അവധി ദിവസങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡ്

0

അവധിദിവസങ്ങളില്‍ സംസ്ഥാനത്ത് അനധികൃത കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ തടയാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്‌ക്വാഡ് രൂപീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ മുനിസിപ്പല്‍ സെക്രട്ടറിക്കുമാണ് ഇത്തരം അനധികൃത നിര്‍മ്മാണം തടയാനുള്ള ഉത്തരവാദിത്വം. അവധി ദിവസങ്ങളിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന മുന്‍കാല അനുഭവം പരിഗണിച്ചാണ് സ്‌ക്വാഡ് രൂപീകരിക്കുന്നത്.

തദ്ദേശസ്ഥാപന സെക്രട്ടറിയെക്കൂടാതെ നഗരസഭകളിലെ/പഞ്ചായത്തുകളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്. സ്‌ക്വാഡ് നോട്ടീസ് നല്‍കിയിട്ടും നിര്‍ത്തിവെക്കാത്ത അനധികൃത നിര്‍മ്മാണങ്ങള്‍ തടയാന്‍ പോലീസ് സഹായം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പ്രവര്‍ത്തനപുരോഗതി എല്ലാ സ്‌ക്വാഡും അതത് ദിവസംതന്നെ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ഇ-മെയില്‍ മുഖേന അറിയിക്കണം.