കെ എസ് ഐ ഡി സിയില്‍ ഇന്‍കുബേറ്റ് ചെയ്ത വി എസ് ടി ട്രാവല്‍സിന് 1.8 കോടിയുടെ ഫണ്ടിംഗ്

കെ എസ് ഐ ഡി സിയില്‍ ഇന്‍കുബേറ്റ് ചെയ്ത വി എസ് ടി ട്രാവല്‍സിന്
 1.8 കോടിയുടെ ഫണ്ടിംഗ്

Thursday August 04, 2016,

2 min Read


കെ എസ് ഐ ഡി സിയുടെ അങ്കമാലി സ്റ്റാര്‍ട്ടപ്പ് സോണില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള വിഎസ്ടി ട്രാവല്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് ദുബായ് ആസ്ഥാനമായ പ്രൊമാറ്റസ് ഗ്രൂപ്പിന്റെ മൂന്നുലക്ഷം ഡോളറിന്റെ (ഏകദേശം 1.8 കോടി രൂപ) ഫണ്ടിംഗ് ലഭിച്ചു. കെ എസ് ഐ ഡി സി പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നിന് ഇത്രയും വലിയ തുകയുടെ പ്രവര്‍ത്തന സഹായം ലഭിക്കുന്നത് ഇതാദ്യമാണ്. വെഹിക്കിള്‍ എസ് ടി എന്ന പേരില്‍ ഇവര്‍ രൂപംകൊടുത്ത ആപ്ലിക്കേഷന്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും വിപണിയിലിറക്കുന്നതിനും ഈ ഫണ്ടിംഗ് സഹായകമാകും.

image


ഓട്ടോറിക്ഷ മുതല്‍ വിമാനം വരെ ഏതു യാത്രയ്ക്കുമുള്ള വാഹനം ഒറ്റ മൗസ് ക്ലിക്കില്‍ ലഭ്യമാക്കാനുതകുന്നതാണ് വെഹിക്കിള്‍എസ് ടി എന്ന ആപ്ലിക്കേഷന്‍. ഓട്ടോറിക്ഷ, ടാക്‌സി കാര്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗ്, ക്രെയ്ന്‍, ബുള്‍ഡോസര്‍, റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് പോലുള്ള അത്യാവശ്യ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയോ, വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്ടെത്താന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനത്തിന്റെ നിലവാരവും റിവ്യുവും അടിസ്ഥാനമാക്കി സേവന ദാതാക്കളെ റേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. അതുകൊണ്ടുതന്നെ, തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കാവശ്യമുള്ള സേവനദാതാവിനെ നിശ്ചയിക്കാനും സാധിക്കും. അക്ഷയകേന്ദ്രങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് സംരംഭത്തിന് ധനസഹായം ലഭ്യമായിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ആപ്ലിക്കേഷന്‍ ഉടന്‍തന്നെ ഐഒഎസ്, വിന്‍ഡോസ് എന്നിവയിലും ലഭ്യമാക്കും.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തെ 25 ഓട്ടോറിക്ഷകളുടെ സേവനമാണ് ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്നത്. കുടുംബശ്രീ ട്രാവല്‍സുമായും ഇവര്‍ ധാരണയിലെത്തിയിരുന്നു. യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ടാബ്‌ലെറ്റുകള്‍ ഈ വാഹനങ്ങളിലുണ്ടാകും. യാത്രക്കാര്‍ക്ക് ടാക്‌സി പോകുന്ന വഴി മനസ്സിലാക്കാന്‍ ഇതിലെ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാം. അതോടൊപ്പം ഇതില്‍ പ്ലേ ചെയ്യുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിതവിഹിതം ടാക്‌സി ഉടമകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി നേരിട്ടു ബന്ധപ്പെടാനാകും. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷയും വെഹിക്കിള്‍എസ്ടി ഉറപ്പാക്കുന്നു.

ഗ്ലോബല്‍ ഓപ്പറേഷന്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഫണ്ടിംഗ് ലഭ്യമായതോടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കാനുമുള്ള അവസരമാണ് കൈവരുന്നത്. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ഗവേഷണ വികസന വിഭാഗം ആരംഭിക്കുന്നതിനൊപ്പം ഗള്‍ഫിലും യുഎസിലും ഓഫീസുകളും തുറക്കാനാകും. നിലവില്‍ കെഎസ്‌ഐഡിസിയുടെ മെന്ററിംഗും ഇന്‍കുബേഷന്‍ സൗകര്യവും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആറു മാസം മുന്‍പു മാത്രം തുടങ്ങിയ വെഹിക്കിള്‍എസ്ടിയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ വലിയ തുകയുടെ ഫണ്ടിംഗ് ലഭ്യമാകുന്ന ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രൊമാറ്റസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോഷി ബാബുവും വെഹിക്കിള്‍എസ്ടി സിഇഒ ആല്‍വിന്‍ ജോര്‍ജും ധാരണാപത്രം ഒപ്പുവച്ചു. കെഎസ്‌ഐഡിസി എംഡി ഡോ. എം.ബീന, തിരുവനന്തപുരം ഡിസിപി ശിവവിക്രം, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, പ്രൊമാറ്റസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശേഷപ്രകാശ്, വെഹിക്കിള്‍എസ്ടി സിഒഒ നവീന്‍ ദേവ്, സിടിഒ പി.വി. സതീഷ് എന്നിവരും പങ്കെടുത്തു.