മുക്കുന്നിമല: മുന്‍ ജില്ലാ കലക്റ്റര്‍മാരെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ്  

0

മുക്കുന്നിമലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവനന്തപുരം ജില്ലാ കലക്റ്റര്‍മാരായ ബിജു പ്രഭാകര്‍, കെ.എന്‍. സതീഷ് എന്നിവരെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ്. ഇരുവരേയും പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട്് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ കലക്റ്റര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണു വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ഓഫിസുകളില്‍ നിന്നു കലക്റ്ററേറ്റില്‍ നിന്നും വിജിലന്‍സ് സംഘം രേഖകള്‍ ശേഖരിച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നടപ്പാക്കാതെ രണ്ടു ഉദ്യോഗസ്ഥരും അട്ടിമറിച്ചതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

നേരത്തേ, ഹൈക്കോടതി ഉത്തരവ് പ്രകാരം തുടങ്ങിയ അന്വേഷണത്തില്‍ മുക്കുന്നിമലയില്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു, ഇതേതുടര്‍ന്ന് വിജിലന്‍സ് ,റവന്യു, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ പ രിശോധനയില്‍ 35ല്‍ അധികം ക്വാറികളും 6 ക്രഷര്‍ യൂണിറ്റുകളും ഒരു എം സാന്റല്‍ യൂണിറ്റും അന ധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിജലന്‍സ് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്വാറി ഉടമകള്‍ അടക്കം നാല്‍പതു പേര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്വാറികളില്‍ പലതും ഏക്കറുകളോളം സര്‍ക്കാര്‍ ഭൂമിയും കൈയേറിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസും മുക്കുന്നിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.