നെയ്യാര്‍മേളക്ക് തുടക്കമായി

നെയ്യാര്‍മേളക്ക് തുടക്കമായി

Thursday August 31, 2017,

1 min Read

വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമായി വേണം ഗ്രാമീണ വ്യാപാര മേളകളെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'നെയ്യാര്‍മേള 2017' നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണമേളകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട തൊഴില്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സ്വന്തം നാട്ടില്‍ തന്നെ വില്‍ക്കാനും സ്വാശ്രയത്വ സങ്കല്‍പത്തെ ഉയര്‍ത്തിക്കാട്ടാനും സഹായിക്കും. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന വിധം ആഗോള ഭീമന്‍മാരെ ക്ഷണിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍.

image


പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.നാട്ടുകാരുടെ ഐക്യബോധം ഊട്ടിയുറപ്പിക്കാന്‍ സഹായകമാകുന്ന ഗ്രാമീണ മേളകള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ് സ്വാഗതം പറഞ്ഞു. സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ നിര്‍വഹിച്ചു.

സാംസ്‌കാരിക പരിപാടികള്‍, കാര്‍ണിവല്‍, മെഡിക്കല്‍ ക്യാമ്പ്, മെഡിക്കല്‍ എക്‌സിബിഷന്‍, ഭക്ഷ്യമേള, പുരാവസ്തു പ്രദര്‍ശനം, ആദിവാസി ഊര് ഉദ്ഘാടനം, സഞ്ചരിക്കുന്ന ചിത്രകലാ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം എന്നിവ വിവിധ ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്‌കാരിക നായകരും ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി. ശ്രീകണ്ഠന്‍ നായര്‍, അലി ഫാത്തിമ, ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, ആനാവൂര്‍ നാഗപ്പന്‍, വി.പാപ്പച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.സംസ്ഥാന ടൂറിസം വകുപ്പും നെയ്യാറ്റിന്‍കര നഗരസഭയും സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റിയും സംയുക്തമായാണ് 'നെയ്യാര്‍മേള' യുടെ ഭാഗമായി വ്യാപാരമേളയും ഓണാഘോഷവും സംഘടിപ്പിക്കുന്നത്.മേള സെപ്റ്റംബര്‍ 12 വരെ തുടരും.