വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ഫാം ജേര്‍ണലിസം അവാര്‍ഡ്

0

വിദ്യാര്‍ഥികള്‍ക്ക് ഫാം ജേര്‍ണലിസം അവാര്‍ഡുകള്‍ നല്‍കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. ഇതിനായി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഫാം ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിച്ച ജൈവകൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തമാസം ഒമ്പതിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷിവകുപ്പുമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഒട്ടേറെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവ വാര്‍ത്തകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്. ഇതു കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായിട്ടാണ് ഫാം ജേര്‍ണലിസം മത്സരം സംഘടിപ്പിക്കുന്നത്.

രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരം , ഒന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ ഒരു വിഭാഗത്തിലും എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ രണ്ടാമത്തെ വിഭാഗത്തിലും. രണ്ട് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം സമ്മാനം നല്‍കുന്നതാണ്. കൂടാതെ 1000 രൂപയുടെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

ഈമാസം 31ന് മുമ്പായി വാര്‍ത്തകള്‍ തയ്യാറാക്കി കൃഷി ഡയറക്ടര്‍ക്ക് കൃഷിഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം-34 എന്ന മേല്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. അടുത്തമാസം അഞ്ചിന് ഫലം പ്രഖ്യാപിക്കും.