ഇന്ത്യന്‍ കര്‍ഷകര്‍ക്കായി സൗരോര്‍ജ്ജം ഉപയോഗിച്ച് നിര്‍മ്മിച്ച ശീതീകരണശാല

സംരംഭത്തിന് പിന്നില്‍ ഐ ഐ ടി കെ ജെ പിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 

0

ഐ ഐ ടി കെ.ജെ.പിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്ത്യയിലെ കര്‍ഷകര്‍ക്കായി സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന പച്ചക്കറി ശീതീകരണശാല നിര്‍മ്മിച്ചു. അഞ്ചു പൈസ ചിലവില്ലാതെയാണ് ഈ കോള്‍ഡ് സ്‌റ്റോറേജ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ പാഴായിപ്പോകുന്നതിന് ഒരു ഉത്തമ പരിഹാരം കൂടെയാണ് ഈ കോള്‍ഡ് സ്‌റ്റോറേജ്. ഐ ഐ ടി കാണ്‍പൂരിലെ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് പാര്‍ക്ക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ വിവേക് പാണ്ടേ, പ്രതീക് സിഗാള്‍, ദേവന്ദ്ര ഗുപ്ത, തുടങ്ങിയവരാണ് ഈ സംരഭത്തിനു പിന്നില്‍. കര്‍ണാടകയിലെ കൃഷിഭൂമിയിലാണ് ഈ പദ്ധതി ആദ്യം പരീക്ഷിച്ച് വിജയിപ്പിച്ചത്.

കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഇകോഫ്രണ്ട് ടെക്‌നോളജിയുടെ ബാനറിലാണ് പച്ചക്കറി ശീതികരണശാല നിര്‍മ്മിച്ചത്. ഭക്ഷ്യവിതരണ ശൃംഖലകളെ സഹായിക്കുകയും കര്‍ഷകരെ ഉയര്‍ത്തികൊണ്ടുവരികയുമാണ് കമ്പനിയുടെ ലക്ഷ്യം. 2013ലാണ് ഈ പദ്ധതി വിഭാവനം ചെയ്തതെങ്കിലും പദ്ധതി നടപ്പിലായത് ഇപ്പോഴാണെന്നു മാത്രം. പദ്ധതിയുടെ നത്തിപ്പിനായി ഐഐടി സംഘം പൂനയില്‍ ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങിയിരുന്നു.

ഇന്ത്യയില്‍ ഇത്തരമൊരു ശീതികരണശാലയുടെ ആവശ്യം വളരെ വലുതാണ്. പത്ത് മില്യണ്‍ ടണ്ണിന്റെയെങ്കിലും കാര്യക്ഷമതയുള്ള ശീതീകരണശാല നമുക്ക് നിര്‍മ്മിക്കാനായാല്‍ 30 ശതമാനം പച്ചക്കറി പാഴായിപ്പോകുന്നത് തടയാനാകും. വലിയ കര്‍ഷകര്‍ക്ക് മാത്രമെ നിലവില്‍ ഇത്തരം സംവിധാനങ്ങളുള്ളു. അവര്‍ പ്രധാനമായും വിപണി വിലകളിലെ ഏറ്റക്കുറച്ചിലുകള്‍ നേരിടാനാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ പച്ചക്കറി ചീത്തയായി പോകുമെന്നുള്ള ഭയത്താല്‍ വിപണി വില കുറഞ്ഞാല്‍ പോലും സാധാരണ കര്‍ഷകര്‍ക്ക് പച്ചക്കറി വില്‍ക്കേണ്ടി വരുന്നു.

ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികള്‍ അതുകൊണ്ട് തന്നെ ശീതികരണശാല നിര്‍മ്മിക്കാനുദ്ദേശിച്ചത് ഗ്രാമമേഖലകളിലെ സാധാരണ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. വൈദ്യുതി ചിലവാക്കാതെ തന്നെ നടപ്പിലാക്കുന്ന ഈ പദ്ധതിവഴി രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും 40% ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ കര്‍ഷകരെ സഹായിക്കും.

നടത്തിപ്പുചിലവ് തീരെയില്ലാത്ത ശീതീകരണ ശാലയാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്. സൗരോര്‍ജ്ജം ഉപയോഗിച്ച് തെര്‍മല്‍ സ്‌റ്റോറേജ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ശീതീകരണ ശാല നിര്‍മ്മിച്ചിരിക്കുന്നത്. എന്നും തണുപ്പ് പ്രധാനം ചെയ്യുന്ന ഈ സംവിധാനം ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ആയുസുനല്‍കും. ആവശ്യാനുസരണം തണുപ്പ് ക്രമീകരിക്കാനും സംവിധാനമുണ്ട്. ഊര്‍ജ്ജം സംഭരിച്ചു 36 മണിക്കൂര്‍ വരെ സൂക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ വെയില്‍ ഇല്ലാത്ത സമയത്ത് ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നോര്‍ത്ത് ഭയപ്പെടേണ്ട. മൈക്രോ കോള്‍ഡ് സ്‌റ്റോറേജ് സിസ്‌ററത്തിന്റെ കപ്പാസിറ്റി ഏകദേശം 5 മെട്രിക് ടെണ്ണോളം വരും. പൂണെ യൂണിറ്റിനു കീഴില്‍ 20,000 ശീതീകരണശാല നിര്‍മ്മിക്കുകയാണ് സംഘത്തിന്റെ അടുത്ത പദ്ധതി. സംവിധാനം കര്‍ഷക്ക് നേരിട്ട് എത്തിക്കുക, സംരഭകര്‍ വഴി ഉത്പന്നം വിറ്റ് കര്‍ഷകര്‍ക്ക് നിശ്ചിത തുക തല്‍കി തങ്ങളുടെ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കുക ഇങ്ങനെ രണ്ടു പദ്ധതികളും ഐ ഐ ടി വിദ്യാര്‍ത്ഥി സംഘത്തിനുണ്ട്.