മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ തുടങ്ങിയ ടോക്കണ്‍ സമ്പ്രദായം വന്‍ വിജയം

മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ തുടങ്ങിയ ടോക്കണ്‍ സമ്പ്രദായം വന്‍ വിജയം

Thursday March 30, 2017,

1 min Read

മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ വെള്ളിയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ടോക്കണ്‍ സമ്പ്രദായം വന്‍ വിജയമായി. രാവിലെ 6.30 മുതല്‍ വളരെ വേഗത്തില്‍ ടോക്കണുകള്‍ എടുക്കാന്‍ കഴിഞ്ഞു. 7.30 ന് ഒ.പി. കൗണ്ടര്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ആദ്യത്തെ അര മണിക്കൂറിനുള്ളില്‍ തന്നെ അറുന്നൂറോളം പേര്‍ക്ക് ഒ.പി. ടിക്കറ്റ് ലഭിച്ചു. സാധാരണ ഒ.പി.യില്‍ കാണാറുള്ള തിക്കും തിരക്കും അക്ഷമയും അനുഭവപ്പെട്ടില്ല. ആദ്യ ദിനം 1700 ലധികം രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ഒ.പി. ടിക്കറ്റെടുക്കാന്‍ കഴിഞ്ഞു.

image


ഒ.പി. ടിക്കറ്റിന് വേണ്ടി ക്യൂ നില്‍ക്കേണ്ട സാഹചര്യം പൂര്‍ണമായി ഒഴിവായി. ടോക്കണ്‍ എടുത്തവര്‍ക്ക് ക്യൂ നില്‍ക്കാതെ അവരുടെ ഊഴം എത്തുന്നതുവരെ വിശ്രമിക്കാനും കഴിഞ്ഞു. കൗണ്ടറിന് മുമ്പിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ടോക്കണ്‍ നമ്പരുകള്‍ തെളിയുന്നതനുസരിച്ച് അവര്‍ക്ക് അനായാസം ഒ.പി. ടിക്കറ്റെടുക്കാന്‍ സാധിച്ചു. ഇവരെ സഹായിക്കാനായി ജീവനക്കാരും സന്നദ്ധമായിരുന്നു.

ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ടോക്കണ്‍ സമ്പ്രദായമേര്‍പ്പെടുത്തിയത്. വിദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ ഒ.പി.യിലെത്തി ദീര്‍ഘനേരം ക്യൂ നില്‍ക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഒ.പി. ബ്ലോക്കിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ടോക്കണ്‍ കൗണ്ടര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി 2 ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒ.പി. ടിക്കറ്റെടുക്കാനായി 5 കൗണ്ടറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ടോക്കണ്‍ സമ്പ്രദായം വരും ദിവസങ്ങളിലും തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.