ഇന്ത്യയെ കണ്ടെത്താന്‍, സ്വയമറിയാന്‍ ബൈക്കില്‍ താണ്ടിയത് 50000 കിലോമീറ്റര്‍ 

0

23–ാം വയസ്സിലാണ് ക്രിഷണു കോണ തന്റെ ആഗ്രഹം കുടുംബത്തോടു പറഞ്ഞത്. ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ 50,000 കിലോമീറ്റർ സഞ്ചരിക്കണമെന്നായിരുന്നു ക്രിഷണുവിന്റെ ആഗ്രഹം. ഈ ആഗ്രഹം നിറവേറ്റിയ ക്രിഷണു ഇന്നു സ്വന്തം പേരിൽ ഗിന്നസ് റെക്കോർഡുമിട്ടു. മോട്ടോർ സൈക്കിളിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തി എന്ന റെക്കോർഡ്.

അമ്മയുടെ അടുത്തേക്കാണ് ഞാൻ ആദ്യം പോയത്. എനിക്ക് രാജ്യം മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിക്കണമെന്നു പറഞ്ഞു. അമ്മ അപ്പോൾ ഒന്നും പറഞ്ഞില്ല. ഞാൻ തമാശ പറയുന്നുവെന്നാണ് വിചാരിച്ചത്. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ പറയുന്നത് തമാശയല്ലെന്നു മനസിലാക്കി. അമ്മ എന്നോട് പറഞ്ഞു, മോനേ, നീ ഉറപ്പായും ആഗ്രഹിച്ചത് ചെയ്യുക. അമ്മയുടെ ഈ വാക്കുകളാണ് എന്റെ ജീവിതം മുഴുവൻ ചെയ്യാൻ ഞാൻ ആഗ്രഹിച്ചത്– ദ് ഹിന്ദു മാധ്യമത്തോട് ക്രിഷണു പറഞ്ഞു.

ആദ്യം പൊതുഗതാഗതസൗകര്യം ഉപയോഗിച്ച് 50,000 കിലോമീറ്റർ സഞ്ചരിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഡിസൈൻ കൺസോർഷ്യത്തിൽനിന്നും പണം ലഭിച്ചതോടെ സ്വന്തമായി വാങ്ങിയ ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ 2015 ഫെബ്രുവരിയിൽ ബജാജ് പൾസർ 200 എൻഎസ് വാങ്ങി. 2015 ഓഗസ്റ്റിൽ സ്വപ്നയാത്ര തുടങ്ങി.

ഇന്നു ക്രിഷണുവിനു 24 വയസ് ആയി. തന്റെ ആഗ്രഹവും നിറവേറ്റി കഴിഞ്ഞു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. ഡൽഹിയിൽ നിന്നും തുടങ്ങി ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഗോവ, കേരളം, പോണ്ടിച്ചേരി, സിക്കിം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. ഇന്ത്യയുടെ വശ്യമായ സൗന്ദര്യം തുറന്നുകാട്ടുകയും ഒപ്പം വ്യത്യസ്ത സംസ്കാരത്തിലുള്ള ജനങ്ങളെ പരിചയപ്പെടുകയുമായിരുന്നു ഈ യാത്രയ്ക്കു പിന്നിലുണ്ടായിരുന്നതെന്നു ക്രിഷണു പറഞ്ഞതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഭൂപ്രദേശങ്ങൾ വ്യത്യസ്തമാണെങ്കിലും രാജ്യമൊട്ടാകെയുള്ള ജനങ്ങളുടെ വികാരങ്ങൾ എല്ലാം ഒന്നാണ്. നഗരങ്ങളിൽ ജനങ്ങൾ മനുഷ്യത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. എന്നാൽ നഗരപരിധി വിട്ടു കഴിഞ്ഞപ്പോൾ ഇതിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഗ്രാമങ്ങളിലുള്ളതെന്നു മനസിലായി. പശ്ചിമ ബംഗാളിലെ മാൾഡയിൽ വച്ച് എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമുണ്ടായി. ചെറ്റക്കുടിലിൽ താമസിക്കുന്ന ഒരു സ്ത്രീ എനിക്ക് കഴിക്കാൻ ഭക്ഷണം തന്നു. ഞാൻ അവർക്ക് പണം നൽകാൻ ശ്രമിച്ചപ്പോൾ അവർ ഇങ്ങനെ പറഞ്ഞു– എന്റെ മകൻ നഗരത്തിലാണ് ജോലി ചെയ്യുന്നത്. അവനെയും ഇതുപോലെ ചിലപ്പോൾ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകും.

ഉത്തരാഖണ്ഡിൽ ചെന്നപ്പോഴും ഇതേ അനുഭവമുണ്ടായി. ഒരു കുഗ്രാമത്തിലെ വൃദ്ധയായ സ്ത്രീ വെള്ളം കണ്ടെത്താൻ സഹായിച്ചു. അവർ എനിക്ക് ഭക്ഷണം നൽകി. നഗരത്തിൽ താമസിക്കുന്ന തന്റെ മകനും ആരെങ്കിലും ഭക്ഷണം കൊടുത്ത് സഹായിച്ചിട്ടുണ്ടാകുമെന്നു അവർ പറഞ്ഞു.

യാത്രയിൽ ചില സമയത്ത് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും ജനവാസമില്ലാത്ത പല സ്ഥലങ്ങളുമുണ്ട്. റോഡിന്റെ ഇരുവശവും ഒരു മരം പോലും ഉണ്ടാവില്ല. ഈ സമയത്ത് എനിക്ക് ചെറിയൊരു മാനസിക വിഷമമുണ്ടായി. യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത് ശരിയാണോ എന്നു ചിന്തിച്ചു. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ ആൾക്കാരെ കണ്ടുമുട്ടി. അപ്പോൾ എനിക്ക് ഉന്മേഷവും കൂടുതൽ കരുത്തും കിട്ടി.

ജീവിത്തിൽ എല്ലാവരും ഒരിക്കലെങ്കിലും തനിച്ച് യാത്ര പോകണമെന്നാണ് ക്രിഷണുവിന്റെ അഭിപ്രായം. നിങ്ങൾ എപ്പോഴും മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. നിങ്ങളെ സ്വയം തിരിച്ചറിയാനുള്ള ഉത്തമ മാർഗമാണ് ഒറ്റയ്ക്കുള്ള സ‍ഞ്ചാരം. ഒരു സംഘത്തോടൊപ്പം യാത്ര ചെയ്യുന്നത് നിങ്ങൾക്ക് മികച്ച അനുഭവം ഒന്നും നൽകില്ല. എന്നാൽ തനിച്ച് യാത്ര ചെയ്യുമ്പോൾ യഥാർഥത്തിൽ നിങ്ങൾ ആരാണെന്നു സ്വയം മനസിലാകുമെന്നും ക്രിഷണു പറഞ്ഞു.