ഒരു പക്കാ കഥൈയുമായി കാളിദാസ്

0

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമ കണ്ടവരാരും കലാഭവന്‍ മണിയേയും സുരേഷ് ഗോപിയേും അനുകരിക്കുന്ന ജയറാമിന്റെ മകന്‍ കൊച്ചു കാളിദാസിനെ മറക്കാനിടയില്ല. അച്ഛന്റെ അനുകരണകല പകര്‍ന്നു കിട്ടിയ മകന്‍. അതേ അനുകരണ കലയിലൂടെ തന്നെ സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ് കാളിദാസ്. കാളിദാസ് നായകനായി അഭിനയിക്കുന്ന തമിഴ് സിനിമ ഉടന്‍ തീയേറ്ററുകളിലെത്തും. ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കാ കഥൈ എന്ന സിനിമയിലൂടെയാണ് കാളിദാസ് നായകനായി എത്തുന്നത്.

ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെ കാളിദാസ് ചെയ്ത മിമിക്രിയാണ് സിനിമയിലേക്ക് വരാന്‍ വഴിതെളിച്ചത്. ഈ മിമിക്രി പ്രകടനം വാര്‍ത്തകളില്‍ നിറയുകയും സിനിമയിലേക്ക് അവസരങ്ങള്‍ തേടിയെത്തുകയുമായിരുന്നു. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ജയറാം തന്നെ നായകനായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസന്‍ നേടി.

പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രമാണ് ഒരു പക്കാ കഥൈ. ആദ്യ ചിത്രമായ നടുവ്‌ല കൊഞ്ചം പാക്കാത കാനോം എന്ന സിനിമ വന്‍ വിജയം ആയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുതുമുഖം മേഘ ആകാശാണ് ചിത്രത്തിലെ നായിക. തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധ നേടിയ ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കാളിദാസന്‍ സിനിമയിലേക്ക് തിരികെ വന്നിരിക്കുന്നത്. ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ അടുത്ത ചിത്രങ്ങളും ഈ താരപുത്രനെ തേടിയെത്തി. ഉലകനായകന്‍ കമല്‍ ഹാസനും, പ്രഭുവിനൊപ്പമാണ് അടുത്ത ചിത്രം. മീന്‍ കുഴമ്പും മന്‍പനയും എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ കാളിദാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വൈകാതെ മലയാളത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

തമിഴ് താര സഹോദരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും സാദൃശ്യം കാളിദാസനില്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. ഡയറിമില്‍ക്ക് സില്‍ക്കിന് വേണ്ടി കാളിദാസന്‍ 'കിസ് മീ' എന്ന പരസ്യ ചിത്രത്തിലഭിനയിച്ചതോടെയാണ് പലര്‍ക്കും ഈ സാദൃശ്യം അനുഭവപ്പെട്ടത്. 

ചില നേരത്ത് സുര്യയും ചില നേരത്ത് കാര്‍ത്തിയും ഒക്കെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലന്‍ ലുക്കുമായാണ് പരസ്യ വീഡിയോ പ്രേക്ഷകരെ ആകര്‍ഷിച്ചത്. അച്ഛനെപോലെ തന്നെ തമിഴകത്തും മലയാളത്തിലും താരം നിറഞ്ഞ് നില്‍ക്കുമെന്നുതന്നെയാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍