മെഡിക്കല്‍ കോളേജിലെ കേരള ജനറിക്‌സ് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

0

കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫാര്‍മസിയിലെ കേരള ജനറിക്‌സ് കൗണ്ടര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. കേരള ജനറികിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജീവനക്കാരുമായി മന്ത്രി ചര്‍ച്ച നടത്തി. രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി വ്യക്തമാക്കി.

ബ്രാന്റഡ് നാമത്തിലല്ലാതെ രാസനാമത്തില്‍ തന്നെ പൊതു വിപണിയില്‍ ലഭ്യമാകുന്ന ഗുണനിലവാരമുള്ള മരുന്നുകളാണ് ജനറിക് മരുന്നുകള്‍. ഈ മരുന്നുകളില്‍ കമ്പനികളുടെ മുദ്രയോ പ്രചാരണമോ നല്‍കാത്തതിനാല്‍ ഇത്തരം മരുന്നുകള്‍ക്ക് ബ്രാന്റഡ് മരുന്നുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്. 45 രൂപയ്ക്ക് മുകളില്‍ വിലയുള്ള കൊളസ്‌ട്രോളിനുള്ള ജനറിക് മരുന്നിന് 4 രൂപയാണ് വില. 45 രൂപ മുതല്‍ 65 രൂപ വരെ വിലയുള്ള ഗ്യാസ്ട്രബിളിനുള്ള ജനറിക് മരുന്നിന് 7 രൂപയാണ് വില. ഇത്തരം ജനറിക് മരുന്നുകള്‍ വാങ്ങുന്നതിലൂടെ മരുന്നുകളുടെ ചെലവ് വളരെയധികം കുറയ്ക്കാവുന്നതാണ്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. മോഹന്‍ റോയി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ സാല്‍ജി സഹദേവന്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.