ചുമട്ടുകാരനില്‍ നിന്ന് 20 കമ്പനികളുടെ ഉടമയായ മധുസൂദന്‍ റാവു

ചുമട്ടുകാരനില്‍ നിന്ന് 20 കമ്പനികളുടെ ഉടമയായ മധുസൂദന്‍ റാവു

Monday May 16, 2016,

3 min Read

ചുമട്ടുകാരനില്‍ നിന്ന് 20 കമ്പനിയുടെ ഉടമയായി മാറിയ കഥയാണ് മധുസൂദനന്‍ റാവുവിന്റേത്. വിജയത്തിന്റെ കിരീടം ചൂടുമ്പോഴും വിശപ്പിന്റെ തീ ഉള്ളില്‍ ആളിയ ബാല്യകാലം ഇന്നും റാവുവിന് ഓര്‍മ്മയുണ്ട്. അതു കൊണ്ടു തന്നെ ഇത്രയും കമ്പനികളുടെ തലപ്പത്തിരിക്കുമ്പോഴും ഇന്ന് ഗ്രാമീണരുടെ പട്ടിണിയകറ്റാന്‍ ഗ്രാമങ്ങളില്‍ സജീവമാണ് റാവു.

image


ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പല്‍ഗുരു ഗ്രാമത്തില്‍ പേരയ്യയുടേയും രാമലമ്മയുടേയും പത്തുമക്കളില്‍ ഒരുവനായാണ് മധുസൂദന്‍ റാവു ജനിച്ചത്. ദിവസവും 18 മണിക്കൂറോളം പണിയെടുക്കുന്ന മാതാപിതാക്കളായിരുന്നു റാവുവിന്റേത്. ഇത്രയും ജോലി ചെയ്തിട്ടു പോലും തങ്ങളുടെ മക്കള്‍ക്ക് അവര്‍ക്ക് പലപ്പോഴും വയറു നിറച്ച് ആഹാരം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ഇവര്‍ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ പത്തു മക്കളുള്ള ഇവരുടെ കുടുംബം പട്ടിണിയാകുമായിരുന്നു. ഇടാന്‍ നല്ലൊരു വസ്ത്രം പോലുമില്ലാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പാതി ഒഴിഞ്ഞ വയറുമായി നടക്കുമ്പോള്‍ ഇവര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഉടുക്കാന്‍ നല്ലൊരു കുപ്പായവും കാലില്‍ മുള്ളുകൊള്ളാതെ നടക്കാനൊരു ചെരുപ്പും, അതു മാത്രമായിരുന്നു ഈ കുഞ്ഞുങ്ങളുടെ ആഗ്രഹം. ബാക്കിയുള്ളവര്‍ക്ക് ഇത് ചെറിയ കാര്യങ്ങളായിരുന്നെങ്കിലും ഇത് അവരെ സംബന്ധിച്ച് വലിയ കാര്യങ്ങളായിരുന്നു. ഒരു ചെറ്റക്കുടിലിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. തങ്ങളുടെ അച്ഛനുമമ്മയും എന്തു ജോലിയാണ് ചെയ്തിരുന്നതെന്നു പോലും ആ മക്കള്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മറ്റുള്ളവരെപ്പോലെ എന്നാണ് തങ്ങള്‍ക്കും ഒരു അടച്ചുറപ്പുളള വീടുണ്ടാവുക എന്നെല്ലാം റാവു കുട്ടിക്കാലത്ത് ആലോചിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴേക്ക് മക്കള്‍ ഉറങ്ങിയിട്ടുണ്ടാകും. കുറച്ച് വലുതായപ്പോഴാണ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവരാണ് തങ്ങളെന്നും അതു കൊണ്ടാണ് കുടിലില്‍ കഴിയുന്നതെന്നും തിരിച്ചറിഞ്ഞത്. അച്ഛനും അമ്മയും അടുത്തുള്ള ഒരു ജന്‍മിയുടെ ഭൂമിയില്‍ പണിയെടുക്കുന്ന ജോലിക്കാരായിരുന്നു. അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. താഴ്ന്ന ജാതിക്കാരായിരുന്നതിനാല്‍ ഗ്രാമവാസികളില്‍ നിന്നും തൊട്ടുകൂടായ്മയും വിവേചനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പൊതുസ്ഥലങ്ങളിലെ വിലക്ക്, നല്ല വസ്ത്രമുടുക്കുന്നതിലെ വിലക്ക് തുടങ്ങി ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ വിലക്കുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റാവു സ്‌കൂളില്‍ പോകുന്നത്. അതു തന്നെ ഗ്രാമീണരുടെ കണ്ണില്‍ ഒരു കുറ്റകരമായ പ്രവൃത്തിയായിരുന്നു. തന്റെ കുടുംബം അനുഭവിക്കുന്ന കഷ്ടതകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തണം എന്ന ചിന്തയോടെയാണ് സ്‌കൂളില്‍ പോകുന്നത്. പത്തു മക്കളില്‍ റാവുവിന്റെ മൂത്ത ജേഷ്ടന്‍ മാധവ് മാത്രമേ സ്‌കൂളില്‍ പോയിരുന്നുള്ളൂ. വീട്ടിലെ കഷ്ടപ്പാടു കാരണം അക്കാലത്ത് തന്റെ മൂത്ത ചേച്ചിയും അച്ഛനും അമ്മയുമോടൊപ്പം ജോലിക്ക് പോയിത്തുടങ്ങിയരുന്നു. സ്‌കൂളില്‍ പോയതാണ് റാവുവിന്റെ ചിന്തകളെ മാറ്റിയെടുത്തത്. ആയിടക്ക് സ്‌കൂളിന്റെ സമീപം തുടങ്ങിയ സോഷ്യന്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ ലക്ഷ്മി നരസയ്യ റാവുവിന്റെ ജീവിതത്തിന്റെ മാറ്റത്തിന് കാരണക്കാരിയായി. ആ ഹോസ്റ്റലില്‍ നിന്ന് പഠിക്കാനുള്ള സാഹചര്യം അവര്‍ റാവുവിന് ഒരുക്കിക്കൊടുത്തു. സ്‌കൂളില്‍ അധ്യാപകര്‍ പറഞ്ഞു കൊടുത്തത് അതു പോലെ പാലിച്ച റാവു, പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയും നല്ല രീതിയില്‍ പാസായി. 

image


ചേട്ടന്‍ എഞ്ചിനീയറിംഗിന് പഠനമാണ് അപ്പോള്‍ തിരഞ്ഞെടുത്തിരുന്നത്. റാവുവിനും എഞ്ചിനീയറിംഗ് പഠിക്കണമെന്നായിരുന്നു അഗ്രഹം എന്നാല്‍, ജോലി കിട്ടാന്‍ സാധ്യത കൂടുതല്‍ പോളീ ടെക്‌നിക് ആയതിനാല്‍ പോളീടെക്‌നിക്കിന് ചേരാന്‍ ചേട്ടനും കൂട്ടുകാരും പറഞ്ഞു. അതു കൊണ്ട് അതിന്റെ എന്‍ട്രന്‍സ് എഴുതി പോളീടെക്‌നിക്കില്‍ അഡ്മിഷന്‍ നേടി ഡിപ്ലോമയും പൂര്‍ത്തീകരിച്ചു. ഡിപ്ലോമ ചെയ്തു കഴിഞ്ഞ് ജോലിയൊന്നും ആകാത്ത സമയത്ത് ഒരു വാച്ച്മാനായും റാവു ജോലി ചെയ്തു. പറ്റിയ ജോലിയൊന്നും ജോലി ലഭ്യമാകില്ലെന്ന് കണ്ടപ്പോള്‍ റാവു നിരാശനായി. എന്നാല്‍ പിന്നോട്ടു ചിന്തിക്കാന്‍ സ്വന്തം കുടുംബത്തിലെ അവസ്ഥ അനുവദിച്ചില്ല. അമ്മയും സഹോദരങ്ങളും റാവുവിനെ പ്രോത്സാഹിപ്പിച്ചു. ജോലിക്ക് അപേക്ഷിക്കുമ്പോഴൊക്കെ ആരുടെയെങ്കിലും പരിചയമോ, ജോലിയിലെ പരിചയസമ്പത്തോ ആണ് കമ്പനികള്‍ ചോദിച്ചിരുന്നത്. ഗ്രാമത്തില്‍ നിന്നും വരുന്ന റാവുവിന് ഇതൊക്കെ അന്യമായിരുന്നതിനാല്‍ കമ്പനികള്‍ റാവുവിനെ ഒഴിവാക്കുകായിരുന്നു പതിവ്. പിന്നീട് ഹൈദ്രാബിദില്‍ മേസ്ത്രിയായിരുന്ന ചേട്ടന്റെ അടുത്ത് പണിക്ക് ചേര്‍ന്നു പൂന്തോട്ടവും മറ്റും നിര്‍മ്മിക്കുന്നതിനായി കട്ടയും മണ്ണും ചുമക്കലായിരുന്നു റാവുവിന് ലഭിച്ച ആദ്യ പണി. അതനിക്ക് അനുയോജ്യമായ ജോലി ലഭ്യമായേ തീരൂ എന്ന് ഉറച്ച് തീരുമാനമെടുത്തു. സ്വന്തം പ്രയത്‌നത്തില്‍ താന്‍ സ്വയം നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു ആ തീരുമാനം. സ്വന്തം ജീവിതത്തില്‍ അന്ന് എടുത്ത ഉറച്ച തീരുമാനത്തിന്റെ ശക്തി തന്നെയാണ് റാവുവിനെ ഇന്ന് ഇരുപത് കമ്പനികള്‍ നയിക്കാന്‍ പ്രാപ്തനാക്കിയതും.

image


ചേട്ടന്റെ ജോലിയില്‍ നിന്ന് മാറി സ്വന്തം ജോലി കണ്ടെത്താനുള്ള ശ്രമം റാവു തുടര്‍ന്നു. അങ്ങനെ മറ്റൊരിടത്ത് ജോലിക്കാരനായ റാവുവിന്റെ മികച്ച ജോലി കണ്ട് ഒരു എഞ്ചിനീയര്‍ തന്റെ കൂടെ ജോലി ചെയ്യാമോ എന്ന് ചോദിച്ചു. അതു സമ്മതിച്ച റാവു ആ എഞ്ചിനീയറിന് കീഴില്‍ നിന്ന് ഒരു പ്രമുഖ കരാര്‍ സ്വന്തമായി ഏറ്റെടുത്തു ചെയ്തു. എന്നാല്‍ അതിന് കെട്ടിവെക്കേണ്ട പണം റാവുവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. സഹോദരങ്ങളോട് കടം ചോദിച്ച റാവുവിന് ഒരു സഹോദരി 900 രൂപ നല്‍കി. ആ രൂപയില്‍ നിന്ന് ജോലി തുടങ്ങിയ റാവുവിന് ആദ്യ ദിനം തന്നെ 20000 രൂപ ലഭിച്ചു. അന്നു മുതല്‍ റാവുവിന്റെ ജീവിതം മാറിത്തുടങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോയ റാവുവിന്റെ കയ്യില്‍ 1,00,000 രൂപയുണ്ടായിരുന്നു. അതില്‍ നിന്ന് റാവുവിന്റെ സഹോദരിയുടെ വിവാഹം കഴിപ്പിച്ചു. റാവുവിന്റെ ജീവിതം മെല്ലെ മാറുകയായിരുന്നു. നഗരത്തിലേക്ക് മടങ്ങിയ റാവു കൂട്ടുകാരെക്കൂട്ടി ഒരു കമ്പനി ആരംഭിച്ചു. കമ്പനി ലാഭത്തിലുമായിരുന്നു. എന്നാല്‍ കൂടെയുള്ള ഏറ്റവും വിശ്വസ്തര്‍ തന്നെ റാവുവിനെ ചതിച്ചതോടെ റാവുവിന്റെ ജീവിതം വീണ്ടും പഴയതു പോലെയായി. ബിസിനസിലേക്ക് പോകാതെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ വീണ്ടും ഒരു കമ്പനിയില്‍ തന്നെ റാവുവിന് ജോലി നോക്കേണ്ടിവന്നു. എന്നാല്‍ ഏറെ വൈകാതെ റാവു തന്റെ മേഖല ബിസിനസാണെന്ന് തിരിച്ചറിയുകയും അത് കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തു. ഒരു വീഴ്ച വന്നതോടെ കൂടുതല്‍ ശ്രദ്ധയോടെ തനിക്ക് ബിസിനസിനെ സമീപിക്കാന്‍ കഴിയുന്നുവെന്ന് റാവു സാക്ഷ്യപ്പെടുത്തുന്നു. 20 കമ്പനികളുടെ ഉടമയായ റാവുവിന്റെ കമ്പനിയില്‍ ആയിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.