ് കോളജില്‍ ഒരുമിച്ചു പഠിച്ച രണ്ടുപേരും ജോലി ചെയ്തതും ഒരേ കമ്പനിയായ മൈക്രോസോഫ്റ്റിലായിരുന്നു. പേരില്‍ മാത്രമല്ല ചിന്തയുടെ കാര്യത്തിലും ഇരുവരും തമ്മില്‍ സാമ്യമുണ്ടായിരുന്നു. സ്വന്തമായൊരു സംരംഭത്തിന് തുടക്കമിടാന്‍ ഇതു ഏറെ സഹായകമായി. ഇരുവരും ചേര്‍ന്ന് ഫ്രോപ്‌കോണ്‍ എന്ന ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തു. അതിനു ശേഷം മീഡിയ ടെക്‌നോളജി കമ്പനിയായ ബെന്‍യാന്‍പോഡ് ടെക്‌നോളജീസുമായി ചേര്‍ന്ന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വൈഫൈ കണക്ഷനിലൂടെ മികച്ച നിലവാരമുള്ള വിനോദങ്ങള്‍ നല്‍കാന്‍ തുടങ്ങി.

വൈഫൈ കണക്ഷനുള്ള ആര്‍ക്കും ഫ്രോപ്‌കോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതു വഴി സിനിമകള്‍ കാണുകയോ പാട്ട് കേള്‍ക്കുകയോ ഇബുക്ക്‌സ് വായിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. വിമാനത്താവളങ്ങള്‍, മാളുകള്‍, ഹോട്ടല്‍ തുടങ്ങി എവിടെയിരുന്നും ഫ്രോപ്‌കോണിന്റെ സേവനം ഉപയോഗപ്പെടുത്താം.

image


തുടക്കത്തില്‍ രണ്ടുപേരില്‍ തുടങ്ങിയ ടീം ഇന്നു 20 പേരായി വളര്‍ന്നു കഴിഞ്ഞു. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഫ്രോപ്‌കോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന സ്റ്റുഡിയോകളായ വിയകോം, യാഷ് രാജ്, റിലയന്‍സ്, സണ്‍ ടിവി തുടങ്ങിയവയുമായി ഫ്രോപ്‌കോണ്‍ കൈകോര്‍ത്തിട്ടുണ്ട്. ഇതുവഴി കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ഫ്രോപ്‌കോണിന് അദ്ഭുതകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കാര്‍ത്തിക് പോഡര്‍ പറഞ്ഞു. യാത്രാവേളകളില്‍ ഫ്രോപ്‌കോണിന്റെ ഉപയോഗം നിങ്ങള്‍ക്ക് ഏറെ ആനന്ദം പകരും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിനോദ പരിപാടികള്‍ എന്തും ഇതിലൂടെ ലഭിക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി. ടെക് 30 അവാര്‍ഡ് ലഭിച്ചത് ടീമിന് കുറച്ചു കൂടി ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അവാര്‍ഡ് ലഭിച്ചതിനുശേഷം കൂടുതല്‍ പേര്‍ ഫ്രോപ്‌കോണുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ച് വരുന്നതായും ഫ്രോപ്‌കോണിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ കാര്‍ത്തിക് പോഡര്‍ പറഞ്ഞു.

യാത്രാവേളകള്‍ ഇനി നമുക്കാര്‍ക്കും മടുപ്പുളവാക്കില്ല. ഇഷ്ടമുള്ളത് എന്തും ഫ്രോപ്‌കോണിലൂടെ തിരഞ്ഞെടുക്കാം. ഫ്രോപ്‌കോണ്‍.കോം എന്ന വൈബ്‌സൈറ്റില്‍ ചെന്നാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനെക്കുറിച്ചും മറ്റു സേവനങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്.


    Share on
    close