ഒരു രൂപക്ക് ഇഡ്ഡലിയും മൂന്ന് രൂപക്ക് ചോറും വിതരണം ചെയ്ത് അണ്ണാ ക്യാന്റിനുകള്‍

ഒരു രൂപക്ക് ഇഡ്ഡലിയും മൂന്ന് രൂപക്ക് ചോറും വിതരണം ചെയ്ത് അണ്ണാ ക്യാന്റിനുകള്‍

Tuesday June 28, 2016,

1 min Read

വിലക്കയറ്റത്തിന്റെ പാരമത്യതയില്‍ വീര്‍പ്പു മുട്ടുന്ന അവസ്ഥയില്‍ ഒരു രൂപക്ക് ഇഡ്ഡലിയും മൂന്ന് രൂപക്ക് ചോറും കിട്ടുമെന്നത് വലിയ കാര്യം തന്നെയാണ്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ അണ്ണാ ക്യാന്റിനുകളാണ് ഇത്തരത്തില്‍ മിതമായ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. 

image


ആന്ധാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതി നഗരം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്താണ് സൗത്ത് ഇന്ത്യന്‍ ഫാസ്റ്റ് ഫുഡുകളും മറ്റ് ഭക്ഷണങ്ങളും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അന്ന ക്യാന്റീന്‍ തുടങ്ങിയിരിക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ശനിയാഴ്ചയാണ് ഇന്ററിം സെക്രട്ടേറിയറ്റ് കോംപ്ലക്‌സിന് സമീപത്തായുള്ള ഈ ക്യാന്റിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡെപ്യൂട്ടി മുഖ്യമന്ത്രി എന്‍ ചിന്നരാജപ്പ, ഗുണ്ടൂര്‍ എം പി ജയദേവ് ഗള്ള എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ക്യാന്റിനിലെ ഭക്ഷണം രുചിച്ചറിഞ്ഞു. മംഗലഗിരി, താഡേപ്പള്ളി, കുള്ളൂര്‍ എന്നിവിടങ്ങളിലെ 29 ഗ്രാമങ്ങളിലേക്ക് കൂടി അടുത്ത മാസങ്ങളില്‍ ഈ ക്യാന്റീന്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹരേ കൃഷ്ണ മൂവ്‌മെന്റിന്റെ ഭാഗമായുള്ള അക്ഷയപാത്ര ചാരിറ്റബിള്‍ ഫൗണ്ടേഷനാണ്(എ സി പി എഫ്) പദ്ധതി നടത്തുന്നത്. ആന്ധ്രയിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയായി ആന്ധ്രാപ്രദേശ് ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ലാന്‍ഡ് പൂളിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാന്റിനുകള്‍ തുടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ വളരെ പ്രശസ്തി പിടിച്ചുപറ്റിയ അമ്മ ക്യാന്റിനുകളുടെ മാതൃകയിലാണ് ഇവിടെ അന്ന ക്യാന്റിനുകള്‍ തുടങ്ങിയിരിക്കുന്നത്. ഒരു ഇഡ്ഡലിക്ക് ഒരു രൂപ മാത്രമാണ് അന്ന ക്യാന്റിനിലെ വില. 200 ഗ്രാം പൊങ്കലിനും അതേ അളവ് ടൊമാറ്റോ ബാത്തിനും അഞ്ച് രൂപ വീതം നല്‍കിയാല്‍ മതിയാകും. 200 ഗ്രാം സാമ്പാര്‍ റൈസിനും പുളിഹോരക്കും വെജിറ്റബിള്‍ റൈസിനും അഞ്ച് രൂപ വീതമാണ് വില. 150 ഗ്രാം കര്‍ഡ് റൈസിന് മൂന്ന് രൂപ നല്‍കിയാല്‍ മതി.