സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

Wednesday May 31, 2017,

2 min Read

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായ രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്. എ. ടി ആശുപത്രിയിലെ പുതിയ മാതൃ ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കും.

image


 മെഡിക്കല്‍ കോളേജിനെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. മാസ്റ്റര്‍ പ്ലാനിനായി 400 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവച്ചിരുന്നു. ഇത് കിഫ്ബി വഴി കണ്ടെത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നതിനുള്ള പദ്ധതി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ രോഗീസൗഹൃദമാക്കുന്നതിനു പുറമെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഓപ്പറേഷന്‍ തിയേറ്റര്‍ മന്ദിരം നിര്‍മ്മിക്കാനും ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ഒരു രോഗിയും നിരാശപ്പെടേണ്ടാത്ത രീതിയില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ മാതൃശിശു മന്ദിരത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മുകള്‍ നിലയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി ഇവിടെ പ്രത്യേക സൗകര്യം ഒരുക്കിയത് നല്ലകാര്യമാണ്. രോഗീസൗഹൃദ ഒ.പി നിലവില്‍ വരുന്നതോടെ ഒ.പിയ്ക്ക് മുന്നിലുള്ള വലിയ ക്യൂ ഒഴിവാക്കാനാവും. ആശുപത്രിയിലെത്തുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തിലുള്ള ആദ്യ ഇ-ഒ. പി ടോക്കണ്‍ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നുള്ള മീനാക്ഷി മേനോന് മുഖ്യമന്ത്രി നല്‍കി. എയിംസ് മാതൃകയിലാണ് രോഗീ സൗഹൃദ ഒ. പി സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എല്ലാ സൗകര്യങ്ങളോടെയുമുള്ള അഞ്ച് ഒ. പി കൗണ്ടറുകളാണ് പുതിയ മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തെ ക്ഷേമ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചിന്താശേഷിയുള്ളവര്‍ക്ക് മനസിലാക്കാനും കണ്ണുള്ളവര്‍ക്ക് കാണാനുമാകുമെന്ന് സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരന് സംരക്ഷണം നല്‍കുന്ന സ്ഥാപനമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മാറണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആരോഗ്യ കേരളം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഡി. എം. ഇ ഡോ. എ. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു