മിടുക്കിക്കൊരു ഭവനം; ക്രാഫ്റ്റ് ഹോസ്പിറ്റല്‍ നിര്‍മ്മിച്ചു നല്‍കുന്നത് 15 വീടുകള്‍  

0

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ 15 വീടുകള്‍ വച്ചു നല്കുന്നു. അതില്‍ ആദ്യഘട്ടമായി പണിപൂര്‍ത്തിയായ 5 വീടുകളുടെ താക്കോല്‍ ദാനചടങ്ങിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സമര്‍ത്ഥരും നിരാലംബരുമായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് 'മിടുക്കിയ്‌ക്കൊരു ഭവനം ' എന്ന സാമൂഹിക ക്ഷേമ പദ്ധതിയുടെ ഭാഗമായി ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ വീട് നിര്‍മ്മിച്ച് നല്കുന്നത്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് നല്കുന്നത്. ഇതില്‍ പണിപൂര്‍ത്തിയായ 5 വീടുകളുടെ താക്കോല്‍ കൈമാറ്റം ക്രാഫ്റ്റ് ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍ സി.മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു.

500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് ഒരണ്ണത്തിന് 7 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. 1 കോടി 5 ലക്ഷം രൂപയാണ് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ഇതിനായി ചിലവഴിക്കുന്നത്.

സമര്‍ത്ഥരായ വിദ്യാര്‍ത്ഥിനികള്‍ സാമ്പത്തിക പരാധീനതമൂലം പഠനം ഉപേക്ഷിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താതെ കുടുംബ പ്രാരാബ്ധങ്ങള്‍ പേറാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. സുരക്ഷിതമായ വീട് എന്ന ചെറിയ പരിഹാരമാണ് അടിയന്തിരമായി വേണ്ടതെന്നുള്ള ആശുപത്രി മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനമാണ് 'മിടുക്കിയ്‌ക്കൊരു ഭവനം' പദ്ധതിയെന്ന് വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. 15 വീടുകളും ഒരുമിച്ച് കൈമാറ്റം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും മഴക്കാലമാരംഭിച്ചതിനാല്‍ പൂര്‍ത്തിയായ വീടുകള്‍ ഉടന്‍ കൈമാറ്റം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ ഇപ്പോഴുള്ള താമസസ്ഥലത്തിന് വളരെ ദൂരെയല്ലാതെ തന്നെയാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. 18 വയസ്സുവരെ ഈ വീടുകള്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നും മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. ബാക്കിയുള്ള പത്തു വീടുകളുടെ പണി പുരോഗമിച്ചു വരുന്നു. പൂര്‍ത്തിയാകുന്നതനുസരിച്ച് അതും കൈമാറും.

ഇപ്പോഴത്തെ സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന ഏറ്റവും വലിയ പരിഹാരങ്ങളിലൊന്നാണ് അടച്ചുറപ്പുള്ള വീടെന്നും ഇത് ശരിയായ രീതിയില്‍ ഉള്‍കൊണ്ട് ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ട് വന്ന ക്രാഫ്റ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമൂഹത്തില്‍ ഉത്തമമായ മാതൃകയാണ് കാണിച്ചു തന്നതെന്നും ചടങ്ങുകള്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഹോസ്പിറ്റല്‍ മാനേജുമെന്റുമടങ്ങുന്ന സംഘത്തിന്റെ ശരിയായ രീതിയിലുള്ള നിരീക്ഷണത്തിനുശേഷമാണ് അര്‍ഹരായ 15 പേരെ ഈ ഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് പി.ടി.ഐ. പ്രസിഡന്റ് പി.എച്ച്. അബ്ദുള്‍ റഷീദ് സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. കുട്ടികളുടെ ഇപ്പോഴത്തെ താമസ സാഹചര്യങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു.

കൊടുങ്ങല്ലൂര്‍ എം.എല്‍.എ. അഡ്വക്കേറ്റ് വി.ആര്‍.സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്രാഫ്റ്റ് ഹോസ്പിറ്റലിന്റെ ജനറല്‍ മാനേജര്‍ ഡോ.ജോയ് ഇന്നസെന്റ് പദ്ധതിയെപറ്റി വിശദീകരിച്ചു. ഇ.ടി.ടൈസണ്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍, മുന്‍ എം.എല്‍.എ. ടി.എന്‍. പ്രതാപന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എന്‍. രാമദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രദീപ്, പ്രിന്‍സിപ്പാള്‍ ആശ ആനന്ദ്, പ്രധാനാദ്ധ്യാപിക വി.ജി. സുജാത ഷാജു സി.കെ, ഡോ.അബ്ദുള്‍ മജീദ്, സ്റ്റാഫ് സെക്രട്ടറി ഇ.കെ.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.